കൊച്ചി: മലയാളി സിനിമാ പ്രേമികൾ ഒരിക്കലും മറക്കാത്ത സിനിമയാണ് ഫാസിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മണിച്ചിത്രത്താഴ്. മലയാളികൾ ഏറെ ആഘോഷിച്ച ഈ ചിത്രം പിന്നീട് പലഭാഷകളിലേക്കും റീമേക്ക് ചെയ്യുകയുണ്ടായി. ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ചിത്രമായി മണിച്ചിത്രത്താഴ് മാറിയെങ്കിലും വിവാദങ്ങൾ ഒന്നിനും പിറകേ മറ്റൊന്നായി പുറത്തുവരികയുണ്ടായി. സിനിമയിൽ നാഗവല്ലിയുടെ ശബ്ദം ഡബ്ബ് ചെയ്തത് തമിഴ് ആർട്ടിസ്റ്റ് ദുർഗ്ഗയുടേതാണെന്ന വെളിപ്പെടുത്തൽ വിവാദമായിരുന്നു. ഇത് കൂടാതെ കഥയുമായി ബന്ധപ്പെട്ട വിവാദങ്ങളും പിന്നാലെയെത്തി.

മണിച്ചിത്രത്താഴുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവിൽ പുറത്തുവന്ന വിവാദം വിജനവീഥി എന്ന തന്റെ നോവലിന്റെ പകർപ്പാണ് മണിച്ചിത്രത്താഴ് എന്ന ആരോപണമുന്നയിച്ച് നോവലിസ്റ്റ് അശ്വതി തിരുനാൾ രംഗത്തെത്തിയതാണ്. 1983ൽ പ്രസിദ്ധീകരിച്ച വിജനവീഥി എന്ന നോവലുമായി സിനിമയ്ക്ക് നിരവധി സമാനതകളുണ്ടെന്നായിരുന്നു എഴുത്തുകാരന്റെ വാദം. ഇക്കാര്യത്തിൽ ഫാസിൽ വ്യക്തത വരുത്തണമെന്ന് കോളമിസ്റ്റ് ഉഷാ എസ് നായർ കലാകൗമുദിയിൽ എഴുതിയ ലേഖനത്തിൽ ആവശ്യപ്പെടുകയുണ്ടായി. ഇതോടെ വിവാദങ്ങൾക്ക് മറുപടിയുമായി സംവിധായകൻ ഫാസിൽ എത്തി.

മണിച്ചിത്രത്താഴിന് ശേഷമാണ് തമിഴിൽ അന്ന്യൻ എന്ന സിനിമ പുറത്തിറങ്ങിയത്. എന്നാൽ, അത് മണിച്ചിത്രത്താഴിന്റെ കോപ്പിയാണെന്ന് പറഞ്ഞാൽ അംഗീകരിക്കുമോ എന്നാണ് ഫാസിൽ മറുപടിയായി ചോദിക്കുന്നത്. മണിച്ചിത്രത്താഴിന് സമാനമായി പ്രമേയങ്ങളുള്ള ചിത്രങ്ങളും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഫാസിലിന്റെ വാക്കുകൾ ഇങ്ങനെ:

മണിച്ചിത്രത്താഴ് ഇറങ്ങുന്നതിന് എത്രയോ മുമ്പാണ് ഹിച്ച്കോക്കിന്റെ സൈക്കോ ഇറങ്ങുന്നത്. ദ്വന്ദ്വ വ്യക്തിത്വമായിരുന്നു പ്രമേയം. ഞാൻ സിനിമയിൽ എത്തുന്നതിന് മുമ്പേ മലയാളത്തിൽ ചുവന്ന സന്ധ്യകൾ, രാജാങ്കണം എന്നീ സിനികമൾ ഇറങ്ങിയിരുന്നു. അതിലും ദ്വന്ദ്വവ്യക്തിത്വമായിരുന്നു പ്രമേയം. മണിച്ചിത്രത്താഴ് ഇറങ്ങി 12 വർഷത്തിന് ശേഷം അന്യൻ ഇറങ്ങി. അതിൽ മൾട്ടിപ്പിൾ പേഴ്സണാലിറ്റിയാണ് ചിത്രീകരിച്ചത്. മണിച്ചിത്രത്താഴ് വേഷം മാറിയതാണ് അന്യൻ എന്ന് പറഞ്ഞാൽ ആരെങ്കിലും സമ്മതിക്കുമോ.എന്റെ അനിയത്തിപ്രാവിൽ പ്രണയത്തെ വീട്ടുകാർ എതിർക്കുന്നു. ഇതേ പ്രമേയത്തിൽ നിരവധി സിനിമകൾ വന്നിട്ടുണ്ട്. അവയെല്ലാം ഷേക്സ്പിയറിന്റെ റോമിയോ ആൻഡ് ജൂലിയറ്റ് വേഷം മാറി വന്നതാണെന്ന് പറഞ്ഞാലോ? ബാധ ഒഴിപ്പിക്കലും പാരാസൈക്കോളജിയും മന്ത്രവാദവുമെല്ലാം കാലാകാലമായി നിലനിൽക്കുന്നുണ്ട്. അതിൽ നിന്ന് വേണ്ടതെടുത്ത് ആർക്കും ഭാവനയെ ഉണർത്താം. മധു മുട്ടത്തിന്റെ പ്രതിഭയും വൈഭവവും മറ്റൊരു തലത്തിലേക്ക് ഉയർന്നപ്പോൾ മണിച്ചിത്രത്താഴ് ഉണ്ടായി. 1960 മുതൽ സാഹിത്യലോകത്തോട് താൽപ്പര്യമുള്ള ഞാനോ മധു മുട്ടമോ വിജനവീഥി വായിച്ചിട്ടില്ല.

