- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാലായിലെ ജയത്തിന് പിന്നാലെ മാണി സി കാപ്പൻ എൽഡിഎഫിലേക്ക് പോകുന്നുവെന്ന് പ്രചാരണം; വാർത്ത പരന്നത് മുംബൈയിലെത്തി ശരദ് പവാറിന്റെ കുടുംബത്തെ സന്ദർശിച്ചതോടെ; ഇതുകിളിത്തട്ട് കളിയല്ലെന്ന് കാപ്പൻ
കോട്ടയം: പാലായിൽ നിന്ന് വിജയിച്ച മാണി സി കാപ്പൻ കഴിഞ്ഞ ദിവസം എൻസിപി നേതാക്കളെ മുംബൈയിൽ സന്ദർശിച്ചത് അഭ്യൂഹങ്ങൾക്ക് ഇടയാക്കിയിരുന്നു.ജോസ് കെ മാണിയെ അടിയറവ് പറയിച്ച കാപ്പാൻ എൽഡിഎഫിലേക്ക് പോകുന്നുവെന്നായി സംസാരം. ശസ്ത്രക്രിയ കഴിഞ്ഞ വിശ്രമിക്കുന്ന ശരദ് പവാർ സന്ദർശകരെ അനുവദിക്കാത്തതിനാൽ അദ്ദേഹത്തെ കാണാനായില്ല. സുപ്രിയ സുലെ എംപി, മുതിർന്ന എൻസിപി നേതാവ് പ്രഫുൽ പട്ടേൽ എന്നിവരെ സന്ദർശിച്ച് കാപ്പൻ മടങ്ങി.
എന്നാൽ, തന്റെ മുംബൈ സന്ദർശനം തീർത്തും വ്യക്തിപരമായിരുന്നുവെന്ന് മാണി സി കാപ്പൻ ടെലിവിഷൻ ചാനലിനോട് പറഞ്ഞു. എൻസിപി അധ്യക്ഷൻ ശരദ്പവാറുമായി നടത്തിയത് സൗഹൃദ സംഭാഷണം മാത്രമായിരുന്നുവെന്നും എൽഡിഎഫിലേക്ക് പോകുന്നുവെന്നത് അടിസ്ഥാന രഹിതമായ പ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു.
'ഒരു കേസുമായി ബന്ധപ്പെട്ടാണ് മുംബൈയിലേക്ക് പോയത്. രമേശ് ചെന്നിത്തലയോട് അനുവാദം വാങ്ങിയ ശേഷമാണ് മുംബൈയിലേക്ക് പോയത്. ശരദ് പവാറുമായി 39 വർഷത്തെ ബന്ധമുണ്ട്. ആ കുടുംബമായും. സ്വാഭാവികമായും മുംബൈയിൽ എത്തിയപ്പോൾ അദ്ദേഹത്തെ കാണാനുള്ള മര്യാദയുണ്ട്. നേരിട്ട് കാണാൻ പറ്റിയില്ല. സുപ്രിയയെ കണ്ട് സംസാരിച്ചു. ചിത്രം എടുത്തു. അങ്ങനെയാണ് ഞാൻ എൽഡിഎഫിലേക്ക് പോവുകയാണെന്ന് പ്രചരിച്ചത്. കിളിത്തട്ട് കളിയൊന്നുമല്ലല്ലോ ഇത്. യുഡിഎഫിൽ നിന്നു മത്സരിച്ചു. അതിൽ തുടരാൻ ബാധ്യസ്ഥനാണ്. അതിനെ കൂട്ടിവായിക്കേണ്ട ആവശ്യമില്ല. ഞാൻ മുഖ്യമന്ത്രിയെ പോയി കണ്ടാലും ഇതല്ലേ പറയൂ. വികസന പദ്ധതികളെ കുറിച്ച് അദ്ദേഹത്തോട് സംസാരിക്കേണ്ടതുണ്ട്. പാലായിൽ ടൂറിസം മേഖലക്ക് വലിയ സാധ്യതയുണ്ട്.- കാപ്പൻ പറഞ്ഞു.
രാഷ്ട്രീയ എതിരാളികളാണ് തന്റെ മുംബൈ സന്ദർശനത്തെകുറിച്ച് തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുന്നതെന്നും കാപ്പൻ പറഞ്ഞു. ശസ്ത്രകിയ കഴിഞ്ഞ് വിശ്രമിക്കുന്ന ശരത്പവാറിനെ കാണാൻ പോയിരുന്നെങ്കിലും അദ്ദേഹത്തെ നേരിൽ കാണാൻ സാധിച്ചില്ല. എന്നാൽ അദ്ദേഹവുമായി ഫോണിൽസംസാരിക്കാൻ സാധിച്ചു. അണുബാധ ഉണ്ടാകാനിടയുള്ളതിനാൽ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം പവാറിനെ നേരിൽ സന്ദർശിക്കുന്നതിന് വിലക്കുള്ളതിനാലാണ് നേരിൽ കാണാൻ കഴിയാതെ പോയതെന്നും കാപ്പൻ പറഞ്ഞു. അടുത്ത വ്യക്തി ബന്ധം പുലർത്തുന്ന പ്രഫുൽ പട്ടേലിനെയും സന്ദർശിച്ചിരുന്നു. വ്യക്തിബന്ധം കാത്തു സൂക്ഷിക്കുന്ന ആളാണ് താനെന്നും കാപ്പൻ വ്യക്തമാക്കി. വ്യക്തിപരമായ കാര്യങ്ങൾ വളച്ചൊടിക്കുന്ന നിലപാട് മാന്യതയ്ക്ക് ചേർന്ന നടപടിയല്ല. എൻസികെ യുഡിഎഫിലെ ഘടകകക്ഷിയാണ്. യുഡിഎഫ് നയപരിപാടികൾക്കൊപ്പം എൻസികെ പ്രവർത്തിക്കുമെന്നും മാണി സി കാപ്പൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