- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓച്ചിറയിൽ ഭിക്ഷ എടുത്ത് നടന്ന സഹോദരനും സഹോദരിയും; മാതാപിതാക്കളെ അറിയാത്ത മണികണ്ഠനിൽ ചിൽഡ്രൻസ് ഹോം സൂപ്രണ്ട് കണ്ടെത്തിയത് കാൽപ്പന്തു കളിയിലെ ചാരുത; റയൽ മാഡ്രിഡ് കഥയൊരുക്കി പണം തട്ടി വിരുതന്മാരും; അനാഥ ബാലനെ പറ്റിച്ചവർക്കെതിരെ വിജിലൻസ് അന്വേഷണം; ഇത് സമാനതകളില്ലാത്ത ഫുട്ബോൾ തട്ടിപ്പ്
കൊല്ലം: ഫുട്ബോളിൽ ഇന്ത്യയ്ക്ക് കാര്യമായ റോളില്ലെങ്കിലും മലയാളിക്ക് അതൊരു വികാരമാണ്. അർജന്റീനയ്ക്കും ബ്രസീലിനുമൊപ്പം പന്തു തട്ടുന്നവർ. മെസിയേയും റൊണാൾഡോയേയും നെഞ്ചിലേറ്റുന്നവർ. ഇംഗ്ലീഷ് പ്രിമിയർ ലീഗും സ്പാനിഷ് ലീഗും ഫ്രഞ്ച് ലീഗും ഉറക്കമിളച്ച് കാണുന്നവർ. ഈ മനസ്സ് തിരിച്ചറിഞ്ഞും കേരളത്തിൽ തട്ടിപ്പുകാർ.
റൊണാൾഡോ കളിച്ച ടീമാണ് സ്പെയിനിലെ റയൽ മഡ്രിഡ്. കേരളത്തിൽ ഏറെ പരിശീലകരുള്ള ടീം. ഈ റയൽ മാഡ്രിഡിൽ ഫുട്ബോൾ പരിശീലനം വാഗ്ദാനം ചെയ്ത് അനാഥ ബാലനെ പറ്റിച്ചത് സമാനതകളില്ലാത്ത തട്ടിപ്പാണ്. സർക്കാർ നൽകിയ ഏഴര ലക്ഷവും നാട്ടുകാരിൽ നിന്നു പിരിച്ചതും ഉൾപ്പെടെ 10 ലക്ഷം രൂപ തട്ടിച്ചതിനെപ്പറ്റിയാണ് വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തുന്നത്. സമാനതകളില്ലാത്ത തട്ടിപ്പിൽ പ്രാഥമിക തെളിവുകൾ കിട്ടിയെന്നാണ് സൂചന.
ഓച്ചിറയിൽ ഭിക്ഷാടന മാഫിയയിൽനിന്നു ശിശു സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി ഏഴാമത്തെ വയസ്സിൽ കൊല്ലം ചിൽഡ്രൻസ് ഹോമിൽ എത്തിച്ച ആർ.മണികണ്ഠനെയാണ് ചതിച്ചത്. ഫുട്ബോൾ സ്വപ്നങ്ങളുമായി നടന്ന കുരുന്നിനെ എല്ലാ അർത്ഥത്തിലും പറ്റിച്ചു. മണികണ്ഠൻ പരിശീലനത്തിനു റയൽ മഡ്രിഡിലേക്കു പോകുന്നുവെന്ന വിവരം 3 വർഷം മുൻപു വലിയ വാർത്തയായിരുന്നു. എന്നാൽ ഇതൊരു തട്ടിപ്പായിരുന്നുവെന്നാണ് ഉയരുന്ന സൂചന. പണം പോയതു മാത്രം മിച്ചം.
18 വയസ്സ് പൂർത്തിയായ മണികണ്ഠന് ഇനി അവിടെ പ്രവേശനം കിട്ടുമോയെന്നും സംശയം. പരിശീലന ഫീസ് എന്ന പേരിൽ 10 ലക്ഷം രൂപ ഈടാക്കിയ കൊല്ലത്തെ സ്വകാര്യ ഫുട്ബോൾ അക്കാദമി അധികൃതരെക്കുറിച്ച് ഒരു വിവരവുമില്ല. 18 വയസ്സ് പൂർത്തിയായപ്പോൾ ചിൽഡ്രൻസ് ഹോം വിടേണ്ടി വന്ന മണികണ്ഠൻ ഇപ്പോൾ തീരദേശ പൊലീസ് എഎസ്ഐ: ഡി. ശ്രീകുമാർ നടത്തുന്ന നീണ്ടകരയിലെ മദർഹുഡ് ചാരിറ്റി മിഷന്റെ സംരക്ഷണയിലാണ്. മണികണ്ഠൻ തന്നെയാണു വിജിലൻസിനു പരാതി നൽകിയത്. മണികണ്ഠന്റെ മൂത്ത സഹോദരി കൊല്ലത്തെ ആഫ്റ്റർ കെയർ ഹോമിന്റെ തണലിലാണ്.
