- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
മാണിക്യമലരായ പൂവി എന്ന വിവാദഗാനം മനോഹരമായ മാപ്പിളപ്പാട്ടിന്റെ ചലച്ചിത്രാവിഷ്ക്കാരം; അതിൽ മതനിന്ദ കാണുന്നവർ ഗാനരംഗം കാണാത്തവരും ചരിത്രബോധമില്ലാത്തവരും; കാളപെറ്റു എന്ന് കേട്ടാൽ ഉടൻ കയറെടുക്കുമ്പോൾ സംഭവിക്കുന്നത്
മാണിക്യമലരായ പൂവി എന്ന ഗാനവും ഒരു അഡാർ ലൗ എന്ന സിനിമയുടെ ടീസറും യുട്യൂബിലും ഇൻസ്റ്റാഗ്രാമിലും തരംഗം സൃഷ്ടിക്കുന്നുവെന്നറിഞ്ഞപ്പോൾ നല്ല സന്തോഷം തോന്നി. നമ്മൾ മലയാളികൾക്കും ലോകത്തിന്റെ മുമ്പിൽ ചിലതൊക്കെ ചെയ്തു കാണിക്കാൻ കഴിയും എന്നൊരു തോന്നൽ ഉണ്ടായി. നേരത്തെ ജിമിക്കിക്കമ്മൽ തകർത്തപ്പോഴും ഇതേ വികാരമായിരുന്നു. നമ്മുടെ ചില എഴുത്തുകാരുടെ കൃതികൾ വായിക്കുന്നുമ്പോൾ, ഇതൊന്നും ലോക സാഹിത്യത്തിൽ ശ്രദ്ധിക്കപ്പെട്ടില്ലല്ലോ എന്ന് തോന്നാറുണ്ട്. മലയാള ഭാഷ ഉപയോഗിക്കുന്നവർ എണ്ണത്തിൽ കുറഞ്ഞതാണ് ആ ക്രുതികളുടെ പരിമിതി. പൊറ്റക്കാടിന്റെയും എം ടിയുടെയും ഉൾപ്പെടെ പലരുടെയും കൃതികൾക്കു കിട്ടേണ്ടിയ അംഗീകാരങ്ങൾ കിട്ടിയിട്ടില്ല. മലയാളികൾ കൊണ്ടാടിയ പെരുമ്പടവം ശ്രീധരന്റെ ' ഒരു സങ്കീർത്തനം പോലെ 'യും ബെന്ന്യാമിന്റെ ' ആടുജീവിതം ' പോലെയും ഉള്ള കൃതികൾക്ക് ലോകസാഹിത്യനഭസ്സിൽ ശോഭിക്കുവാൻ കഴിയാതെ പോയത് നമ്മുടെ ഭാഷയുടെ പരിമിതിയാണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഈ ലേഖകൻ. എന്നാൽ ഇന്റർനെറ്റിന്റെ വരവോടു സംഗീതത്തിനു ഭാഷയുടെ പരിമിതികൾക്കു
മാണിക്യമലരായ പൂവി എന്ന ഗാനവും ഒരു അഡാർ ലൗ എന്ന സിനിമയുടെ ടീസറും യുട്യൂബിലും ഇൻസ്റ്റാഗ്രാമിലും തരംഗം സൃഷ്ടിക്കുന്നുവെന്നറിഞ്ഞപ്പോൾ നല്ല സന്തോഷം തോന്നി. നമ്മൾ മലയാളികൾക്കും ലോകത്തിന്റെ മുമ്പിൽ ചിലതൊക്കെ ചെയ്തു കാണിക്കാൻ കഴിയും എന്നൊരു തോന്നൽ ഉണ്ടായി. നേരത്തെ ജിമിക്കിക്കമ്മൽ തകർത്തപ്പോഴും ഇതേ വികാരമായിരുന്നു.
