രാജ്യത്തെ ഏക കമ്യൂണിസ്റ്റ് സംസ്ഥാനമായ ത്രിപുരയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം. ത്രിപുര നിയമസഭയിൽ പ്രസംഗിക്കാൻ മോദിയെ ക്ഷണിച്ചത് മറ്റാരുമല്ല, ഇന്ത്യയിൽ അവശേഷിക്കുന്ന ഏക സിപിഐ(എം). മുഖ്യമന്ത്രിയായ മണിക് സർക്കാർ. സദ്ഭരണമെന്ന മോദിയുടെ ലക്ഷ്യത്തിലൂന്നി നിയമസഭയിൽ പ്രസംഗിക്കാനാണ് പാർട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മണിക് സർക്കാർ മോദിയെ ക്ഷണിച്ചത്. ത്രിപുര മുഖ്യന്റെ അപ്രതീക്ഷിത നീക്കത്തെ പല മേഖലകളിലുള്ളവരും സ്വാഗതം ചെയ്യുമ്പോൾ, ആശങ്കയോടെയാണ് ഈ നീക്കത്തെ സിപിഐ(എം) കാണുന്നത്.

സംസ്ഥാനങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ രാഷ്ട്രീയം കലർത്തില്ലെന്ന് മോദി നേരത്തെതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിട്ടും ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മോദിക്ക് നല്ല സ്വീകരണമല്ല ലഭിച്ചിരുന്നത്. അതിനൊരപവാദമായാണ് ത്രിപുര മുഖ്യമന്ത്രിയുടെ നീക്കം വിശേഷിപ്പിക്കപ്പെടുന്നത്. രാഷ്ട്രീയമല്ല, സംസ്ഥാനത്തിന്റെ വികസനമാണ് മുഖ്യമെന്ന് മണിക് സർക്കാർ പ്രഖ്യാപിക്കുകയാണ് ഇതിലൂടെ.

അഗർത്തലയിൽനിന്ന് 70 കിലോമീറ്റർ അകലെയുള്ള പലത്താനയിലെ വൈദ്യുതി നിലയത്തിന്റെ രണ്ടാം യൂണിറ്റ് ഉദ്ഘാടനം ചെയ്യുന്നതിനായാണ് മോദി ത്രിപുരയിലെത്തുന്നത്. ഉദ്ഘാടനത്തിനുശേഷം മണിക് സർക്കാരിന്റെ മന്ത്രിസഭാംഗങ്ങളെ മോദി കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തിന്റെ വികസനം സംബന്ധിച്ച കാഴ്ചപ്പാടുകൾ മന്ത്രിസഭാംഗങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിക്കും.

1998 മുതൽ ത്രിപുരയുടെ മുഖ്യമന്ത്രിയാണ് മണിക് സർക്കാർ. നാലാം തവണയാണ് അദ്ദേഹം ഇപ്പോൾ അധികാരത്തിലിരിക്കുന്നത്. മോദിയെ നിയമസഭയിലേക്ക് പ്രസംഗിക്കാൻ ക്ഷണിച്ചുവെങ്കിലും, അദ്ദേഹത്തിന്റെ നടപടികളിലുള്ള എതിർപ്പ് മണിക് മാറ്റിവച്ചിട്ടുമില്ല. ഗ്രാമീണ തൊഴിൽ പദ്ധതിയിൽ വരുത്തിയ മാറ്റങ്ങൾ തന്റെ സംസ്ഥാനത്തിന് തിരിച്ചടിയാകുമെന്ന് അദ്ദേഹം രേഖാമൂലം പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു.

ഓഗസ്റ്റിൽ ഡൽഹിയിൽ സിപിഐ(എം) കേന്ദ്ര കമ്മറ്റിക്കെത്തിയപ്പോൾ മണിക് സർക്കാർ പ്രധാനമന്ത്രിയെ ഫോണിൽ വിളിച്ചിരുന്നു. അതൊരു സ്വാഭാവിക വിളി മാത്രമാണെന്നായിരുന്നു മണിക് വ്യക്തമാക്കിയത്. ത്രിപുരയുടെ കാര്യങ്ങൾ സംസാരിക്കാൻ മോദിയെ താൻ വീണ്ടും വിളിക്കുമെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു.

പശ്ചിമബംഗാളിലും കേരളത്തിലും സിപിഐ(എം) അധികാരത്തിൽനിന്ന് പുറത്താക്കപ്പെട്ടിട്ടും കൂടുതൽ മോടിയോടെ സിപിഎമ്മിനെ അധികാരത്തിൽ നിലനിർത്താൻ മണിക് സർക്കാരിന് കഴിഞ്ഞിരുന്നു. 2013-ലെ തിരഞ്ഞെടുപ്പിൽ അമ്പത് ശതമാനത്തിലേറെ വോട്ട് നേടിയ ഇടതുപക്ഷം ഇവിടെ 60-ൽ 50 സീറ്റും സ്വന്തമാക്കി. രാജ്യത്തെ ഏറ്റവും പാവപ്പെട്ട മുഖ്യമന്ത്രി കൂടിയാണ് മണിക് സർക്കാർ. കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് നൽകിയ സത്യവാങ്മൂലം അനുസരിച്ച് മണിക്കിന്റെ കൈയിലുള്ളത് വെറും 1080 രൂപ മാത്രമാണ്. ബാങ്ക് അക്കൗണ്ടിലുള്ളത് 9720 രൂപയും!