ങ്കണ റണൗട്ട് പ്രധാന വേഷത്തിലെത്തുന്ന ചിത്രം മണികർണിക : ദി ക്വീൻ ഓഫ് ജാൻസിയുടെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. കങ്കണയുടെ വേറിട്ട വേഷം കൊണ്ട് ശ്രദ്ധേയമായ ഇതുവരെ കണ്ടത് ഒരു കോടിയിലധികം പേരാണ്.

'ഏതൊരു രാജ്യത്തിനും ഒരു ഹീറോ ഉണ്ടാവും. ഏതൊരു ഇതിഹാസത്തിന് പിന്നിലും അതിന്റേതായ പാരമ്പര്യം ഉണ്ടാവും. ഇന്ത്യൻ സ്ത്രീത്വത്തിന്റെ അടയാളം. നമ്മുടെ സ്വാതന്ത്ര്യത്തിന്റെ പോരാളി. ഝാൻസിയുടെ റാണി- മണികർണിക' എന്നാണ് ടീസറിൽ അമിതാബ് പറയുന്നത്.കങ്കണയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാവാൻ സാധ്യതയുള്ള റാണി ലക്ഷ്മി ഭായിയെ അധികരിച്ചുള്ള ചിത്രം അടുത്ത വർഷം ജനുവരി 25ന് തീയേറ്ററുകളിലെത്തും.

ക്രിഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സഹനിർമ്മാണം കമാൽ ജെയിൻ, നിഷാന്ത് പിട്ടി എന്നിവർ ചേർന്നാണ്. ബ്രിട്ടീഷ് ഭരണത്തിനെതിരേ 1857ൽ റാണി ലക്ഷ്മി ഭായി നയിച്ച യുദ്ധമാണ് ചിത്രത്തിന് ആധാരം. അങ്കിത ലോഖൻഡെ, ജിഷു സെൻഗുപ്ത, അതുൽ കുൽക്കർണി, സോനു സൂദ്, സുരേഷ് ഒബ്റോയി എന്നിവർ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ക്രിഷ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം സീ സ്റ്റുഡിയോസും കമൽ ജെയിനും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. താന്തിയാ തോപിയായി അതുൽ കുൽക്കർണിയും സദാശിവിന്റെ വേഷത്തിൽ സോനു സൂഡും ജൽകരാബിയായി അങ്കിത ലോഹൻഡേയും ചിത്രത്തിൽ വേഷമിടുന്നു.

ടീസറിലെ കങ്കണയുടെ ദൃശ്യങ്ങൾ പലതും ആകാംക്ഷ ജനിപ്പിക്കുന്നവയാണെന്നാണ് സോഷ്യൽ മീഡിയയുടെ പ്രതികരണം. ടീസർ ശ്രദ്ധിക്കപ്പെട്ടതിനൊപ്പം തന്നെ, ടീസറിലെ കങ്കണയുടെ മുഖഭാവം ഒറ്റദിവസം കൊണ്ട് സമൂഹമാധ്യമങ്ങളുടെ പ്രിയപ്പെട്ട ട്രോൾ മെമായും മാറായിരിക്കുകയാണ്.

മുഖത്തും പല്ലിലുമെല്ലാം ചോരപ്പാടുകളുമായി നിൽക്കുന്ന കങ്കണയുടെ മുഖഭാവത്തിന്റെ മെം ആണ് ട്രോളന്മാർ ഏറ്റെടുത്ത് ആഘോഷമാക്കിയിരിക്കുന്നത്. റൂട്ട് കനാൽ സർജറിക്കിടെയുള്ള ഒരു ദൃശ്യം എന്ന രീതിയിലുള്ള തമാശകളും ട്രോളുകളും നിറയുകയാണ് സോഷ്യൽ മീഡിയയിൽ. നിക്കോളാസ് കേജ്, ഷാരൂഖ് ഖാൻ എന്നിവരുമായി കങ്കണയെ താരതമ്യപ്പെടുത്തുന്ന ട്രോളുകളും സുലഭമാണ്.