നമ്മുടെ ചില എഴുത്തുകാരുടെ കൃതികൾ വായിക്കുന്നുമ്പോൾ, ഇതൊന്നും ലോക സാഹിത്യത്തിൽ ശ്രദ്ധിക്കപ്പെട്ടില്ലല്ലോ എന്ന് തോന്നാറുണ്ട്. മലയാള ഭാഷ ഉപയോഗിക്കുന്നവർ എണ്ണത്തിൽ കുറഞ്ഞതാണ് ആ ക്രുതികളുടെ പരിമിതി. പൊറ്റക്കാടിന്റെയും എം ടിയുടെയും ഉൾപ്പെടെ പലരുടെയും കൃതികൾക്കു കിട്ടേണ്ടിയ അംഗീകാരങ്ങൾ കിട്ടിയിട്ടില്ല. മലയാളികൾ കൊണ്ടാടിയ പെരുമ്പടവം ശ്രീധരന്റെ ' ഒരു സങ്കീർത്തനം പോലെ 'യും ബെന്ന്യാമിന്റെ ' ആടുജീവിതം ' പോലെയും ഉള്ള കൃതികൾക്ക് ലോകസാഹിത്യനഭസ്സിൽ ശോഭിക്കുവാൻ കഴിയാതെ പോയത് നമ്മുടെ ഭാഷയുടെ പരിമിതിയാണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഈ ലേഖകൻ.
എന്നാൽ ഇന്റർനെറ്റിന്റെ വരവോടു സംഗീതത്തിനു ഭാഷയുടെ പരിമിതികൾക്കുപരി വളരുവാൻ കഴിയുന്നുണ്ട്. ആ വസ്തുതയാണ് നമ്മുടെ ജിമിക്കിക്കമ്മലും മാണിക്യമലരായതും തെളിയിച്ചു തന്നത്.
മാണിക്യമലരായ പൂവി എന്ന ഗാനത്തിന് എതിരെ ഹൈദരാബാദിൽ പൊലീസ് കേസ് ഉണ്ടായി എന്ന് കേട്ടപ്പോൾ സത്യത്തിൽ ദുഃഖം തോന്നി, നമ്മുടെ നാടിന്റെ പോക്ക് ശരിയല്ല എന്ന തോന്നൽ കുറച്ചു നാളായിട്ടു ഉണ്ട്. എന്തിലും ഏതിലും വർഗ്ഗീയത കാണുന്ന ഒരു സമൂഹമായി നാം രൂപാന്തിരപ്പെട്ടിരിക്കുന്നു. ഇങ്ങനെ പോയാൽ ഇവിടെ ഒരു സിനിമക്കും രക്ഷ ഇല്ലാത്ത കാലം വരും. എസ് ദുർഗ്ഗ എന്ന സിനിമയോട് ഇവിടുത്തെ ഭരണവർഗ്ഗമാണ് പക നടത്തിയത്.പിന്നെ പത്മാവത് എന്ന സിനിമയോട് ഒരു സംഘടന കാട്ടിയ എതിർപ്പിന് അനേക സംസ്ഥാന സർക്കാരുകൾ പിന്തുണയേകി, അതാതു സംസ്ഥാനങ്ങളിൽ സിനിമ നിരോധിക്കുവാൻ ഉത്തരവുകൾ ഇറക്കി. ഒടുവിൽ സുപ്രിം കോടതി രംഗത്തെത്തിയതിനാൽ ആണ് പത്മാവത് എന്ന സിനിമ ഇവിടെ റിലീസ് ആയതു. പല സംസ്ഥാനങ്ങളിലും അക്രമം ഭയപ്പെട്ടു തീയറ്റേറുകൾ സിനിമ പ്രദര്ശിപ്പിക്കുവാൻ തയ്യാറായതുമില്ല.എന്നാൽ ആ ചിത്രത്തിൽ കൊട്ടി ഘോഷിക്കപ്പെട്ടതു പോലെ യാതൊന്നും ഇല്ലായിരുന്നുവെന്നതാണ് സത്യം.
