തിരുവനന്തപുരം : കേരളാ കോൺഗ്രസിനെ അനുനയിപ്പിക്കാനുള്ള കോൺഗ്രസ് ശ്രമം നടക്കാനിടയില്ല. ചൊവ്വാഴ്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി. പ്രസിഡന്റ് വി എം.സുധീരൻ, ഉമ്മൻ ചാണ്ടി എന്നിവർ ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. അനുരഞ്ജനത്തിനുള്ള സാധ്യത തേടുമ്പോഴും അതിനുള്ള വഴികൾ കുറവാണെന്നതാണ് യാഥാർത്ഥ്യം. പിജെ ജോസഫും മാണിക്കൊപ്പം ഉറച്ചു നിൽക്കാനാണ് തീരുമാനം. ബിജെപിയിലേക്ക് പോകാതെ നിയമസഭയിൽ പ്രത്യേക ബ്ലോക്കായി മാണി ഇരിക്കും. ഇതിന് കേരളാ കോൺഗ്രസിലെ മുഴവൻ എംഎൽഎമാരും സമ്മതം അറിയിച്ചിട്ടുണ്ട്. ഈ രാഷ്ട്രീയ നീക്കത്തെ പ്രതീക്ഷയോടെയാണ് ഇടതുപക്ഷവും കാണുന്നത്. ന്യൂനപക്ഷങ്ങളെ അടുപ്പിക്കാൻ കെഎം മാണിയെ ഒപ്പം കൂട്ടാനാണ് സിപിഐ(എം) നീക്കവും.

പി.ജെ. ജോസഫിന് കടുത്ത തീരുമാനങ്ങളോട് വിമുഖതയുണ്ടെങ്കിലും പാർട്ടി പിളർത്താൻ അദ്ദേഹം ഒരുക്കമല്ല. പ്രത്യേക ബ്ലോക്കായി നിൽക്കുന്നതിന് പാർട്ടിയുടെ ആകെ പിന്തുണ ഉറപ്പിക്കാൻ മാണിക്കായിട്ടുണ്ട്. ഇത് അടുത്ത രാഷ്ട്രീയനീക്കം സംബന്ധിച്ച സാധ്യതകൾ തുറക്കുകയാണെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. കേരളാ കോൺഗ്രസ് തീരുമാനം ഉറപ്പിച്ചുവെന്നാണ് എല്ലാവരും കരുതുന്നു. ഈ സാഹചര്യത്തെ പരമാവധി മുതലെടുക്കാൻ ഇടതുപക്ഷം ശ്രമിക്കും. അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ മാണിയെ സഖ്യകക്ഷിയാക്കാനാകും ബിജെപിയുടെ ശ്രമം. ഉടൻ നടന്നില്ലെങ്കിലും മാണി ബിജെപി പക്ഷത്ത് വരുമെന്ന് തന്നെയാണ് എൻഡിഎ നേതാക്കളുടെ കണക്ക് കൂട്ടൽ.

അതിനിടെ കെ.എം.മാണിയുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ ഉമ്മൻ ചാണ്ടി കോൺഗ്രസ് നേതാക്കളുമായി പങ്കുവച്ചു. സമവായ സാധ്യതകളോട് ഏതാണ്ട് മുഖംതിരിച്ച് ചരൽക്കുന്ന് ക്യാമ്പ് കഴിയട്ടെയെന്ന നിലപാടാണ് മാണി സ്വീകരിച്ചതെന്ന് ഉമ്മൻ ചാണ്ടി വിശദീകരിച്ചു. ധ്യാനത്തിനുപോയ മാണി നേതാക്കൾക്ക് ബന്ധപ്പെടാനുള്ള വഴികൾ മനഃപൂർവം അടയ്ക്കുകയായിരുന്നുവെന്നും നേതാക്കൾ കരുതുന്നു. ബാർ കോഴയിൽ ഗുഡാലോചന നടത്തിയത് കോൺഗ്രസുകാരാണ്. ഇതിന് നേതൃത്വം നൽകിയത് രമേശ് ചെന്നിത്തലയാണെന്ന ഉറപ്പ നിലപാടിലാണ് കെഎം മാണി. ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി അംഗീകരിക്കില്ലെന്നും മാണി ആവർത്തിക്കുന്നു. ഇതാണ് അനുനയ ചർച്ചകൾ നടക്കില്ലെന്ന നിലപാടിലേക്ക് കോൺഗ്രസിനെ എത്തിക്കുന്നത്.

