തിരുവനന്തപുരം: അധികാരം കിട്ടിയില്ലെങ്കിൽ ആളും കൊഴിയും. എൻസിപി വിട്ട് എൻസികെ രൂപീകരിച്ച മാണി.സി.കാപ്പന്റെ അനുഭവമാണിത്. എൻസികെ നേതാക്കളുടെ കൂട്ടരാജിയിൽ പ്രതികരിക്കുകയായിരുന്നു മാണി സി കാപ്പൻ. യുഡിഎഫ് അധികാരത്തിലേറുമെന്ന് പ്രതീക്ഷയിലാണ് നേതാക്കൾ കൂടെ വന്നത്. അതിനുവിപരീതമായി സംഭവിച്ചപ്പോൾ മുതൽ അപശബ്ദങ്ങളുണ്ടായിരുന്നെന്നും മാണി സി കാപ്പൻ പറഞ്ഞു.

പാർട്ടി വിട്ട എൻസികെ നേതാക്കൾ എൽഡിഎഫിലുള്ള ഏതെങ്കിലും കക്ഷിയിലേക്ക് മാറണമെന്ന് ലക്ഷ്യം വച്ചായിരിക്കണം പോയതെന്നും മാണി സി കാപ്പൻ പ്രതികരിച്ചു. ഇതുസംബന്ധിച്ച ചർച്ചകൾ നടക്കുന്നതായാണ് വിവരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻസികെ എന്ന പാർട്ടി കഴിഞ്ഞ ജൂൺ മൂന്നിന് തന്നെ പിരിച്ചുവിട്ടതാണ്. ഇപ്പോൾ ഒരു സംസ്ഥാന കൺവീനറും പതിനാല് ജില്ലകളിലെ ജില്ലാ കൺവീനർമാരും മാത്രമാണ് പാർട്ടിക്ക് ഭാരവാഹികളായുള്ളത്. കടകംപിള്ളി സുകു ആണ് സംസ്ഥാന കൺവീനർ.

ഇന്ന് നടന്ന കൺവീനർമാരുടെയും സംസ്ഥാന നേതാക്കളുടെയും നേതൃയോഗത്തിൽ യുഡിഎഫുമായി ചേർന്ന് ചില തീരുമാനങ്ങളെടുത്തിട്ടുണ്ട്. ഇതനുസരിച്ച് വരും ദിവസങ്ങളിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ നേതാക്കളുടെ ഒരു ടീം കാസർഗോഡുമുതൽ തിരുവനന്തപുരം വരെ യാത്രചെയ്യുമെന്നും മാണി സി കാപ്പൻ അറിയിച്ചു.

എൻസിപിയിൽ നിന്നും മറ്റ് പല പാർട്ടികളിൽ നിന്നും ആളുകൾ വരാമെന്ന് അറിയിച്ചിട്ടുണ്ട്. അവരെക്കൂടി ഉൾപ്പെടുത്തി പേര് രജിസ്റ്റർ ചെയ്താൽ പാർട്ടി ശക്തിപ്പെടുമെന്നാണ് കരുതുന്നത്. യുഡിഎഫിലേക്ക് വന്നത് ഒരിക്കലും നഷ്ടമായിട്ട് തോന്നുന്നില്ല. യുഡിഎഫിൽ തന്നെ ഉറച്ചുനിൽക്കും. അടുത്ത യൂഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൻസികെ എന്ന പേര് പാർട്ടിക്ക് നൽകാനാകില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പു പ്രകാരം ഡിസികെ (ഡെമോക്രാറ്റിക് കോൺഗ്രസ് കേരള), ഡിസിപി (ഡെമോക്രാറ്റിക് കോൺഗ്രസ് പാർട്ടി ) എന്നീ പേരുകളിലൊന്ന് നൽകണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. അതിൽ ഡിസികെ എന്ന പേരാണ് ആഗ്രഹിക്കുന്നതെന്നും കമ്മീഷൻ അറിയിപ്പുപ്രകരം ന്യൂഡൽഹിയിൽ വെച്ച് നടക്കുന്ന ഹിയറിംഗിലായിരിക്കും പാർട്ടിയുടെ പേര് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുക എന്നും മാണി സി കാപ്പൻ വ്യക്തമാക്കി.