കാലം പുരോഗമിക്കുമ്പോൾ വിവരവും വിവേകവും വർദ്ധിക്കുമെന്നാണ് വിവക്ഷ. എന്നാൽ കാര്യങ്ങൾ തിരിച്ചാണ് നടക്കുന്നത്. കേരളത്തിൽ തന്നെ ആമി എന്ന ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് വർഗ്ഗീയതയും ആയി ബന്ധപ്പെട്ട വിവാദചർച്ചകൾ ശക്തമായിരുന്നു. ആമി റിലീസ് ആയിക്കഴിഞ്ഞപ്പോൾ വർഗ്ഗീയവിഷയം കെട്ടടങ്ങിയെങ്കിലും മറ്റു തരത്തിലുള്ള വിവാദങ്ങൾ കൊഴുക്കുന്നുമുണ്ട്.
എഴുപതുകളിൽ ഇങ്ങനെയായിരുന്നില്ല നാം, അന്ന് പ്രകോപനം ഉണ്ടാകുവാൻ സാദ്ധ്യതയുള്ള പല വിഷയങ്ങൾ വച്ച് ഇവിടെ സിനിമ ഉണ്ടായിട്ടൂണ്ട്. എം ടി വാസുദേവൻ നായർ തിരക്കഥയെഴുതി, നിമ്മാണവും സംവിധാനവും നിർവ്വഹിച്ച ചലച്ചിത്രമാണു് 1973ൽ പുറത്തിറങ്ങിയ നിർമ്മാല്യം. അതുപോലെ 1975 ൽ പത്മരാജൻ തിരക്കഥയെഴുതി ഭരതൻ സംവിധാനം ചെയ്ത സിനിമയാണ് പ്രയാണം. പ്രയാണത്തിന്റെനിർമ്മാതാവും ഭരതൻ തന്നെയായിരുന്നു.പ്രകോപനപരമായ വിഷയങ്ങൾ ഉണ്ടായിരുന്ന ഈ ചിത്രങ്ങളെ മലയാളി യാതൊരു അസഹിഷ്ണതയും കാണിക്കാതെ സ്വീകരിച്ചു. ഇന്നായിരുന്നുവെങ്കിൽ ഈ ചിത്രങ്ങളുണ്ട് ടീസറുകൾ പോലും പുറത്തിറക്കാൻ കഴിയില്ലായിരുന്നു.
മലയാളിയുടെ ചലച്ചിത്രങ്ങളോടുള്ള അസഹിഷ്ണത ആരംഭിക്കുന്നത് 1988ൽ ആയിരുന്നു. അന്ന് പുറത്തറങ്ങിയ സത്യൻ അന്തിക്കാട് സംവിധാനം നിർവ്വഹിച്ച ' പൊന്മുട്ടയിടുന്ന താറാവ് ' എന്ന ചിത്രത്തിനോടായിരുന്നു,ആദ്യഎതിർപ്പ് . ആ ചിത്രത്തിന് ആദ്യം നൽകിയ പേര് ' പൊന്മുട്ടയിടുന്ന തട്ടാൻ' എന്നായിരുന്നു. അതിനെതിരെ ഒരു വിഭാഗം എതിർപ്പുതുമായി വന്നപ്പോൾ ചലച്ചിത്രത്തിന്റെ പേര് മാറ്റുവാൻ നിർമ്മാതാക്കൾ തയ്യാറാകുകയായിരുന്നു .
ഒരു അഡാർ ലൗ എന്ന ചിത്രത്തിലേക്ക് തിരിച്ചു വരാം. ഈ ചിത്രത്തിലെ ഒരു ഗാനമാണ് ചുരുങ്ങിയ ദിവസം കൊണ്ട് ലോകപ്രശസ്തമായതും അതേ വേഗത്തിൽ വിവാദച്ചുഴിയിൽ അകപ്പെട്ടതും .വിവാദമായപ്പോൾ ആ ഗാനവും അതിന്റെ വിവാദവശങ്ങളും ഒന്ന് പരിശോധിക്കുവാൻ ഈ ലേഖകൻ ശ്രമിച്ചു. അതിൽ നിന്നുമാണ് ഈ കുറിപ്പ് രൂപപ്പെട്ടത്.
