കോട്ടയം: കേരള കോൺഗ്രസ് മുന്നണി വിട്ട് ഒറ്റയ്ക്കു നിൽക്കാൻ തീരുമാനിച്ചതോടെ പാർട്ടിയുടെ ശക്തിപ്പെടുത്തൽ ലക്ഷ്യമിട്ടു കെ എം മാണി. ജംബോ കമ്മിറ്റികൾ വെട്ടിക്കുറയ്ക്കാനും വാർഡു തലത്തിൽ പാർട്ടി കെട്ടിപ്പടുക്കാനുമാണ് മുൻഗണന നൽകുക.

മിടുക്കരായ പാർട്ടി പ്രവർത്തകരെ കണ്ടെത്താനും ഈ അവസരം വിനിയോഗിക്കാനാണു കെ എം മാണിയുടെ തീരുമാനം. ഇന്നു കോട്ടയത്തു ചേരുന്ന സംസ്ഥാന സമിതി ഇക്കാര്യം ചർച്ചചെയ്യും. യുഡിഎഫ് വിട്ടതിനുശേഷം കേരള കോൺഗ്രസിന്റെ ആദ്യ സംസ്ഥാന സമിതി യോഗമാണ് ഇന്നത്തേത്.

വാർഡ് മുതൽ സംസ്ഥാനതലംവരെ ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള തീയതി ഇന്നത്തെ യോഗം തീരുമാനിക്കും. ഒറ്റയ്ക്കു ശക്തിയായി നിൽക്കാൻ കെൽപുള്ള പാർട്ടിയാക്കി പുനഃസംഘടിപ്പിക്കുന്നതിലായിരിക്കും ശ്രദ്ധ. അംഗത്വ ക്യാംപെയ്ൻ നടത്തും.

പാർട്ടിയിൽ ഇപ്പോൾ സംസ്ഥാന ജനറൽ സെക്രട്ടറിമാർ 70 പേരാണുള്ളത്. ഇതു പത്തോ പതിനഞ്ചോ ആയി കുറയ്ക്കും. ജില്ലാ കമ്മിറ്റിയിൽ ഇപ്പോൾ ജനറൽ സെക്രട്ടറിമാരുടെ എണ്ണം 35 വരെയാണ്. കൃത്യമായ കണക്കില്ല. ഇതിൽനിന്നു നാലുമുതൽ എട്ടുവരെ ജനറൽ സെക്രട്ടറിമാരാക്കി കുറയ്ക്കാനും തീരുമാനമെടുക്കും.

നിലവിൽ ആറുപേരാണ് വൈസ് പ്രസിഡന്റുമാർ. ഇത് ഒരെണ്ണം മാത്രമാക്കും. മണ്ഡലംതലത്തിൽ ജനറൽ സെക്രട്ടറിമാരുടെ എണ്ണം എണ്ണിയാലൊടുങ്ങില്ല. ഇനി അതു നാലാക്കും. ഉന്നതാധികാര സമിതിയിൽ ഇപ്പോൾ 90 പേരാണ്. അത് അൻപതുപേരിൽ ഒതുക്കണമെന്നാണു പാർട്ടി നേതൃത്വത്തിന്റെ ആഗ്രഹം.

പാർട്ടിയിൽ ചേരുന്നവർക്കെല്ലാം സ്ഥാനം കൊടുക്കുന്നതു പാർട്ടി ക്ഷീണിക്കാൻ കാരണമാകുമെന്നു ചരൽക്കുന്നിലെ ക്യാംപിൽ പരക്കെ ആക്ഷേപമുണ്ടായിരുന്നു. സ്ഥാനമില്ലാത്തതിന്റെ പേരിൽ പാർട്ടിവിട്ടു പോകുന്നവർ പോകട്ടെ എന്ന കർശന നിലപാടാണു നേതൃത്വത്തിന്.

യുഡിഎഫ് വിട്ട തീരുമാനത്തിൽ മാറ്റമില്ലെന്നും തൽക്കാലം ഒരു മുന്നണിക്കൊപ്പവും ഇല്ലെന്നും ഒന്നുകൂടി ഉറപ്പിച്ചു പറയാനും സംസ്ഥാന സമിതി തീരുമാനിക്കും. സമദൂരമെന്ന നയത്തെപ്പറ്റി വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകുന്നത് അപകടമാണെന്നു നേതാക്കളെ അറിയിക്കുകയും ചെയ്യും.

  • സ്വാതന്ത്ര്യദിനം പ്രമാണിച്ച് അവധിയായതിനാലും മറുനാടൻ മലയാളിയുടെ പുനർജന്മദിനം പ്രമാണിച്ചും മറുനാടൻ കുടുംബസംഗമം നടക്കുന്നതിനാലും വളരെ പ്രധാനപ്പെട്ട സംഭവങ്ങൾ മാത്രമേ നാളെ (15.08.2016) അപ്‌ഡേറ്റ് ചെയ്യുകയുള്ളൂ- എഡിറ്റർ