വിജനവീഥി'യിലെ പ്രൊഫ: വിജയാനന്ദ് എന്ന മനഃശാസ്ത്രജ്ഞനാണ് മണിച്ചിത്രത്താഴിൽ മോഹൻലാൽ അവതരിപ്പിച്ച ഡോ: സണ്ണി ആയത് എന്നതായിരകുന്നു അശ്വതി തിരുനാളിന്റെ ആരോപണം. ഗംഗ എന്ന കഥാപാത്രത്തെ ആവേശിക്കുന്നത് 'നാഗവല്ലി' ആണെങ്കിൽ എന്റെ നോവലിൽ അത് എട്ടുവീട്ടിൽ പിള്ളമാരിലെ സുഭദ്ര എന്ന സ്ത്രീകഥാപാത്രത്തിന്റെ തിരിച്ചുവരവായിരുന്നു. സത്യവ്രതൻ എന്നൊരു സംന്യാസി ഉണ്ടായിരുന്നു നോവലിൽ. അതാണ് സിനിമയിൽ തിലകൻ അവതരിപ്പിച്ച കഥാപാത്രമായത്. സുരേഷ് ഗോപിയുടേത് ഒഴികെ മറ്റെല്ലാ കഥാപാത്രങ്ങളും നോവലിൽ നിന്നുള്ളവരാണെന്നും ആരോപണം ഉന്നയിച്ചു.

നോവൽ വായിച്ചിരുന്ന സുഹൃത്തുക്കളിൽ പലരും സിനിമ ഇറങ്ങിയപ്പോഴേ ഇത് അനുകരണമാണെന്ന് പറഞ്ഞിരുന്നുവെന്നും അശ്വതി തിരുനാൾ പറഞ്ഞിരുന്നു. പക്ഷേ ആ സമയത്ത് അതൊന്നും ഗൗരവമുള്ളതായി തോന്നിയില്ല. കാരണം ഒരു പൂർണമായ ആത്മീയജീവിതത്തിലേക്ക് പ്രവേശിക്കുന്ന സമയമായിരുന്നു. പിന്നീട് ടെലിവിഷനിലാണ് ഞാൻ മണിച്ചിത്രത്താഴ് കണ്ടത്. അപ്പോൾ എനിക്കും ഇക്കാര്യം ബോധ്യമായി. പ്രിയദർശൻ എന്റെ സഹപാഠിയായിരുന്നു, ഒന്നാം ക്ലാസ് മുതൽ. മോഹൻലാലുമായും നല്ല ബന്ധമായിരുന്നു. ഇരുവരെയും സിനിമ ഇറങ്ങുന്നതിന് മുൻപ് ഒരു സ്റ്റുഡിയോയിൽ വച്ച് കണ്ടിരുന്നു. അപ്പോൾ ഫാസിൽ ആ വഴി വന്നു. മോഹൻലാൽ തന്നെ അദ്ദേഹത്തോട് പറഞ്ഞു, നമ്മൾ ചെയ്യാൻ പോകുന്ന സിനിമയ്ക്ക് ഇദ്ദേഹത്തിന്റെ നോവലുമായി വലിയ സാമ്യമുണ്ടെന്ന കാര്യം ഫാസിലിനോട് സൂചിപ്പിച്ചിരുന്നുവെന്നും അശ്വതി തിരുന്നാൾ വ്യക്തമാക്കുന്നു.