ഒരു അഡാർ ലൗ എന്ന ചിത്രത്തിലെ മാണക്യമലരായ പൂവി എന്നാരംഭിക്കുന്ന ഗാനത്തിന്റെ നാൾവഴികൾ ഇതാണ്. ഒരു വെറും സാധാരണക്കാരനായ വ്യക്തിയാണ് ശ്രി പി എം എ ജബ്ബാർ. അദ്ദേഹം 1978 ൽ രചിച്ച ഒരു മാപ്പിളപ്പാട്ടു ആണ് പ്രസ്തുത ഗാനം. അദ്ദേഹത്തിന്റെ ബന്ധുവും കേരളാ മാപ്പിളപ്പാട്ട് അക്കാദമിയുടെ നേതാവും ആയ ശ്രി തലശ്ശേരി റാഫിഖ് ആണ് ഈ ഗാനത്തിന് സംഗീതം നൽകി ആദ്യമായി പാടിയത്. ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാർ ലൗ എന്ന ചിത്രത്തിനു വേണ്ടി ഷാൻ റഹ്മാൻ സംഗീതം നിർവ്വഹിച്ച്, വിനീത് ശ്രീനിവാസൻ പാടിയ ഗാനമാണ് ഇപ്പോൾ വിവാദത്തിൽ ആയത്.
വളരെ സൂക്ഷമമായി പരിശോധിച്ചിട്ടും ഈ ഗാനത്തിൽ യാതൊരു മതനിന്ദയും കാണുവാൻ ഈ ലേഖകന് കഴിഞ്ഞില്ല. ആദ്യം ഗാനത്തിന്റെ വരികൾ പരിശോധിക്കാം. (വരികൾ ചുവടെ നൽകുന്നു) അതിൽ മതനിന്ദക്ക് പകരം പ്രവാചകന് മംഗളം നേരുകയാണ്. പ്രവാചകനാകുന്നതിനു മുമ്പ് റസ്സൂൽനബിയും ഖദീജ ബീവിയുമായുള്ള വിവാഹത്തിന് മംഗളം നേർന്നു കൊണ്ടുള്ള വരികളാണ് ഈ ഗാനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതു.
അവരുടെ വിവാഹത്തിലേക്ക് നയിക്കുന്ന സംഭവവികാസങ്ങൾ വളരെ ചുരുങ്ങിയ വാക്കുകളിൽ മനോഹരമായി അവതരിപ്പിച്ചിരിക്കുകയാണ് ഇവിടെ ജബ്ബാർ എന്ന ഗാനരചയിതാവ്. വളരെ മനോഹരങ്ങളായ വാക്കുകൾ കാവ്യഭംഗിയോട് ആണ് അവതരിപ്പിച്ചിരിക്കുന്നത്.അതുകൊണ്ടു മാത്രമാണ് 40 വർഷം പിന്നിട്ട ഈ ഗാനം കാലത്തെ അതിജീവിച്ചു ഇന്നും നിലനിൽക്കുന്നത്.
