ലണ്ടൻ: അനാവശ്യ വിവാദങ്ങളിലൂടെ നാണക്കേടിന്റെ പുതിയ കാഴ്ചകൾ നിർമ്മിച്ച് കൊണ്ടിരിക്കുന്ന ഇന്ത്യൻ സിനിമ ലോകത്തു നിന്നും പുതിയൊരു വിവാദം കൂടി ഉയർന്നിരിക്കുന്നു. റാണി ലക്ഷ്മി ഭായിയുടെ ജീവിതം അനാവരണം ചെയ്യുന്ന മണികർണിക എന്ന സിനിമയാണ് പുതിയ വിവാദത്തിൽ.

പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പത്മാവതിക്കു അലാവുദീൻ ഖിൽജിയുമായി പ്രണയം ഉണ്ടെന്ന വിവാദം വഴി സിനിമ ഏറെക്കാലം ഇന്ത്യയിലും വിദേശത്തും വിവാദങ്ങളിൽ ജീവിച്ച ശേഷം ഒടുവിൽ പേരുമാറ്റി റിലീസ് ചെയ്തപ്പോൾ വിവാദം കൊണ്ടൊന്നും സിനിമയെ സർവകാല റെക്കോർഡിൽ എത്തിക്കാൻ കഴിയില്ല എന്ന് ബോധ്യപ്പെടുക ആയിരുന്നു. മാത്രമല്ല, സിനിമ പുറത്തു വന്നപ്പോൾ ഒട്ടേറെ നെഗറ്റീവ് റിവ്യൂകൾ പുറത്തു എത്തുകയും ചെയ്തു. അതായതു വിവാദത്തിന്റെ പേരിൽ മാത്രം സിനിമയെ പിന്തുണച്ചവർ സിനിമ കണ്ടപ്പോൾ അഭിപ്രായം മാറ്റി എന്നതാണ് വസ്തുത.

ഇത്തവണ കങ്കണ റാവത് മുഖ്യ കഥാപാത്രം ആകുന്ന മണികർണികായിൽ രൂപം കൊണ്ടിരിക്കുന്ന വിവാദത്തിൽ ബ്രിട്ടനും മുഖ്യ റോളിൽ ഉണ്ടെന്നതാണ് കൗതുകം. അധികം പഴക്കമില്ലാത്ത ചരിത്രം ആയതിനാൽ വളച്ചൊടിക്കലുകൾക്കു വലിയ സ്‌കോപ് ഇല്ലെങ്കിലും വിവാദം ഉണ്ടാക്കി സിനിമയെ മുഖ്യ ചർച്ചയയ്ക്കുകയാണോ എന്ന സന്ദേഹം പോലും ഉയർന്നിട്ടുണ്ട്. ശരാശരി സിനിമ ആയിട്ടും മലയാളത്തിലെ സർവകാല റെക്കോർഡ് ഇട്ടു ദിലീപിന്റെ രാമലീല മലയാളത്തിൽ പണം വാരിയെടുത്തത് ഇന്ത്യൻ സിനിമ മേഖലയെ ആകെ ബാധിച്ചു തുടങ്ങി എന്നാണ് ഒന്നിന് പുറകെ ഒന്നായി ഓരോ സിനിമയും വിവാദ തേരിൽ ഏറി എത്തുമ്പോൾ ഓർമ്മപ്പെടുത്തുന്നത്. റാണി ലക്ഷ്മി ഭായിക്ക് ബ്രിട്ടീഷ് സൈന്യത്തിലെ ഒരു ഏജന്റുമായി പ്രണയ ബന്ധം ഉണ്ടായിരുന്നു എന്ന വിവാദം സ്വാഭാവികമായും ബ്രിട്ടനിലും ചർച്ച ചെയ്യപ്പെടും എന്നുറപ്പാണ്.

