കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം പേട്ടയിലൂടെ രജനികാന്തും വിജയ് സേതുപതിയും ഒരുമിച്ചെത്തുകയാണ്. ചിത്രത്തിൽ പ്രധാന വേഷത്തിൽ മലയാളത്തിൽ നിന്നും മണികണ്ഠൻ ആചാരിയും അഭിനയിക്കുന്നുണ്ട്. ചെറിയ വേഷമാണെങ്കിലും സൂപ്പർസ്റ്റാറിനൊപ്പം ചെയ്യാൻ കഴിഞ്ഞെന്ന സന്തോഷത്തിലാണ് താരം. രജനിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മണികണഠൻ എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

സൺ പിക്ച്ചേർസ് പ്രൊഡ്യൂസ് ചെയ്യുന്ന കാർത്തിക് സുബ്ബരാജ് സാറിന്റെ സംവിധാനത്തിൽ സൂപ്പർസ്റ്റാർ രജനി സാറിനു ഒപ്പം ചെറുതെങ്കിലും ഒരു വേഷം ചെയ്യാൻ കഴിഞ്ഞു. അതിനേക്കാൾ ഉപരി കാർത്തിക് സുബ്ബരാജ് എന്ന സംവിധായകന്റെയും രജനിസാറിന്റെയും വ്യക്തിഗത മികവുകളും, തൊഴിലിനോടുള്ള ആത്മാർത്ഥതയും എല്ലാം നേരിട്ട് കണ്ടു അനുഭവിക്കാൻ കഴിഞ്ഞു.

രജനി സർ എന്ന സൂപ്പർസ്റ്റാർ എന്തുകൊണ്ട് ഇപ്പോഴും സൂപ്പർസ്റ്റാർ ആയി നിൽക്കുന്നു എന്ന സത്യം നേരിട്ട് കണ്ടു അനുഭവിച്ചു. സമയത്തിൽ കൃത്യത, വിനയം, പിന്നെ സംവിധായകനോട് സംശയങ്ങൾ ചോദിച്ചും സംവിധായകൻ പറഞ്ഞു കൊടുക്കുന്നത് കേൾക്കാനും മടി കാണിക്കാതെ എത്ര വൈകിയാലും യാതൊരു വിധ ബുദ്ധിമുട്ടുകളും മുഖത്തു കാണിക്കാതെ ഇപ്പോഴും ഒരു ഇരുപതു വയസ്സുകാരന്റെ എനർജി സൂക്ഷിച്ചു ചെയുന്ന രജനി സർ ഒരു വലിയ പാഠപുസ്തകം തന്നെയാണ്. ആ പാഠപുസ്തകം മുഴുവനും വായിക്കാൻ പറ്റിയിലെങ്കിലും നേരിട്ട് കാണാനും കൂടെ അഭിനയിക്കാനും പറ്റിയത് ദൈവാനുഗ്രഹം ആയി ഞാൻ കാണുന്നു. എന്നെ ഇവിടെ വരെ എത്തിച്ച എന്റെ ഗുരുക്കന്മാരെയും എല്ലാ മലയാളി,സിനിമ പ്രേക്ഷകർക്കും ഞാൻ എന്നും കടപെട്ടവനായിരിക്കും. നന്ദി

കമ്മട്ടിപ്പാടം എന്ന ചിത്ത്രിലൂടെ പ്രേക്ഷകരുടെ ഇഷ്ടനടനായി മാറിയ ആളാണ് മണികണ്ഠൻ ആചാരി. മലയാളത്തിൽ നിന്നും തമിഴിലേക്കുള്ള നടന്റെ അരങ്ങേറ്റ ചിത്രമാണ് രജനിയെ നായകനാക്കി കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന പേട്ടയിലൂടെ.രജനിയും കാർത്തിക് സുബ്ബരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് പേട്ട. വിജയ് സേതുപതിയാണ് ചിത്ത്രതിൽ വില്ലനായി എത്തുന്നത്. സിമ്രാനും പേട്ടയിൽ പ്രധാനപ്പെട്ടൊരു വേഷം കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ ഫസ്റ്റ്ലുക്കിന് വലിയ വരവേൽപ്പായിരുന്നു ആരാധകർക്കിടയിൽ ലഭിച്ചത്.