ലോകം മുഴുവനും അംഗീകരിക്കുന്ന വസ്തുതയാണ് നബിയും ഖദീജയുമായുള്ള ദാമ്പത്യജീവിതം. അതിന്റെ രത്‌നച്ചുരുക്കം ഇതാണ്. അനാഥനും എന്നാൽ അത്യധികം ആത്മാർത്ഥതയും വിശ്വസ്തതയും നീതിബോധവും വച്ച് പുലർത്തിയിരുന്ന യുവാവായ റസ്സൂലിനെ, മക്കയെന്ന നഗരത്തിൽ വസിച്ചിരുന്ന പ്രശസ്തയായ ഖദിജാബീവി തന്റെ വ്യാപാരകാര്യങ്ങളുടെ ഒരു പ്രധാനചുമതലക്കാരൻ ആക്കി. പ്രശസ്തമായ ഖുറൈശി വംശത്തിൽ നീതിബോധമുള്ള ഒരു പിതാവിന്റെ പുത്രിയായ ജനിച്ച ഖദീജ അത്യധികം നീതിബോധവും മനുക്ഷ്യത്വവും ഉള്ള അതീവസുന്ദരിയായ ഒരു മഹിളാരത്‌നം ആയ്യിരുന്നു ഖദീജ പതിനഞ്ചാം വയസ്സിൽ വിവാഹിതയായി, രണ്ടു പെൺകുട്ടികൾകൾക്ക് ജന്മം നൽകിയതിന് ശേഷം ഭർത്താവ് മരണമടഞ്ഞു . തുടർന്ന് നടന്ന വിവാഹജീവിതവും അധികം നാൾ നീണ്ടു നിന്നില്ല. രണ്ടാം ഭർത്താവും മരണമടഞ്ഞു. ആ ബന്ധത്തിൽ ഒരു പുത്രൻ ജനിച്ചിരുന്നു. തുടർന്നും വിവാഹജീവിതത്തിനായി നിർബന്ധിക്കപ്പെട്ട ഖദീജ തനിക്കു വിവാഹജീവിതം വേണ്ടായെന്നു വച്ച് കുടുംബവ്യപാരങ്ങളിൽ മുഴുകിയിരുന്നു.ഖദീജായുടെ കച്ചവടവസ്തുക്കളുമായി സിറിയയിൽ വ്യാപാരം നടത്തിയ റസ്സൂൽ വലിയ ലാഭങ്ങൾ ഖാദിജായ്ക്കു നേടിക്കൊടുത്തപ്പോൾ,തന്റെ ഭൃത്യൻ മൈസറയിൽ നിന്നും റസുലിനെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിയുവാൻ ഖദീജ ഒരു ശ്രമം നടത്തി. മൈസറയിൽ നിന്നും റസ്സൂലിന്റെ സ്വഭാവശ്രേഷ്ടത മനസ്സിലാക്കിയ ഖദീജ റസ്സൂലിനെ ഇഷ്ടപ്പെടുവാൻ തുടങ്ങി. കച്ചവടത്തിൽ അളവററ ലാഭം ലഭിച്ചെങ്കിലും ഖദീജയെ ഹഠാദാകർഷിച്ചത് റസ്സൂലിന്റെ വ്യക്തിത്വമായിരുന്നു. ഖദിജയ്ക്കു, അദ്ദേഹത്തിന്റെ സ്വഭാവഗുണങ്ങൾ വളരെയധികം ഇഷ്ടപ്പെട്ടു.
അദ്ദേഹത്തെ ഭർത്താവായി കിട്ടണമെന്ന് ആഗ്രഹിച്ച ഖദിജ ആ വിവരം തന്റെ തോഴിയായ നഫീസ ബിൻത് മുനബ്ബഹിനോട് അറിയിച്ചു. ഖദിജയുടെ ഭയം, 40 വയസുള്ള തന്നെ കേവലം 25 വയസ്സ് മാത്രമുള്ള റസുൽ തിരസ്‌കരിക്കുമെന്നായിരുന്നു,എന്നാൽ അങ്ങനെയൊന്നും സംഭവിക്കില്ല എന്ന് ഉറപ്പു കൊടുത്ത നഫീസ റസുലിന്റെയരികിൽ നിന്നും വിവാഹസമ്മതം വാങ്ങിയിട്ടാണ് പിന്നീട് ഖദിജയെ കണ്ടത്.തുടർന്ന് വീട്ടുകാരുടെയും പ്രമാണികളുടെയും ഉപദേഷ്ടാക്കമാരുടെയും അംഗീകാരത്തോടെയുള്ള വിവാഹം കേമമായി നടന്നു.
