- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിയേറ്ററിൽ റീലീസ് ചെയ്യാൻ വേണ്ടി നിർമ്മിച്ച സിനിമ ഓൺലൈനിലേക്ക് മാറ്റിയപ്പോൾ ആസ്വാദന തലത്തിൽ വ്യത്യാസമുണ്ടായിരിക്കാം; ഒരു വിഭാഗം പ്രേക്ഷകരെ മാത്രമെ തൃപ്തിപ്പെടുത്താനാകൂ എന്ന് സിനിമയുടെ നിർമ്മാണ ഘട്ടത്തിൽ തന്നെ വ്യക്തമായിരുന്നു; അത്തരം ആളുകൾക്ക് സിനിമ ഇഷ്ടപ്പെട്ടു എന്ന് തന്നെയാണ് കരുതുന്നത്; ഓള് എന്ന പാട്ട് സിനിമയ്ക്കായി എഴുതിയതല്ല; പ്രേക്ഷകർ ഏറ്റെടുത്തപ്പോൾ നിറഞ്ഞ സന്തോഷം; മനസ് തുറന്ന് മണിയറയിലെ അശോകന്റെ സംവിധായൻ ശംസുസെയ്ബ മറുനാടനോട്
കോഴിക്കോട്: വേഫറെർ ഫിലിംസിന്റെ ബാനറിൽ പുതുമുഖ സംവിധായകൻ ശംസുസെയ്ബ സംവിധാനം ചെയ്ത് ദുൽഖർ സൽമാനും ജേക്കബ് ഗ്രിഗറിയും ചേർന്ന് നിർമ്മിച്ച സിനിമയാണ് മണിയറയിലെ അശോകൻ. ആഗോള ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ആദ്യ മലയാള സിനിമ കൂടിയാണ് മണിയറയിലെ അശോകൻ. തിയേറ്ററുകൾ പൂരപ്പറമ്പാക്കുന്ന റിലീസുകളൊന്നുമില്ലാതെ ഈ ഓണക്കാലം കടന്നു പോകുമ്പോഴും സിനിമ പ്രേമികൾക്ക് ആശ്വാസമേകിക്കൊണ്ടാണ് മണിയറയിലെ അശോകൻ തിരുവോണ ദിനത്തിൽ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. തിരക്കഥ വിനീത് കൃഷ്ണനും ചായാഗ്രഹണം സജാദ് കാക്കുവും എഡിറ്റിങ് അപ്പു ഭട്ടതിരിയും നിർവഹിച്ചിരിക്കുന്നു.
ചിത്രത്തിലെ പാട്ടുകൾക്ക് ഈണം നൽകിയിരിക്കുന്നത് ശ്രീഹരി കെ നായരാണ്. സിനിമയക്ക് മുമ്പ് തന്നെ പാട്ടുകൾ ഹിറ്റാകുകയും ചെയ്തിരുന്നു. സിനിയുടെ നിർമ്മാതാക്കളിലൊരാളും ഹാസ്യ വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ നടനുമായി ഗ്രിഗറിയാണ് ചിത്രത്തിലെ നായക കാഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. വില്ലേജ് ഓഫീസിലെ ക്ലർക്കായ അശോകന്റെ ജീവിതംപരിസരം പരിചയപ്പെടുത്തുന്ന സിനിമ മലയാളിയുടെ സൗന്ദര്യ സങ്കൽപ്പങ്ങളെയാണ് ചർച്ച ചെയ്യുന്നത്. പച്ചപ്പു നിറഞ്ഞ കേരളീയ ഗ്രാമീണ സങ്കൽപങ്ങളെ അതിമനോഹരമായി ക്യാമറയിൽ പകർത്താൻ കഴിഞ്ഞുവെന്നതും ഈ സിനിയമയുടെ പ്രത്യേകതയാണ്. നവാഗതനായ സജാദ് കാക്കുവാണ് സിനിമയുടെ ഛായാഗ്രാഹകൻ. ഈ തിരുവോണത്തിന് മലയാള സിനിമ പ്രേക്ഷകർക്ക് മികച്ച കാഴ്ചയൊരുക്കിയ മണിയറയിലെ അശോകന്റെ സംവിധായകൻ ശംസുസെയ്ബ സിനിമയുടെ വിശേഷങ്ങൾ മറുനാടൻ മലയാളിയുമായി പങ്കുവെക്കുന്നു.
