ന്യൂഡൽഹി: സോഷ്യൽ മീഡിയകളിൽ സ്വയം അപഹാസ്യനാകുന്ന കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി എന്ന് തിരിച്ചുവരുമെന്ന കാര്യത്തിൽ ആർക്കുമൊരു പിടിയുമില്ല. കോൺഗ്രസിന്റെ അധ്യക്ഷനാക്കാത്തതിൽ മടുത്താണ് രാഹുൽ അവധിയെടുത്ത് മുങ്ങിയതെന്ന വാർത്തകളും ഇതിനിടെ പുറത്തുവന്നിരുന്നു. രാഹുലിന്റെ തിരോധാനം ഒരുമാസത്തോളം കഴിഞ്ഞിട്ടും എവിടെയാണ് അദ്ദേഹമുള്ളതെന്ന കാര്യത്തിൽ ഇനിയും വ്യക്തത കൈവന്നിട്ടില്ല. ഒടുവിൽ ക്ഷമനഃശിച്ച കോൺഗ്രസ് നേതാക്കളും പരസ്യമായി രാഹുൽ ഗാന്ധിക്കെതിരെ രംഗത്തെത്തി.

രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനാവാൻ ആഗ്രഹിക്കുന്നുവെങ്കിലും ഇല്ലെങ്കിലും അവധി കഴിഞ്ഞ് എപ്പോൾ തിരിച്ചുവരുമെന്ന് വെളിപ്പെടുത്തണമെന്ന് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ ആവശ്യപ്പെട്ടു. രാഹുലിന് പാർട്ടി അധ്യക്ഷനാവാൻ താൽപര്യമുണ്ടെങ്കിൽ അക്കാര്യം പ്രവർത്തക സമിതിയിൽ ചർച്ച ചെയ്യും. സോണിയ ഗാന്ധിയുടെ താൽപര്യത്തിന് അനുസരിച്ച് തീരുമാനമെടുക്കുമെന്നും മണിശങ്കർ അയ്യർ പറഞ്ഞു.

രാഹുൽ ഗാന്ധി അവധി കഴിഞ്ഞ് ഇന്ന് ഓഫീസിൽ എത്തുമെന്ന് വാർത്തകളുണ്ടായിരുന്നു. രാഹുലിന്റെ മടക്കത്തിനു ശേഷം പാർട്ടി അധ്യക്ഷ പദവിയെ കുറിച്ചുള്ള ചർച്ചകൾ നടത്താനാണ് തീരുമാനം. അതേസമയം. ഏപ്രിൽ 19 ന് നടക്കുന്ന കിസാൻ റാലിയിൽ രാഹുൽ പങ്കെടുക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി ദിഗ്‌വിജയ് സിങ് ഉറപ്പു നൽകിയിട്ടുണ്ട്.

രാഹുൽ അവധിയിൽ പോയതിന് ശേഷം ഏപ്രിലിൽ ചേരാനിരുന്ന എ.ഐ.സി.സി. സമ്മേളനം മെയ് മാസത്തിൽ നടക്കുകയും രാഹുൽ ഗാന്ധിയെ പ്രസിഡന്റായി പ്രഖ്യാപിക്കുമെന്നുമുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. അദ്ധ്യക്ഷനാക്കിയാലേ മടങ്ങിവരൂ എന്ന പിടിവാശിയിലാണ് അദ്ദേഹമെന്നും അറിയുന്നു. ഏപ്രിലിൽ എ.ഐ.സി.സി. ചേരാനാണ് നേതൃത്വം ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, രാഹുൽ ഗാന്ധി ഏപ്രിൽ മധ്യത്തോടെ മാത്രമേ തിരിച്ചുവരൂ എന്നുള്ളതുകൊണ്ടാണ് സമ്മേളനം വൈകുന്നത്. ഏപ്രിൽ 20ന് പാർലമെന്റ് സമ്മേളനവും തുടങ്ങും. ഈ സമ്മേളനത്തിൽ രാഹുൽ ഗാന്ധിയുമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.