ഇത് ഒരു ചരിത്രസത്യം ആണ്, ഈ വസ്തുതയോടു 100% നീതി പുലർത്തിയാണ് പി എം എ ജബ്ബാർ ഗാനരചന നിർവഹിച്ചിരിക്കുന്നത്,ഒരു ഗാനരചയിതാവ് കൂടിയായ എനിക്ക് അദ്ദേഹത്തോട് അസൂയ തോന്നുന്നുണ്ട്.ഒരു വലിയ ചരിത്രവസ്തുത ഇത്രയും കുറഞ്ഞ വരികളിൽ കാവ്യഭംഗിയോട് നിർവ്വഹിച്ച ആ മനുഷ്യനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. കൂടാതെ മാപ്പിളപ്പാട്ടിന്റെ ഈണം നൽകിയ തലശ്ശേരി റാഫിഖ് അഭിനന്ദനം അർഹിക്കുന്നു. മാപ്പിളപ്പാട്ടിന്റെ എല്ലാ ഗരിമയും ലാളിത്യവും ഉൾക്കൊണ്ടുള്ള അതിമനോഹരമായ ഒരു ഈണമാണ് അദ്ദേഹം നൽികിയതു. സിനിമയിൽ രാഗം പകർന്ന ഷാൻ റഹ്മാനും പാടിയ വിനീതും നന്നായി ചെയ്തിരിക്കുന്നു. എല്ലാം നന്നായിരിക്കുന്നു പിന്നെ എവിടെയാണ് കുഴപ്പം?
വരികളുടെ കുഴപ്പം ആയിരുന്നുവെങ്കിൽ 40 വർഷമായിട്ടു ഈ ഗാനം ശ്രവിച്ച മലയാളി മുസ്ലിംസമൂഹം അത് അംഗീകരിക്കുമോ? നമ്മുടെ നാട്ടിലെ മുസ്ലിം പണ്ഡിതർ ഒരു മതനിന്ദ വച്ച് പുലർത്തുവാൻ സമ്മതിക്കുമോ, ഒരിക്കലും ഇല്ല, നല്ല ചരിത്രവബോധം ഉള്ളവരാണ് നമ്മുടെ ആൾക്കാർ അതുകൊണ്ടു തന്നെ ഇവിടെ ഒരു കുഴപ്പവും ഉണ്ടായില്ല.
പി എം എ ജബ്ബാർ രചിച്ച ആ ഗാനത്തിന്റെ മുഴുവൻ വരികളും ഇവിടെ കൊടുക്കുന്നു. യൂട്യൂബിലെ മാപ്പിള പാട്ടു കേട്ട് എഴുതിയതാണ്,തെറ്റ് വല്ലതും ഉണ്ടെങ്കിൽ പൊറുക്കുക. പ്രസ്തുത വരികൾ വായിച്ചു നോക്കൂ, ഒരു പ്രശ്‌നവും ഉള്ളതായി കാണുന്നില്ല. ഇനിയും തർജ്ജമയാണോ പ്രശനം എന്നറിയില്ല. ചില സമയങ്ങളിൽ അങ്ങനെയും സംഭവിക്കാറുണ്ട്,ഒരു ഭാഷയിൽ നിന്നും മറ്റൊരു ഭാഷയിലേക്കു തർജ്ജുമ ചെയ്യുമ്പോൾ മൂലഭാഷയുടെ അതേ ആശയം കിട്ടിയില്ലെന്നു വരാം. ഇതൊന്നും സൂക്ഷ്മപരിശോധന നടത്തി മനസ്സിലാക്കുവാൻ? ആർക്കും സമയമില്ലല്ലോ, കാള പെറ്റു എന്ന് കേട്ടാൽ ഉടൻ കയറെടുക്കുകയാണല്ലോ വർഗ്ഗീയവാദികളുടെ ശൈലി.
