പ്രണയത്തെ വീണ്ടും അവേശത്തോടെ പ്രേക്ഷകരിലെത്തിക്കാൻ മണി രത്‌നം. മഹാകവി സുബ്രഹ്മണ്യ ഭാരതിയുടെ പ്രസിദ്ധമായ വരികളാണ് കാട്രു വെളിയിടെയ് കണ്ണമ്മ. തന്റെ ഇരുപത്തിയഞ്ചാം ചിത്രത്തിന് മണിരത്നം തിരഞ്ഞെടുത്ത പേരും ഇതു തന്നെ.

കാർത്തിയും അതിഥി റാവുവും മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ കർട്ടൺ റെയ്സർ കഴിഞ്ഞ ദിവസം സോണി മ്യൂസിക് യൂട്യൂബിൽ പുറത്തിറക്കി. കാട്രു വെളിയിടെയ് കണ്ണമ്മാ എന്ന കാർത്തിയുടെ സ്വരത്തിൽ തുടങ്ങുന്ന വീഡിയോ ടീസറിന് 47 സെക്കൻഡ് മാത്രമാണ് ദൈർഘ്യം. മഞ്ഞുപുതച്ച ഒരു മലനിരയിലെ പാതയിലൂടെ വരുന്ന നായിക ബസ്സിൽ നിന്ന് പുറത്തേയ്ക്ക് തലയിട്ട് മഞ്ഞിന്റെ ഈറൻസുഖം നുകരുന്നതാണ് ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്. വരുവാൻ വരുവാൻ എന്ന റഹ്മാൻ സംഗീതം തന്നെയാണ് ടീസറിന്റെ ആത്മാവ്.

കശ്മീരോ ഹിമായലൻ മലനിരകളോ ആണെന്ന ഒരു പ്രതീതിയാണ് ഇതുണ്ടാക്കുന്നത്. ഊട്ടി, കൂനൂർ, കൊടൈക്കനാൽ, ഹിമാചൽപ്രദേശ്, ലഡാക്ക്, ഹൈദരാബാദ് എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. വരുവാൻ വരുവാൻ എന്ന റഹ്മാൻ ഗാനത്തിന്റെ അകമ്പടിയോടെയാണ് നായിക അതിഥിയെ അവതരിപ്പിക്കുന്നത്. മഞ്ഞ് ഏറെ തഴുകാതെ ഹിമാലയത്തിന്റെ മറ്റേതോ ഭാഗത്തൂടെ നടന്നുനീങ്ങുന്ന നായകനുമുണ്ട് ടീസറിൽ. മദ്രാസ് ടാക്കീസിന്റെ ബാനറിൽ മണിരത്നം തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വൈരമുത്തുവാണ് ഗാനങ്ങൾ രചിച്ചത്

.