യു.ഡി.എഫ്. വിട്ട് പ്രത്യേക ബ്ലോക്കായി ഇരിക്കാൻ കേരളാ കോൺഗ്രസ് തീരുമാനിച്ചിരിക്കുകയാണെന്ന വിലയിരുത്തലിലാണ് കോൺഗ്രസ്. കൃത്യമായ ആവശ്യം കേരളാ കോൺഗ്രസ് ഉന്നയിക്കാത്തത് പ്രശ്‌നപരിഹാരം സങ്കീർണമാക്കുന്നു. നിലവിൽ പ്രശ്‌നപരിഹാരസാധ്യത കുറവായതിനാൽ ഹൈക്കമാൻഡിന്റെ ഇടപെടലും ഉണ്ടാകില്ല. അനുനയത്തിനുള്ള സാധ്യതകൾ തേടുന്നതിനാൽ കോൺഗ്രസ് നേതാക്കൾ കേരളാ കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് മറുപടി പറയാൻ തയ്യാറല്ല. അതിനിടെ മാണി ബിജെപിയിലേക്ക് പോകില്ലെന്നാണ് സൂചന. ഇതിനുള്ള സാധ്യതകളെല്ലാം അടയുകയാണ്. കേരള രാഷ്ട്രീയത്തിൽ ബിജെപിക്കൊപ്പം നിൽക്കുന്നത് ദോഷം ചെയ്യുമെന്നാണ് മാണിയുടെ വിലയിരുത്തൽ. എന്നാൽ ്‌നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കുന്ന മാണി എല്ലാ രാഷ്ട്രീയ സാധ്യതയും ഭാവിക്കായി തേടുകയും ചെയ്യും.

ബാർ കേസ് കോൺഗ്രസ് സൃഷ്ടിയാണെന്ന ആരോപണം കോൺഗ്രസ് ഖണ്ഡിക്കുകയാണ്. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ തന്നെയാണ് ബാർ കേസിൽ മാണിക്ക് ക്ലീൻ ചിറ്റ് നൽകിയത്. മാണിയെ യു.ഡി.എഫിൽ തളച്ചിടാനായിരുന്നു ബാർ കേസ് എന്നതും രമേശിന് മുഖ്യമന്ത്രിയാകാൻ കൂട്ടുനിൽക്കാഞ്ഞതിലുള്ള വിരോധമാണ് ഈ കേസിന് കാരണമെന്നുമുള്ള ആരോപണങ്ങൾ വൈരുദ്ധ്യമാണ്. കേരളാ കോൺഗ്രസിന്റെ പിന്തുണയില്ലാതെ മുഖ്യമന്ത്രിയാകാൻ പറ്റില്ലെന്നിരിക്കെ രമേശ്, മാണിയെ പിണക്കുമോയെന്ന ചോദ്യവും കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുന്നു.

അതിനിടെ കേരള കോൺഗ്രസ് യുഡിഎഫിൽ ചില പ്രശ്‌നങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നും അതുകൊണ്ടു മാത്രം കെ.എം. മാണി മുന്നണി വിട്ടു പോകുമെന്ന് കരുതുന്നില്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുന്നണിയിൽ അവർ പറഞ്ഞ പ്രശ്‌നങ്ങൾ ഗൗരവമുള്ളതാണ്. ചരൽകുന്നിൽ നടക്കുന്ന സംസ്ഥാന ക്യാമ്പ് കഴിഞ്ഞാൽ കേരള കോൺഗ്രസും യുഡിഎഫ് നേതാക്കളും തമ്മിൽ പ്രശ്‌നങ്ങൾ വിശദമായി ചർച്ച ചെയ്യും. അതുവരെ കാത്തിരിക്കാനാണ് യുഡിഎഫ് തീരുമാനിച്ചത്. കഴമ്പുള്ള കാര്യങ്ങൾ തീർച്ചയായും ചർച്ച ചെയ്തു പരിഹരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പ്രത്യാശ പ്രകടിപ്പിച്ചു. മുസ്ലിം ലീഗും അതുവരെ അനുനയ നീക്കങ്ങൾക്കില്ലെന്നതാണ് ഇത് വ്യക്തമാക്കുന്നത്. ഇതും കോൺഗ്രസിന് തിരിച്ചടിയാണ്.

അതിനിടെ മാണിയെ അനുനയിപ്പിക്കാൻ ഹൈക്കമാന്റിനെ ഇടപെടീക്കാൻ നീക്കം സജീവമാണ്. ചരൽക്കുന്ന് സമ്മേളനത്തിനു മുമ്പ് ഹൈക്കമാന്റ് കെ.എം.മാണിയുമായി സംസാരിക്കണമെന്നാണ് കേരളത്തിലെ നേതാക്കളുടെ ആവശ്യം. ഏതു വിധേയനേയും മാണിയെ യുഡിഎഫിൽ നിലനിർത്താനുള്ള നീക്കമാണ് കെപിസിസിയുടെ ഭാഗത്തുനിന്നും നീക്കം നടത്തുന്നത്. യുഡിഎഫിൻ നിന്നം വിട്ടു നിൽക്കാനുള്ള കേരളകോൺഗ്രസിന്റെ നീക്കം യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കും. നിയമസഭയിൽ പ്രത്യേക ബ്ലോക്ക് വരെ ആവശ്യപ്പെടാനുള്ള നീക്കം നടക്കുന്ന സാഹചര്യത്തിൽ മാണിയും കൂട്ടരും എൻഡിഎ മുന്നണിയിലേക്ക് ചേക്കേറാൻ സാധ്യതയുണ്ടെന്ന് കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നു.

സംസ്ഥാന കോൺഗ്രസ് നേതൃത്വവും, ഏ.കെ. ആന്റണിയും ഇടപെട്ടിട്ടും മാണി അനുനയനത്തിന്റെ പാതയിലല്ല. അതിനാൽ പ്രശ്‌ന പരിഹാരത്തിന് അടിയന്തിരമായി ഹൈക്കമാന്റിനെ ഇടപെടീക്കണമെന്നാണ് ആവശ്യം.