ചിൽഡ്രൻസ് ഹോമിലെ അന്തേവാസിയായിരിക്കെ, ശിശുക്ഷേമ സമിതിയും ബാലാവകാശ കമ്മിഷനും പിന്തുണയുമായെത്തിയതോടെ മണികണ്ഠൻ നഗരത്തിലെ യൂത്ത് ക്ലബ്ബിൽ പരിശീലനത്തിനു ചേർന്നു. ഒരിക്കൽ ചെന്നൈയിൽ പരിശീലനത്തിനു കൊണ്ടുപോയപ്പോഴാണ് അവിടുത്തെ പരിശീലന കേന്ദ്രത്തിന്റെ സഹായത്തോടെ സ്പെയിനിലേക്ക് അയയ്ക്കാമെന്ന വാഗ്ദാനം അക്കാദമി ഉടമ മുന്നോട്ടുവച്ചത്. ഇതിനായി സർക്കാർ ഏഴര ലക്ഷം രൂപ അനുവദിച്ചു. പിരിവെടുത്ത് 2.5 ലക്ഷം കൂടി സംഘടിപ്പിച്ച് അക്കാദമിക്കു കൈമാറി. 3 വർഷം കഴിഞ്ഞിട്ടും നടപടിയില്ല. പണം അടച്ചതിനോ റയൽ മഡ്രിഡുമായുള്ള കരാറിനോ രേഖകളുമില്ല.
ഒരു തവണ വീസ അപേക്ഷ തള്ളിയെന്നും കേരളത്തിലെ പ്രളയവും കോവിഡും മൂലമാണു പിന്നീട് അപേക്ഷിക്കാൻ കഴിയാതിരുന്നതെന്നുമാണ് അക്കാദമി അധികൃതർ പറഞ്ഞത്. എന്നാൽ താൻ വഴി 3 ലക്ഷം രൂപ മാത്രമാണു മണികണ്ഠനു വേണ്ടി റയൽ മഡ്രിഡിൽ അടച്ചതെന്നു ചെന്നൈ അക്കാദമി ഉടമ പറയുന്നു.
ഓച്ചിറയിൽ ഭിക്ഷാടനത്തിനിടെയാണ് ഏതാനും വർഷം മുൻപ് മണികണ്ഠനെയും സഹോദരിയെയും ചൈൽഡ് പ്രൊട്ടക്ഷൻ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. തുടർന്ന് ഇരുവരും കൊല്ലം ചിൽഡ്രൻസ് ഹോമിൽ എത്തുകയായിരുന്നു. മാതാപിതാക്കൾ ആരെന്നറിയാതെ ഇവർ ചിൽഡ്രൻസ് ഹോമിൽ വളർന്നു. ചിൽഡ്രൻസ് ഹോമിലെ സൂപ്രണ്ടാണ് മണികണ്ഠനിലെ കാൽപ്പന്ത് കളിക്കാരനെ തിരിച്ചറിഞ്ഞത്. കളിയിൽ അസാമാന്യപാടവം പ്രകടിപ്പിച്ച മണികണ്ഠനെ സൂപ്രണ്ട് തന്നെ നേരിട്ട് കൊല്ലം ഫാത്തിമ മാതാ കോളജ് ഗ്രൗണ്ടിൽ പരിശീലനത്തിന് സൗകര്യമൊരുക്കിക്കൊടുക്കുകയായിരുന്നു.
പിന്നീട് മണികണ്ഠൻ ഫുട്ബോളിൽ സ്വപ്നങ്ങൾ കണ്ടു തുടങ്ങി. ചെന്നൈ പ്രൊഫഷണൽ ഫുട്ബോൾ പ്ലസ് അക്കാദമിയിലൂടെ കുട്ടികളുടെ വിഭാഗത്തിൽ ഐ ലീഗ് ക്യാംപിലെത്തി. മണികണ്ഠന്റെ കഴിവ് തിരിച്ചറിഞ്ഞ ഇവിടുത്തെ വിദേശ പരിശീലകരാണ് റയൽ മാഡ്രിഡിന്റെ ഒരു മാസത്തെ പരിശീലനത്തിന് അവസരം ഒരുക്കിയത്. ഐ ലീഗ് ജൂനിയർ തലത്തിൽ ചെന്നൈ ഫുട്ബോൾ പ്ലസ് സോക്കർ അക്കാദമിയിലെ മികവാണ് മണികണ്ഠന് സാന്റിയാഗോ ബെർണാബുവിലേക്കുള്ള ടിക്കറ്റ് നൽകാമെന്നി് ഉറപ്പ് നൽകിയത്. എന്നാൽ കൊല്ലത്തുള്ളവർ ഇത് തട്ടിപ്പിനുള്ള സാധ്യതയാക്കി മാറ്റിയെന്നാണ് സംശയം.
മറുനാടന് മലയാളി ബ്യൂറോ