മാപ്പിളപ്പാട്ട്: മാണിക്യമലരായ പൂവി
ഗാനരചന: പി എം എ ജബ്ബാർ
സംഗീതം: തലശ്ശേരി റഫിഖ്
മാണിക്യമലരായ പൂവി
മഹതിയാം ഖദീജാബീവി
മക്കയെന്ന പുണ്ണ്യനാട്ടിൽ
വിലസ്സിടും നാരി... വിലസ്സിടും നാരി
.......മാണിക്യമലരായ പൂവി
ഹാദി മുന്നമ്പിയെ വിളിച്ചു
കച്ചവടത്തിനയച്ചു
കണ്ടനേരം ഖൽബിനുള്ളിൽ
മോഹമുദിച്ചു
കച്ചവടവും കഴിഞ്ഞു
മുത്ത് റസൂലവന്നു
കല്ല്യാണാലോചനക്കായി
ബീവി തുനിഞ്ഞു....ബീവി തുനിഞ്ഞു
.......മാണിക്യമലരായ പൂവി
തോഴിയെ ബീവി വിളിച്ചു
കാര്യമെല്ലാമറിയിച്ചു
മാന്യനാമബുതാലിബിന്റെ
അരികിലയച്ചു ........
കല്ല്യാണക്കാര്യമാണ്
ഏറ്റവും സന്തോഷമാണ്
കാര്യമാബുതാലിബിനും
സമ്മതമാണ്...സമ്മതമാണ്
.......മാണിക്യമലരായ പൂവി
ബീവി ഖദീജാബിയന്നു
പുതുമണവാട്ടി ചമഞ്ഞു
മുത്തുനബിയുള്ള പുതു
മാരൻ ചമഞ്ഞു
മന്നവന്റെ കല്പനയാൽ
മംഗല്ല്യനാളും പുലർന്ന്
മാതൃകരാം ദമ്പതിയിൽ
മംഗളം നേർന്നു....മംഗളം നേർന്നു
.......മാണിക്യമലരായ പൂവി
ഞാൻ മനസ്സിലാക്കിയിടത്തോളം, കാതലായ പ്രശ്‌നം ഇതൊന്നും അല്ല. പ്രിയ വാര്യർ ചെയ്ത കണ്ണിറുക്കലും മറ്റും, അതിനു കിട്ടിയ പബ്ലിസിറ്റിയും ആണ് പ്രശനം. ഒരു മതവുമായി ബന്ധപ്പെട്ട ഗാനത്തിൽ അത് പാടുണ്ടോയെന്നതാണ് പലരുടെയും സന്ദേഹം. എന്നാൽ പാട്ടിലെ വരികൾക്ക് അനുസൃതമായ കാഴ്ചകൾ നൽകുന്ന ഗാനരംഗങ്ങൾ ഇന്നത്തെ ഏതെങ്കിലും സിനിമയിൽ ഉണ്ടോ ?
സിനിമാഗാനങ്ങൾ ഇന്ത്യൻ സിനിമയുടെ ഒരു അനിവാര്യത ആണ്. അത് ഇഷ്ട്ടപ്പെടുന്നവരെ തൃപ്തിപ്പെടുത്താൻ പുട്ടിനു തേങ്ങാപ്പീര എന്നപോലെ ചില രംഗങ്ങളിൽ അങ്ങ് ഇടിച്ചു കയറ്റുന്നുവെന്നു മാത്രം. ഇന്നത്തെ ഒരു പാട്ടിലും വരികൾക്കു അനുസരിച്ചുള്ള സീനുകൾ ഇല്ലായെന്ന് ഉറപ്പായും പറയാൻ സാധിക്കും. അതൊക്കെ കഥകളിയിലും മോഹനിയാട്ടത്തിലുമൊക്കെയെ കാണുവാൻ കഴിയുള്ളു. അടുത്ത കാലത്തു ലോകം മുഴുവൻ നെഞ്ചിലേറ്റിയ നമ്മുടെ ജിമിക്കിക്കമ്മലുകൾ എന്ന ഗാനം അരിച്ചു് പെറുക്കിയാൽ പോലും ജിമിക്കിയും കാണില്ല, ബ്രാണ്ടിയും കാണില്ല.
