- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുകേഷ് പത്രിക പിൻവലിച്ചിട്ടും മത്സരത്തിൽ ഉറച്ച് മണിയൻപിള്ള രാജു; എക്സിക്യൂട്ടീവിലേക്ക് വോട്ടെടുപ്പ് ഉറപ്പാക്കി ലാലും നാസർ ലത്തീഫും; സീനിയർ നടനായ തനിക്ക് വൈസ് പ്രസിഡന്റ് പദവിക്ക് അർഹതയുണ്ടെന്ന് വാദിച്ച് മണിയൻപിള്ള എത്തുമ്പോൾ നിരാശ മോഹൻലാലിന്; 'അമ്മ'യിൽ അട്ടിമറിക്ക് സാധ്യതയോ?
കൊച്ചി: അമ്മയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് ഒഴിവാക്കാനുള്ള മോഹൻലാലിന്റെ നീക്കത്തെ മണിയൻപിള്ള രാജു അട്ടിമറിച്ചു. എക്സ്കൂട്ടീവിലേക്ക് ലാലും നാസർ ലത്തീഫും മത്സരം ഉറപ്പാക്കി. എംഎൽഎയായ മുകേഷ് പിടിവാശി വിട്ട് പത്രിക പിൻവലിച്ചിട്ടും മണിയൻപിള്ള രാജു പിന്മാറിയില്ല. സീനിയർ നടനായ തനിക്ക് വൈസ് പ്രസിഡന്റ് പദവി വേണമെന്ന നിലപാട് മണിയൻപിള്ള രാജു എടുക്കുകയായിരുന്നു. മോഹൻലാലുമായി അത്മബന്ധമുള്ള തിരുവനന്തപുരത്തുകാരൻ വൈസ് പ്രസിഡന്റായി മത്സരിക്കുന്നത് ലാലിനും ക്ഷീണമാണ്. എന്നാലും വോട്ടെടുപ്പിൽ ഔദ്യോഗിക പാനലിലെ സ്ഥാനാർത്ഥികൾ ജയിക്കുമെന്നാണ് വിലയിരുത്തൽ.
വൈസ് പ്രസിഡന്റായി രണ്ടു പേര്ക്ക് ജയിക്കാം. മൂന്ന് പേരാണ് മത്സര രംഗത്തുള്ളത്. ശ്വേതാ മേനോനും ആശാ ശരത്തുമാണ് മോഹൻലാലിന്റെ സ്ഥാനാർത്ഥികൾ. എതിരിടാൻ മണിയൻപിള്ള രാജുവും. 11 സ്ഥാനങ്ങളാണ് എക്സിക്യൂട്ടീവ് കമ്മറ്റിയിലുള്ളത്. മത്സരിക്കാൻ 13 പേരും. നടനും സംവിധായകനുമായ ലാലും നാസർ ലത്തീഫും ഔദ്യോഗിക പാനലിന് പുറത്ത് മത്സരിക്കുന്നു. ഹണിറോസ്, മഞ്ജുപിള്ള, ലെന, രചന നാരായണൻകുട്ടി, ബാബുരാജ്, നിവിൻ പോളി, സുധീർ കരമന, ടൊവിനോ തോമസ്, ടിനി ടോം, ഉണ്ണി മുകുന്ദൻ, സുരഭി ലക്ഷ്മിയുമാണ് എക്സിക്യുട്ടീവിലേക്ക് മത്സരിക്കുന്ന മോഹൻലാൽ പക്ഷക്കാർ. വിജയ് ബാബുവും സുരേഷ് കൃഷ്ണയും എക്സിക്യുട്ടീവിലേക്ക് മത്സരിക്കാൻ പത്രിക നൽകിയെങ്കിലും പിൻവലിച്ചു. വൈസ് പ്രസഡന്റ് പദവിയിലേക്ക് മുകേഷിനൊപ്പം ജഗദീഷും പത്രിക പിൻവലിച്ച് മോഹൻലാൽ പക്ഷത്തിന് അനുകൂല നിലപാട് എടുത്തു,
താര സംഘടനയിലെ ഇലക്ഷനിൽ സിപിഎം ആവശ്യപ്പെട്ടിട്ടാണ് മുകേഷ് മത്സരിക്കാൻ തയ്യാറെടുക്കുന്നതെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. വൈസ് പ്രസിഡന്റായി ശ്വേതാ മേനോനും ആശാ ശരത്തിനേയും കൊണ്ടു വരാനാണ് മോഹൻലാലിന് താൽപ്പര്യം. ഔദ്യോഗിക പാനലിൽ പ്രസിഡന്റായി മോഹൻലാലും ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവും ട്രഷററായി സിദ്ദിഖും എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. ജയസൂര്യയ്ക്കും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമില്ല. വൈസ് പ്രസിഡന്റായി രണ്ടു പേർക്ക് കടന്നുവരാം. ഇത്തവണ ഈ പദവികളിൽ വനിതകൾ എത്തട്ടേ എന്നതായിരുന്നു ഔദ്യോഗിക പക്ഷത്തിന്റെ തീരുമാനം.
