തിരുവനന്തപുരം : ആറ്റിങ്ങൽ ആലങ്കോട് ചാത്തൻപാറയിൽ തട്ടുകട നടത്തിയിരുന്ന മണിക്കുട്ടനും കുടുംബവും ആത്മഹത്യ ചെയ്തത് ഭക്ഷ്യസുരക്ഷാ വകുപ്പ് അരലക്ഷം രൂപ പിഴചുമത്തിയ് കാരണമാണെന്ന പ്രചാരണം തെറ്റ്. അയ്യായിരം രൂപ പിഴയാണ് ചുമത്തുകയും മണികണ്ഠൻ ഈ തുക അടയ്ക്കുകയും ചെയ്തു. പണമടച്ചതിന്റെ തെളിവ് ലഭിച്ചു.

ഇതോടെ യഥാർത്ഥ മരണകാരണം തേടുകയാണ് പൊലീസ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് ചാത്തൻപാറയിലെ തട്ടുകടയ്ക്ക് നോട്ടീസ് നൽകിയത്. നേരത്തെ രണ്ടുവട്ടം ഈ കടയ്ക്ക് ലൈസൻസ് എടുക്കാൻ നോട്ടീസ് നൽകിയെങ്കിലും എടുത്തിരുന്നില്ല. വൃത്തിഹീനമായ സാഹചര്യം കണ്ടെതോടെ ഇനി ലൈസൻസ് എടുത്താൽ മാത്രമേ പ്രവർത്തിക്കൂവൂയെന്ന് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി.

ചൊവ്വാഴ്ച പരിശോധന നടത്തിയ ഉദ്യോഗസ്ഥർ അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ എത്തണമെന്ന നോട്ടീസാണ് നൽകിയത്. നോട്ടീസ് കൈപ്പറ്റിയ മണികണ്ഠൻ വ്യാഴാഴ്ച തൈക്കാട് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിലെത്തി. അയ്യായിരം രൂപ പിഴ അടച്ചു. 100 രൂപയുടെ ലൈസൻസാണ് തട്ടുകൾക്ക് എടുക്കേണ്ടത്. വാർഷിക വരുമാനം 12 ലക്ഷത്തിൽ കൂടുതലുള്ള കടകൾക്ക് 2000 രൂപയുടെ ലൈസൻസും.

വ്യാഴാഴ്ച ഓഫീസിലെത്തി മണികണ്ഠൻ ഭാവിയിൽ പ്രശ്‌നമുണ്ടാകാതിരിക്കാൻ 2000 രൂപയുടെ ലൈസൻസിന് അപേക്ഷിച്ചു. തുടർന്ന് കട തുറക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തിയതായാണ് വിവരം. നിയമം അനുശാസിക്കുന്ന നടപടികളെല്ലാം വേഗത്തിൽ പൂർത്തിയാക്കിയ വ്യക്തി പിറ്റേദിവസം അതേ കാരണത്താൽ അത്മഹത്യ ചെയ്യേണ്ടതില്ലെന്നാണ് ഇപ്പോൾ പൊലീസും വിലയിരുത്തുന്നത്. ഭാര്യയെയും രണ്ട് മക്കളെയും അമ്മയുടെ സഹോദരിയെയും വിഷം നൽകി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യചെയ്യാൻ മാത്രം ഈ വിഷയം കാരണമാകില്ലെന്ന് പൊലീസ് ഉറപ്പിക്കുന്നു.

ഇന്ന് രാവിലെയാണ് ചാത്തൻപറ ജംഗ്ക്ഷനിൽ തട്ടുകട നടത്തുന്ന കുട്ടൻ എന്ന് വിളിക്കുന്ന മണിക്കുട്ടൻ (52), ഭാര്യ സന്ധ്യ, മക്കളായ അജീഷ് (15), അമേയ (13), മണിക്കുട്ടന്റെ മാതൃസഹോദരി ദേവകി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഷവർമ്മയും മീനും ഉൾപ്പെടെ കഴിച്ച് ആളുകൾ മരണപ്പെടുത്ത് നിത്യസംഭവമായതോടെയാണ് സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശേധന കടുപ്പിച്ചത്.

എല്ലാ ജില്ലകളിലും വ്യാപക പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്. അഞ്ചംഗ കുടുംബത്തിന്റെ മരണത്തിന് ഭക്ഷ്യസുരക്ഷാ വകുപ്പ് കാരണമായെന്ന തരത്തിൽ പ്രചാരണം ഉണ്ടായാൽ പരിശോധനകൾ നിലയ്ക്കും. അത് പല ഹോട്ടലുകൾക്കും സഹായകരമാകും.