ലയാള സിനിമയിൽ വരാൻ പോകുന്നത് താരപുത്രന്മാരുടെ കാലമെന്ന സൂചന നല്കി മറ്റൊരു താരം കൂടി വെള്ളിത്തിരിയിലേക്ക് എത്തുന്നു. നടൻ മണിയൻ പിള്ള രാജുവിന്റെ മകനാണ് നായകനായി വെള്ളിത്തിരിയിലേക്ക് എത്തുന്നത്. പ്രണവ് മോഹൻലാലിന്റെയും മുകേഷിന്റെ മകൻ ശ്രാവണിന്റെയും സിനിമാ പ്രവേശനം ഉറപ്പായതിന് പിന്നാലെയാണ് രാജുവിന്റെ മകൻ നിരഞ്ജ് നായകനാകുന്ന ചിത്രത്തിന്റെ വിശേഷങ്ങളും എത്തിയിരിക്കുന്നത്.

നിരഞ്ജ് ആദ്യമായി നായകവേഷമണിയുന്ന ചിത്രമാണ് ബോബി.സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിട്ടുണ്ട്. മിയയാണ് നായിക. സുഹ്‌റ എന്റർടൈമെന്റ് സിന്റെ ബാനറിൽ സഗീർ ഹൈദ്രോസ് നിർമ്മിക്കുന്ന ബോബിയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ഷെബിയാണ്. കഥയും തിരക്കഥയും സംവിധായകന്റേതു തന്നെ.

അജു, ധർമജൻ, നോബി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. സംഭാഷണം - വി ആർ ബാലഗോപാൽ, തോമസ് ചാക്കോ. ചായാഗ്രഹണം - പ്രശാന്ത് കൃഷ്ണ. എഡിറ്റിങ് - ബാബുരത്‌നം. എസ് രമേശൻ നായർ, ഹരി നാരായണൻ എന്നിവരുടെ ഗാനങ്ങൾക്ക് റോണി റാഫേലും ദേവിക മുരളിയും ഈണം നൽകിയിരിക്കുന്നു.

കുടുംബ പ്രേക്ഷകരെ ആകർഷിക്കും വിധം നർമ്മത്തിന്റെ മേമ്പൊടിയുള്ള ഒരു പ്രണയകഥയായിട്ടാണ് ബോബിയെ അണിയിച്ചൊരുക്കിയിട്ടുള്ളത്.ചിത്രത്തിന്റെ പ്രിവ്യൂ കണ്ട ചലച്ചിത്ര രംഗത്തെ പ്രമുഖ വ്യക്തികൾ വളരെ മികച്ച അഭിപ്രായം പ്രകടിപ്പിക്കുകയുണ്ടായി. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കിയ ബോബി താമസിയാതെ പ്രദർശനത്തിനെത്തും.