- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി കെ ജയലക്ഷ്മി ജയിക്കേണ്ടത് കാലഘട്ടത്തിന്റെയും നാടിന്റെയും ആവശ്യം; മാനന്തവാടി നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് പിന്തുണയുമായി ബിജെപി സ്ഥാനാർത്ഥിത്വം നിരസിച്ച സി. മണികണ്ഠൻ
മാനന്തവാടി: മാനന്തവാടി നിയോജക മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ പി.കെ. ജയലക്ഷ്മിക്ക് പിന്തുണയുമായി ബിജെപി സ്ഥാനാർത്ഥിത്വം നിരസിച്ച സി. മണികണ്ഠൻ. ജയലക്ഷ്മി ജയിക്കേണ്ടത് കാലഘട്ടത്തിന്റെയും നാടിന്റെയും ആവശ്യമാണന്ന് സി.മണികണ്ഠൻ പറഞ്ഞു. ജയലക്ഷ്മിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുത്ത ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മണികണ്ഠൻ.
താൻ എം.ബി.എ. പഠനം പൂർത്തിയാക്കിയിട്ടും ഫീസ് തീർത്തടക്കാൻ പണമില്ലാതെ ബുദ്ധിമുട്ടിയപ്പോൾ മന്ത്രിയായിരുന്ന ജയലക്ഷ്മി മുൻകൈ എടുത്താണ് രണ്ട് ലക്ഷത്തോളം രൂപ അടച്ചതെന്നും അങ്ങനെയാണ് തനിക്ക് എം.ബി. എ സർട്ടിഫിക്കറ്റ് ലഭിച്ചതെന്നും പറഞ്ഞപ്പോൾ മണി കണ്ഠൻ വികാരാധീനനായി. ഭാര്യയോടും കുടുംബാംഗങ്ങളോടുമൊപ്പമാണ് മണികണ്ഠൻ ജയലക്ഷ്മിയോട് നന്ദി പറഞ്ഞത് .പാണ്ടിക്കടവിൽ പണിയ സമുദായത്തിലെ ദമ്പതികളുടെ വിവാഹത്തിൽ ജയലക്ഷ്മിപങ്കെടുത്തപ്പോൾ ആവേശത്തോടെയാണ് ഗ്രാമവാസികൾ എതിരേറ്റത്.
നിയോജക മണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഉള്ളതിനാൽ വിജയപ്രതീക്ഷയിലാണ് താനെന്നും കുപ്രചരണങ്ങൾക്ക് മാനന്തവാടിയിലെ ജനങ്ങൾ മറുപടി നൽകുമെന്നും ജയലക്ഷ്മി പറഞ്ഞു. ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ തന്നെ ഉൾപ്പെടുത്തിയതിനെതിരെ മണികണ്ഠൻ രംഗത്തെത്തിയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ മാനന്തവാടിയിലെ സ്ഥാനാർത്ഥിയായി ബിജെപി പ്രഖ്യാപിച്ച മണിക്കുട്ടൻ സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറിയിരുന്നു. ബിജെപി ദേശീയ നേതൃത്വമാണ് മണികണ്ഠൻ എന്ന മണിക്കുട്ടനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. തുടർന്ന് സ്നേഹപൂർവം അവസരം നിരസിക്കുകയാണെന്ന് മണിക്കുട്ടൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. പണിയ വിഭാഗത്തിന് കിട്ടിയ അംഗീകാരമായി കാണുന്നെങ്കിലും രാഷ്ടീയ താത്പര്യങ്ങളില്ലാത്തയാളാണ് താനെന്ന് മണിക്കുട്ടൻ പറഞ്ഞു. തെരഞ്ഞെടുപ്പിലേക്ക് കടക്കാൻ താത്പര്യമില്ലാത്തതിനാലാണ് പിന്മാറുന്നതെന്നും മണിക്കുട്ടൻ കൂട്ടിച്ചേർത്തു.
"തെരഞ്ഞെടുപ്പ് മേഖലയിലേക്ക് പോകാൻ താൽപര്യപ്പെടുന്നില്ല. അതിനാൽ ഈ സ്ഥാനാർത്ഥിത്വം സന്തോഷപൂർവം നിരസിക്കുന്നു. ഞാൻ കാരണം മനോവിഷമം ഉണ്ടാക്കിയെങ്കിൽ ജില്ലാ, സംസ്ഥാന, കേന്ദ്ര നേതൃത്വത്തോട് ക്ഷമ ചോദിക്കുന്നു," മണിക്കുട്ടൻ വിഡിയോ സന്ദേശത്തിൽ പറഞ്ഞു. "ഈ കാണുന്ന വിളക്കു കാലിൽ തലകീഴായി എന്നെ കെട്ടിത്തൂക്കിയാലും ഞാനെന്റെ ജനതയെ ഒറ്റുകൊടുക്കില്ല," - എന്ന ഡോ.ബി.ആർ അംബേദ്കറിന്റെ വാചകങ്ങളുംഅദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