മമ്മൂട്ടിയും ദിലീപും ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു. മുകേഷും കെബി ഗണേശ് കുമാറുമായിരുന്നു വൈസ് പ്രസിഡന്റുമാർ. മോഹൻലാലിന്റെ നിർദ്ദേശം മാനിച്ച് ഗണേശ് മത്സരത്തിനില്ലെന്ന നിലപാട് എടുത്തു. എന്നാൽ മുകേഷ് കടുംപിടിത്തം തുടർന്നു. സിപിഎം നിർദ്ദേശമുണ്ടെന്നും മത്സരിക്കുമെന്നും നിലപാട് എടുത്തു. ഇത് അമ്മയിലെ അംഗങ്ങൾക്ക് പോലും ഞെട്ടലായി. ഇന്നസെന്റ് പറഞ്ഞിട്ടു പോലും അനുസരിച്ചില്ല. സ്ത്രീ സംവരണത്തെ അട്ടിമറിക്കുന്ന എംഎൽഎ എന്ന പേരു ദോഷവും മുകേഷിന് കിട്ടി. ഇതെല്ലാം മനസ്സിലാക്കി മുകേഷ് പിന്മാറി. മത്സരിച്ച് തോൽക്കുന്നത് നാണക്കേടാകുമെന്ന തിരിച്ചറിവിൽ കൂടിയാണ് ഇത്.
മത്സരമില്ലാതെ വീണ്ടും അമ്മയുടെ തലപ്പത്ത് തന്റെ പാനൽ എത്തണമെന്നതായിരുന്നു മോഹൻലാലിന്റെ ആഗ്രഹം. ഇതാണ് നടക്കാതെ പോകുന്നത്. മമ്മട്ടിയും ഇന്നസെന്റും ഇതിനെ പിന്തുണച്ച് മുമ്പിലുണ്ടായിരുന്നു. ഷമ്മി തിലകൻ മത്സരിക്കുമെന്ന ആശങ്ക ഇവർക്കുണ്ടായിരുന്നു. എന്നാൽ പത്രികയിൽ ഒപ്പിടാത്തതു കൊണ്ട് ഷമ്മിയുടെ നാമനിർശം തള്ളി. ഈ സാഹചര്യത്തിൽ ഭീഷണി പകുതി ഒഴിയുകയും ചെയ്തു. ഇതിനിടെയാണ് മുകേഷും ജഗദീഷും മണിയൻപിള്ള രാജുവും മത്സരിക്കുമെന്ന നിലപാട് എടുത്തത്.
മുകേഷ് മത്സരിക്കുന്നതു കൊണ്ട് താൻ മത്സരിക്കുന്നുവെന്നായിരുന്നു മണിയൻപിള്ള രാജു ആദ്യം പറഞ്ഞത് എന്നാൽ മുകേഷ് പിന്മാറിയിട്ടും മണിയൻപിള്ള മത്സരത്തിൽ ഉറച്ചു നിന്നു. ഇതോടെയാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വോട്ടെടുപ്പ് അനിവാര്യമായത്.
മറുനാടന് മലയാളി ബ്യൂറോ