ഇന്ന് വിവാദം ഉണ്ടാക്കുന്നവരിൽ നല്ലൊരു ശതമാനം പേരും ഒരു അഡാർ ലൗ എന്ന ചിത്രത്തിലെ ആ ഗാനരംഗം മുഴുവൻ കണ്ടിട്ടില്ലായെന്നു നിസ്സംശയം പറയാം. കാരണം ആ ഗാനം മൊത്തം കണ്ടവർക്ക് അതിലെ ഗാനരംഗങ്ങൾ പാട്ടിനോട് തീർത്തും നീതി പുലർത്തുന്നതായി മനസ്സിലാക്കുവാൻ കഴിയും. ഒരു സെക്കണ്ടറി സ്‌കൂളിലെ പൊതുപരിപാടിയിൽ;ചിലപ്പോൾ കലോത്സവം ആകാം; അവതരിപ്പിക്കുന്ന ഒരു ഗാനവും ആ സമയത്തു കുട്ടികൾ കാണിക്കുന്ന പ്രതികരണങ്ങളും മാത്രേമേ അതിൽഉള്ളു. പണ്ട് മുതലേ നമ്മുടെ കാമ്പസുകൾ കാട്ടികൂട്ടുന്ന തമാശത്തരങ്ങളിൽ ചിലതു മാത്രമാണിത്. സ്‌കൂളിലും കോളേജുകളിലും പോയിട്ടുള്ളവർക്കു അതൊക്കെ നന്നായി മനസ്സിലാക്കുവാനും എൻജോയ് ചെയ്യുവാനും സാധിക്കും. പലർക്കും അത് നൊസ്റ്റാൾജിയ ഉളവാക്കും. സത്യത്തിൽ ആ കുട്ടികൾ വളരെ മനോഹരമായിട്ടു ആണ് അതിൽ അഭിനയിച്ചിരിക്കുന്നത്. അതിലെ ആ നിരാശാകാമുകന്റെ കൊതിക്കെറുവ് ഞാൻ നന്നായി ആസ്വദിച്ചു. കയ്യടി കൊടുക്കേണ്ടിയ രീതിയിൽ സംവിധായകനും, അഭിനയിച്ച കുട്ടികളും ഉയർന്നപ്പോൾ ലോകം അത് നെഞ്ചിലേറ്റി. പ്രിയയും റോഷനും ജനകോടികളുടെ മനസ്സിൽ കുടിയേറി. അത് ഇനി ഒരു മതമൗലികവാദികൾ വിചാരിച്ചാലും മാറ്റാവുന്നതല്ല. കഴിവ് തെളിയിക്കുന്നവരെ ലോകം അംഗീകരിക്കും,അതൊരു പ്രകൃതിനിയമം ആണ്.
ഇന്നത്തെ നമ്മുടെ രാജ്യത്തിന്റെ സ്ഥിതി വളരെ കഷ്ടമാണ് നാം ഇന്ന് ജാതിയുടെയും മതത്തിന്റെയും കളിപ്പാവകൾ ആയി മാറിക്കൊണ്ടിരിക്കുകയാണ്. ജാതി മത കാർഡുകൾ ഇറക്കിയാൽ മാത്രമേ പല രാഷ്ട്രീയകക്ഷികൾക്കും ഇവിടെ നിലനിൽപ്പുള്ളൂ. അവർ അതിട്ടു കളിച്ചു കൊണ്ടിരിക്കും, എന്നാൽ നാം അതിനെ അതിജീവിക്കണം. മലയാളികൾ പൊതുവെ ഈ കളിയിൽ നിന്നും വേറിട്ട് നിൽക്കുന്നവരായിരുന്നു. എന്നാൽ പല തീവ്രവാദസംഘടനകളും ഇവിടെ വേര് പിടിച്ചു കഴിഞ്ഞു. അതിന്റെ പൊരുത്തക്കേടുകൾ ഇവിടെയും കാണാനുണ്ട്. നാം മലയാളികൾ മറ്റുള്ളവരുടെ കളിപ്പാവകൾ ആകാതെ നമ്മുടെ വ്യക്തിത്വം കാത്തു പരിപാലിക്കണം.