ഇംഫാൽ: അവകാശപ്പെട്ട പിന്തുണ നിയമസഭയിലും തെളിയിച്ച് മണിപ്പൂരിലെ ബിജെപി സർക്കാർ. മണിപ്പൂരിൽ 60 അംഗ നിയമസഭയിൽ 33 അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കിയാണ് വിശ്വാസ വോട്ടെടുപ്പ് ബിജെപി മറികടന്നത്. ശബ്ദവോട്ടോടെയാണ് മണിപ്പൂർ നിയമസഭയിൽ ബിജെപി പിന്തുണ തെളിയിച്ചത്. ഇതോടെ ഗോവയ്ക്കു പിന്നാലെ മണിപ്പൂരിലും ബിജെപി വിശ്വാസവോട്ടു നേടി അധികാരം ഉറപ്പിച്ചു.

മണിപ്പൂർ നിയമസഭയിൽ ബിജെപിയുടെ യമ്നം ഖേംചന്ദ് സിങിനെ സ്പീക്കറായി തെരഞ്ഞെടുക്കുകയും ചെയ്തു. മണിപ്പൂരിന്റെ ചരിത്രത്തിലെ ആദ്യ ബിജെപി സർക്കാരാണ് എൻ. ബീരേൻ സിംഗിന്റെ നേതൃത്വത്തിൽ 16ന് അധികാരത്തിലേറിയത്. തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തായിരുന്ന ബിജെപിയോട് സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ ആവശ്യപ്പെടുകയായിരുന്നു.

ബിജെപി സർക്കാർ 33 അംഗങ്ങളുടെ പിന്തുണയാണ് അവകാശപ്പെട്ടിരുന്നത്, അത് സഭയിലും തെളിയിക്കാനായി. കേവല ഭൂരിപക്ഷത്തിന് 31 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. മണിപ്പൂരിൽ ഒന്നാമതെത്തിയ കോൺഗ്രസിനെ മറികടന്നാണ് രണ്ടാമതുള്ള ബിജെപി പ്രാദേശിക പാർട്ടികളുടെ സഹായത്തോടെ സർക്കാർ രൂപീകരിച്ചത്. 21 എംഎൽഎമാരാണ് ബിജെപിക്ക് ഉള്ളത്. കോൺഗ്രസിന് 28 എംഎൽഎമാരും.

15 വർഷമായി മണിപ്പൂരിൽ അധികാരത്തിലുണ്ടായിരുന്ന ഒക്രം ഇബോബി സിങിന്റെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കിയാണ് ബിജെപി അധികാരച്ചിലേറിയത്. വിശ്വാസ വോട്ടിന് മണിക്കൂറുകൾ മുമ്പ് 130 ദിവസമായി മണിപ്പൂരിനെ കലുഷിതമാക്കിയ നാഗാ കൗൺസിലിന്റെ സാമ്പത്തിക ഉപരോധം ബിജെപി നീക്കിയിരുന്നു. യുണൈറ്റഡ് നാഗാ കൗൺസിലുമായി കേന്ദ്രസർക്കാർ നടത്തിയ ചർച്ചയിലാണ് സാമ്പത്തിക ഉപരോധം പിൻവലിക്കപ്പെട്ടത്.

വിശ്വാസ വോട്ടിന് മുമ്പ് എംഎൽഎമാർ കളം മാറ്റത്തിന് തുനിയാതിരിക്കാൻ ഒന്നിച്ച് ഒരു സ്ഥലത്താണ് കോൺഗ്രസും ബിജെപിയും പാർപ്പിച്ചിരിന്നത്. ഇംഫാലിലെ ഒരു എംഎൽഎയുടെ വസതിയിലാണ് തങ്ങളുടെ 28 എംഎൽഎമാരേയും കോൺഗ്രസ് പാർപ്പിച്ചിരുന്നത്. കോൺഗ്രസ് എംഎൽഎമാരെ പൂട്ടിയിട്ടതോടെ ബിജെപി തങ്ങളുടെ സാമാജികരേയും പിന്തുണക്കുന്നവരേയും ഗുവാഹട്ടിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

ഒന്നിച്ച് ഐക്യത്തോടെ നിൽക്കണമെന്ന എംഎൽഎമാരുടെ ആഗ്രഹത്തെ തുടർന്നാണ് ഇവരെ പ്രത്യേകം സ്ഥലത്തേക്ക് മാറ്റിയതെന്നാണ് ബിജെപിയുടെ ഹിമാന്ത ബിശ്വ ശർമ്മയുടെ പ്രതികരണം. എൻപിപി, എൻപിഎഫ്, എൽജെപി, എന്നിവരുടേയും ഒരു തൃണമൂൽ കോൺഗ്രസ് എംഎൽഎയുടേയും ഒരു സ്വതന്ത്രന്റേയും പിന്തുണയുണ്ടെന്നാണ് ബിജെപി അവകാശപ്പെട്ടിരുന്നത്. 33 പേരുടെ പിന്തുണ നേടി ഇത് തെളിയിക്കുകയും ചെയ്തു.