- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരുവർക്കും വിദ്യാഭ്യാസമില്ലെന്നും മറ്റ് തൊഴിലുകളിൽ പ്രാവീണ്യം ഇല്ലാത്തതിനാൽ വീണ്ടും വ്യാജ വാറ്റിലേക്ക് തിരിയാൻ ഇടയുണ്ടെന്നുമുള്ള പൊലീസ് റിപ്പോർട്ട് തള്ളിയത് സുപ്രീംകോടതി; മദ്യവ്യാപാരത്തിൽ പങ്കെടുക്കില്ലെന്ന ഉറപ്പിൽ മോചനം; മണിച്ചന്റെ സഹോദരങ്ങൽ മോചിതർ; ചേട്ടൻ ഇപ്പോഴും ജയിലിൽ; കല്ലുവാതുക്കൾ കേസിൽ രണ്ടു പേർ പുറത്തു വരുമ്പോൾ
തിരുവനന്തപുരം: കല്ലുവാതുക്കൽ വിഷമദ്യദുരന്ത കേസിലെ മുഖ്യപ്രതി മണിച്ചന്റെ സഹോദരന്മാരായ കൊച്ചനിയെന്ന മണികണ്ഠൻ, വിനോദ് കുമാർ എന്നിവർ ജയിൽമോചിതരായി. ഇരുവരെയും ഉടൻ വിട്ടയ്ക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. വിനോദ് ചീമേനി തുറന്ന ജയിലിൽനിന്നും കൊച്ചനി നെട്ടുകാൽത്തേരി തുറന്ന ജയിലിൽനിന്നുമാണ് മോചിതരായത്. കേസിൽ നാലാം പ്രതിയായിരുന്ന കൊച്ചനി, എട്ടാം പ്രതിയായിരുന്ന വിനോദ് കുമാർ എന്നിവരെ വിട്ടയയ്ക്കാൻ നേരത്തെ ഉത്തരവുണ്ടായിരുന്നെങ്കിലും 8.3 ലക്ഷം രൂപ വീതം പിഴയടയ്ക്കണമെന്ന ഉപാധി കാരണം നീണ്ടുപോയി. 20 വർഷത്തിലധികമായി ജയിലിലായിരുന്നു പ്രതികൾ.
മണിച്ചന്റെ രണ്ട് സഹോദരന്മാരെ ശിക്ഷ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് ജയിൽ മോചിപ്പിക്കുന്നതിനുള്ള ഉത്തരവിറക്കാൻ സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടത് റിട്ട. ജഡ്ജി കെ.കെ.ദിനേശൻ ചെയർമാനായ സംസ്ഥാനതല ജയിൽ ഉപദേശകസമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു. ചിറയിൻകീഴ്, ആറ്റിങ്ങൽ, പാരിപ്പള്ളി പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരുടെ എതിർപ്പ് അവഗണിച്ചാണ് ജയിൽ ഉപദേശക സമിതി പ്രതികളുടെ മോചനത്തിനുള്ള ശുപാർശ കൈമാറിയത്.
ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് ഇവരെ മോചിപ്പിക്കാൻ നിർദ്ദേശിച്ചത്. മണികണ്ഠൻ 20 വർഷവും 10 മാസവും ശിക്ഷ അനുഭവിച്ചപ്പോൾ വിനോദ് കുമാർ 21 വർഷമാണ് ശിക്ഷ അനുഭവിച്ചത്. ഓഗസ്റ്റ് 16 ന് ചേർന്ന ജയിൽ ഉപദേശക സമിതി യോഗമാണ് മോചനത്തിനുള്ള ശുപാർശ കൈമാറിയത്. ഈ ശുപാർശയിലാണ് തീരുമാനമെടുക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചത്. ശിക്ഷാ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് ഇരുവരെയും ജയിലിൽ നിന്ന് വിട്ടയക്കുന്നതിന് എതിരെ മൂന്ന് പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ നൽകിയ മറുപടി തൃപ്തികരമല്ലെന്നു ജയിൽ ഉപദേശക സമിതി വ്യക്തമാക്കിയിരുന്നു.
ഇരുവർക്കും വിദ്യാഭ്യാസമില്ലെന്നും മറ്റ് തൊഴിലുകളിൽ പ്രാവീണ്യം ഇല്ലാത്തതിനാൽ വീണ്ടും വ്യാജ വാറ്റിലേക്ക് തിരിയാൻ ഇടയുണ്ടെന്നും ആണ് പൊലീസ് ഉന്നയിച്ച പ്രധാന ആശങ്ക. എന്നാൽ ജയിലിലിന് ഉള്ളിലോ, പുറത്തോ വച്ച് ഇരുവർക്കും എതിരെ പരാതികൾ ഉണ്ടായിട്ടില്ല എന്ന് ജയിൽ ഉദ്യോഗസ്ഥരും ഉപദേശക സമിതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. പരോൾ കാലാവധി കഴിയുമ്പോൾ കൃത്യമായി തന്നെ ഇരുവരും ജയിലിൽ മടങ്ങി എത്തിയിരുന്നതായും ജയിൽ ഉദ്യോഗസ്ഥർ ഉപദേശക സമിതിയെ അറിയിച്ചിരുന്നു. ഇതാണ് നിർണ്ണായകമായത്.