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഉജ്ജ്വല സമര നായികാ കൂടിയായി അറിയപ്പെടുന്ന ഝാൻസിയുടെ റാണിക്ക് ബ്രിട്ടീഷ് സൈന്യത്തിലെ തന്നെ ഒരാളുമായി അടുപ്പം ഉണ്ടായിരുന്നു എന്നത് ഇന്ത്യൻ ജനതയോടുള്ള വെല്ലുവിളിയാണെന്ന് ആക്ഷേപമുയർത്തി രാജസ്ഥാനിലെ സർവ ബ്രാഹ്മിൺ മഹാസഭയാണ് പ്രക്ഷോഭവുമായി രംഗത്ത് വന്നിരിക്കുന്നത്. മുൻപ് ആഗോള വ്യാപകമായി പത്മാവതിക്കു എതിരെ പ്രക്ഷോഭം ഉയർന്നതിനെ തുടർന്ന് സുപ്രീം കോടതി തന്നെ സിനിമക്ക് സംരക്ഷണ വലയം തീർത്തിട്ടും പല സംസ്ഥാനങ്ങളിലും സിനിമ പ്രദർശിപ്പിക്കാൻ എത്തിയില്ലെന്നതും പ്രദർശനം നടന്നിടത്തു പോലും ആളുകൾ സിനിമ കാണാൻ മടികാട്ടി എന്നതും മണികർണികായുടെ അണിയറ പ്രവർത്തകരെ ആശങ്കപ്പെടുത്തുന്നുണ്ട്.

ഇതേ തുടർന്ന് സിനിമയിൽ പ്രേമ രംഗങ്ങളോ പാട്ടു സീനുകളോ ഇല്ലെന്നു സിനിമ പ്രവർത്തകർ പറയുന്നുണ്ടെങ്കിലും അത് മുഖവിലയ്ക്ക് എടുക്കാൻ പ്രക്ഷോഭകർ തയ്യാറാകുന്നില്ല. എന്നാൽ സിനിമയിൽ ഇത്തരം രംഗങ്ങൾ ഇല്ലെന്നു ഉറപ്പുവരുത്താൻ രാജസ്ഥാൻ ഗവർണർ തയ്യാറാകണം എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രക്ഷോഭം നയിക്കുന്ന സംഘടനാ പരാതി ഉയർത്തിയിരിക്കുന്നത്.

'ബാഹുബലി', 'ബജ്‌രംഗി ഭായ്ജാൻ' തുടങ്ങിയ സിനിമകൾക്കു വേണ്ടി ഗവേഷണം നടത്തിയ പ്രമുഖ ചരിത്രകാരന്മാരെ ഉൾപ്പെടുത്തിയാണ് 'മണികർണിക' സിനിമയുടെ കഥ തയ്യാറാക്കിയത്. പ്രസൂൺ ജോഷിയാണ് സിനിമയുടെ സംഭാഷണ രചന.റാണി ലക്ഷ്മി ഭായിയോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിയാണ് സിനിമയൊരുക്കുന്നതെന്നും കമൽ ജെയ്ൻ വ്യക്തമാക്കി. കങ്കണ റൗട് മുഖ്യ വേഷത്തിൽ അഭിനയിക്കുന്ന സിനിമയിൽ ഒരു തരത്തിൽ ഉള്ള പ്രണയ സീനുകളും ഇല്ലെന്നു നിർമ്മാതാവ് കമൽ ജെയ്ൻ പറയുന്നു.

ബ്രിട്ടീഷുകാരെ അണിനിരത്തി പ്രണയ സീൻ നിർമ്മിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ജയശ്രീ മിശ്രയെ പോലുള്ള എഴുത്തുകാരുടെ വിവാദ പരാമഷറപശനങ്ങളൊന്നും സിനിമയിൽ ഇല്ലെന്നും റാണി ലക്ഷ്മി ഭായിയെ മുറിവേൽപ്പിക്കുന്ന ഒരു കാര്യവും സിനിമയിൽ ഉണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പു നൽകുന്നു. നിലവിലെ ഷെഡ്യുൾ അനുസരിച്ചു ഏപ്രിലിൽ വിഷുക്കാല ചിത്രമായിട്ടാകും മണികർണിക തിയറ്റ്‌ററിൽ എത്തുക.