- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'മ്യാന്മർ പൗരന്മാർക്ക് ഭക്ഷണമോ താമസസ്ഥലമോ നൽകരുത്'; വ്യപക പ്രതിഷേധം ഉയർന്നതോടെ വിവാദ ഉത്തരവ് പിൻവലിച്ച് മണിപ്പൂർ സർക്കാർ; തദ്ദേശ സ്ഥാപനങ്ങൾക്കും ജനങ്ങൾക്കും നൽകിയ നിർദ്ദേശം തെറ്റായി വ്യാഖ്യാനിച്ചെന്ന് വിശദീകരണം
ഗുവാഹത്തി: ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന മ്യാന്മർ പൗരന്മാർക്ക് ഭക്ഷണമോ താമസസ്ഥലമോ നൽകരുതെന്ന വിവാദ ഉത്തരവ് പ്രതിഷേധം ഉയർന്നതോടെ പിൻവലിച്ച് മണിപ്പൂർ സർക്കാർ. മാർച്ച് 26 ന് പുറപ്പെടുവിച്ച ഉത്തരവിനെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നുവരുന്നതിനിടെയാണ് നടപടി നിർത്തിവെക്കുന്നതായി സർക്കാർ അറിയിച്ചത്.
അട്ടിമറിയിലൂടെ പട്ടാളം ഭരണം പിടിച്ചെടുത്ത മ്യാന്മറിൽ നിന്നുള്ള അഭയാർത്ഥികൾക്ക് ഭക്ഷണമോ താമസിക്കാൻ സ്ഥലമോ നൽകരുതെന്നായിരുന്നു ഉത്തരവിൽ മണിപ്പൂർ സർക്കാർ പറഞ്ഞിരുന്നത്. തദ്ദേശ സ്ഥാപനങ്ങളും ജനങ്ങൾക്കുമായാണ് ഉത്തരവിറക്കിയിരുന്നത്.
ഗുരുതരമായി പരിക്കേറ്റവർക്കോ അല്ലെങ്കിൽ മാനുഷിക പരിഗണന വെച്ചോ വൈദ്യസഹായം നൽകാൻ മാത്രമാണ് ഉത്തരവ് പ്രകാരം അനുമതിയുണ്ടായിരുന്നത്.
കത്തിലെ ഉള്ളടക്കങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയും വ്യത്യസ്തമായി വ്യാഖ്യാനിക്കുകയും ചെയ്തതായി കരുതുന്നെന്നും ഈ തെറ്റിദ്ധാരണ ഒഴിവാക്കാൻ, മുകളിൽ സൂചിപ്പിച്ച 26.03.2021 ലെ കത്ത് പിൻവലിക്കാനുള്ള സർക്കാരിന്റെ തീരുമാനം അറിയിക്കുന്നെന്നും സംസ്ഥാന സർക്കാരിന്റെ പ്രത്യേക ആഭ്യന്തര സെക്രട്ടറി ഗ്യാൻ പ്രകാശ് പറഞ്ഞു.
മണിപ്പൂരിലെ ബിജെപി സർക്കാരിന്റെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നുവന്നത്. മനുഷ്യത്വരഹിതമായ നടപടിയാണിതെന്നും രാജ്യത്തിന്റെ ആതിഥ്യമര്യാദകൾക്കും സംസ്കാരത്തിനും വിരുദ്ധമാണിതെന്നുമാണ് നിരവധി പേർ വിമർശനമുന്നയിച്ചിരുന്നു.
ഫെബ്രുവരി ഒന്നിനാണ് തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് മ്യാന്മറിൽ മിൻ ഓങ് ഹ്ളെയിങ്ങിന്റെ നേതൃത്വത്തിൽ പട്ടാളം അട്ടിമറി നടത്തി ഭരണം പിടിച്ചെടുക്കുന്നത്. മ്യാന്മർ നേതാവ് ആങ് സാൻ സൂചിയേയും ഭരണകക്ഷിയിലെ മുതിർന്ന നേതാക്കളെയും അറസ്റ്റ് ചെയ്തതിന് പിന്നാലെ രാജ്യത്ത് അടിയന്തരാവസ്ഥയും സൈന്യം പ്രഖ്യാപിച്ചിരുന്നു.
ന്യൂസ് ഡെസ്ക്