ശിക്ഷാ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് ജയിൽ മോചിതനാക്കണം എന്ന മണികണ്ഠന്റെ ആവശ്യം പന്ത്രണ്ട് തവണ ജയിൽ ഉപദേശകസമിതി ഇതിന് മുമ്പ് പരിഗണിച്ചിരുന്നു്. വിനോദ് കുമാറിന്റെ അപേക്ഷ പത്ത് തവണയാണ് ജയിൽ ഉപദേശകസമിതി പരിഗണിച്ചത്. എന്നാൽ ചെയ്ത കുറ്റം ഗൗരവ്വമേറിയത് ആയതിനാൽ കാലാവധി പൂർത്തിയാകാതെ ജയിൽ മോചനം വേണ്ട എന്ന തീരുമാനമാണ് ഉപദേശക സമിതി മുൻകാലങ്ങളിൽ സ്വീകരിച്ചത്. വിനോദിന്റെ ഭാര്യ അശ്വതിയും, മണികണ്ഠന്റെ ഭാര്യ രേഖയുമാണ് ഭർത്താക്കന്മാരുടെ ജയിൽ മോചനത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്.
തുടർന്ന് ജയിൽ ഉപദേശക സമിതിയോട് തീരുമാനമെടുക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചു. മദ്യവ്യാപാരത്തിൽ ഏർപ്പെടില്ലെന്ന ഉറപ്പുവാങ്ങി ജയിൽ മോചിതരാക്കാമെന്ന നിർദ്ദേശമാണ് ജയിൽ ഉപദേശക സമിതി നൽകിയത്. ശിക്ഷ അനുഭവിച്ച കാലയളവിൽ ഇരുവരും ജയിലിൽ പ്രശ്നങ്ങളുണ്ടാക്കിയിട്ടില്ല. ഇതുവരെയുണ്ടായിരുന്ന ജീവിത രീതികൾ മാറ്റണമെന്ന ചിന്ത രണ്ടുപേരിലുമുണ്ട്. പുതിയ ജീവിതം സാധ്യമാക്കാനുള്ള അവസരം രണ്ടുപേർക്കും നൽകണമെന്നും ഉപദേശകസമിതി ശുപാർശ ചെയ്തു.
എന്നാൽ സുപ്രീംകോടതിയിൽ പോയി സർക്കാർ സാവകാശം തേടി. കാരണങ്ങൾ പറയാതെ സർക്കാർ സാവകാശം തേടുകയാണെന്നും ഇരുവരെയും 48 മണിക്കൂറിനുള്ളിൽ വിചാരണ കോടതിയുടെ നിർദ്ദേശങ്ങൾ പാലിച്ചു ജാമ്യത്തിൽ വിടാനും ആറാഴ്ചയ്ക്കകം തീരുമാനമെടുക്കാനും സുപ്രീംകോടതി സെപ്റ്റംബർ 22ന് നിർദ്ദേശിച്ചു. 24ന് രണ്ടുപേർക്കും ജാമ്യം ലഭിച്ചു. ഇതിനുശേഷം ജയിൽമോചനത്തിനുള്ള ഉത്തരവ് പുറത്തിറക്കുകയായിരുന്നു.
അതേസമയം, കേസിലെ ഏഴാം പ്രതിയായ മണിച്ചൻ ജയിലിലാണ്. ജീവപര്യന്തം തടവിനു പുറമേ 43 വർഷം തടവും മണിച്ചൻ അനുഭവിക്കണം. മുഖ്യപ്രതിയായ താത്ത എന്നറിയപ്പെടുന്ന ഹൈറുന്നിസ ശിക്ഷ അനുഭവിക്കുന്നതിനിടെ 2009ൽ കരൾരോഗം ബാധിച്ച് മരിച്ചു. മണിച്ചന്റെ ഗോഡൗണിൽനിന്നും എത്തിച്ച് ഹൈറുന്നിസയുടെ വീട്ടിൽ വിതരണം ചെയ്ത മദ്യം കഴിച്ചവരാണ് മരണപ്പെട്ടത്.
മറുനാടന് മലയാളി ബ്യൂറോ