മലപ്പുറം: സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ് ഫൈനലിൽ കളിക്കുന്ന രണ്ടാമത്തെ ടീമേതെന്ന് വെള്ളിയാഴ്ച അറിയാം. രാത്രി 8.30ന് പയ്യനാട് സ്റ്റേഡിയത്തിൽ മുൻ ജേതാക്കളായ ബംഗാളും മണിപ്പൂരും ഏറ്റുമുട്ടും. ഏറെക്കുറെ സമാനമായിരുന്നു ഫൈനലിലേക്കുള്ള ഇരു ടീമിന്റെ യാത്ര. കളിച്ച നാലിൽ മൂന്നും ജയിച്ചു. രണ്ടാമത്തെ മത്സരമാണ് രണ്ട് ടീമും തോറ്റത്. ബംഗാൾ ഒമ്പത് പോയന്റോടെ ഗ്രൂപ്പ് എ യിൽ കേരളത്തിന് പിറകിൽ രണ്ടാമതാണെങ്കിൽ മണിപ്പൂർ ഇതേ പോയന്റിൽ ഗ്രൂപ്പ് ബി ജേതാക്കളായി അവസാന നാലിലെത്തി.

ചരിത്രമെടുത്താൽ ഏറ്റവുമധികം തവണ ചാമ്പ്യന്മാരായ ടീമാണ് ബംഗാൾ. 32 പ്രാവശ്യമാണ് സന്തോഷ് ട്രോഫിയുടെ തറവാട്ടുകാർ കിരീടം കൈവശം വെച്ചത്. 13 തവണ രണ്ടാം സ്ഥാനക്കാരായി. ഏറ്റവും ഒടുവിൽ 2017ലും 18ലും ഫൈനിലെത്തി. 2017ൽ കപ്പടിച്ചപ്പോൾ പിറ്റേവർഷം കേരളത്തോട് തോറ്റു. ഇത്തവണ ഫൈനൽ പ്രതീക്ഷയുമായാണ് ബംഗാൾ ഇറങ്ങുന്നത്. ഗ്രൂപ്പ് എ യിൽ പഞ്ചാബിനെ 1-0ത്തിനും മേഘാലയയെ 4-3നും രാജസ്ഥാനെ 3-0ത്തിനും തോൽപ്പിച്ച വംഗനാട്ടുകാർ കേരളത്തോട് അവസാന നിമിഷം രണ്ട് ഗോളിന് തോൽക്കുകയായിരുന്നു.

ഒറ്റ പരാജയത്തിൽനിന്ന് പാഠം ഉൾക്കൊണ്ട പോലെയായിരുന്നു തുടർന്നുള്ള മത്സരങ്ങളിലെ പ്രകടനം. ഫർദ്ദീൻ അലി മൊല്ലയുടെ നേതൃത്വത്തിലെ ആക്രമണത്തെയും തന്മയ് ഘോഷ് അടങ്ങുന്ന മിഡ്ഫീൽഡ് കരുത്തിനെയും മറികടക്കാൻ മണിപ്പൂരിന് അധ്വാനിക്കേണ്ടിവരും. പ്രതിരോധം പക്ഷേ വെല്ലുവിളിയാണ്.

ഒരേയൊരു തവണ ഫൈനലിലെത്തുകയും 2002-03ലെ കിരീടം നേടുകയും ചെയ്ത ടീമാണ് മണിപ്പൂർ. ഇക്കുറി ഗ്രൂപ്പ് റൗണ്ടിൽ മികച്ച പ്രകടനമായിരുന്നു. നിലവിലെ ചാമ്പ്യന്മാരായ സർവിസസിനെതിരെ എതിരില്ലാത്ത മൂന്ന് ഗോൾ ജയത്തോടെ തുടങ്ങി ഒഡിഷക്കെതിരെ (01) അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി.

ഗുജറാത്തിനെയും കർണാടകയെയും യഥാക്രമം 2-0, 3-0 മാർജിനിൽ മറികടക്കാനായി. എട്ട് ഗോൾ അടിച്ച ടീം വഴങ്ങിയത് ഒരെണ്ണം മാത്രം. ചാമ്പ്യൻഷിപ്പിലെ മറ്റു ഒമ്പത് ടീമും ഇത്ര കുറച്ച് ഗോൾ വഴങ്ങിയിട്ടില്ല എന്നതും എടുത്തുപറയണം. ആക്രമണത്തിലെ വേഗം തന്നെയാണ് മണിപ്പൂരിന്റെ തുറുപ്പ് ചീട്ട്.