സിനിമ ഓൺലൈനിലേക്ക് ചുരുങ്ങുമ്പോൾ ആസ്വാദനത്തെ ബാധിച്ചിരിക്കാം
സിനിമ റിലീസ് ചെയ്തതിന് ശേഷം നിരവധിയായ പ്രതികരണങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. സിനിമ ഇഷ്ടപ്പെട്ടെന്നും ഇഷ്ടപ്പെട്ടില്ല എന്നുമുള്ള പ്രതികരണങ്ങൾ ലഭിക്കുന്നുണ്ട്. ഒരു പരീക്ഷണ സിനിമ ആയതുകൊണ്ട് തന്നെ ഒരു വിഭാഗം ആളുകൾക്ക് മാത്രമെ സിനിമ തൃപ്തികരമാകൂ എന്ന് നിർമ്മാണ ഘട്ടത്തിൽ തന്നെ മനസ്സിലാക്കിയിരുന്നു. അത്തരം ആളുകൾക്ക് സിനിമ ഇഷ്ടമായി എന്ന് തന്നെയാണ് വിശ്വസിക്കുന്നത്. അത്തരം പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. തിയേറ്റർ റിലീസിന് വേണ്ടി നിർമ്മിച്ച സിനിമയായിരുന്നു ഇത്. അതു കൊണ്ട് തന്നെ സൗണ്ട് മിക്സിങ് അടക്കമുള്ള കാര്യങ്ങൾ ആ രീതിയിലാണ് ക്രമീകരിച്ചിരുന്നത്.
ക്യാമറ ഫ്രയ്മുകളൊക്കെ ആ രീതിയിലാണ് ക്രമീകരിച്ചിരുന്നത്. അങ്ങനെ ചെയ്തൊരു സിനിമ ഓൺലൈൻ പ്ലാറ്റ് ഫോമിലേക്ക് ചുരുക്കുന്ന സമയത്ത് ആസ്വാദനത്തിന്റെ തലങ്ങളെ ബാധിച്ചിട്ടുണ്ടാകാം. തിയേറ്ററിൽ ആൾക്കൂട്ടത്തിന്റെ നടുവിലിരുന്ന് എല്ലാവിധ ശബ്ദ, ദൃശ്യ പൊലിമയോടും കൂടി സിനിമ കാണുന്നതും. തനിച്ചൊരു മുറിയിൽ മൊബൈലിലോ, ടിവിയിലോ സിനിമ കാണുന്നതും തമ്മിൽ തീർച്ചയായും വ്യത്യാസങ്ങളുണ്ടാകും. അത് ഈ സിനിമയുടെ കാര്യത്തിലും സംഭവിച്ചിട്ടുണ്ടാകാം, പ്രത്യേകിച്ച് തിയേറ്ററിൽ റീലിസിന് വേണ്ടി ഒരുക്കിയ ഒരു സിനിമയായതിനാൽ. ഒടിടി പ്ലാറ്റ് ഫോം മാത്രം ലക്ഷ്യം വെച്ച് നിർമ്മിച്ച സിനിമയായിരുന്നെങ്കിൽ അത് പ്രശ്നമുണ്ടാകുമായിരുന്നില്ല. എന്നിരുന്നാലും ഈ പ്രതിസന്ധികാലത്തും സിനിമ റിലീസ് ചെയ്യാനായി എന്നത് തന്നെയാണ് ആത്യന്ത്യകമായ കാര്യം. കുറെ പേർക്കെങ്കിലും സിനിമ ഇഷ്ടപ്പെട്ടു എന്നതും വളരെയേറെ സന്തോഷം തരുന്നതാണ്. വർഷങ്ങളായുള്ള സ്വപ്നം ജനങ്ങളിലേക്ക് എത്തിക്കാനായി എന്നതും സന്തോഷം പകരുന്നു. മുന്നോട്ടുള്ള പ്രയാണത്തിന് ഈ അനുഭവങ്ങൾ കരുത്തേകുകയും ചെയ്യും.
പാട്ടുകളാണ് സിനിമയുടെ ഗതി നിർണ്ണയിക്കുന്നത്
സിനിമയുടെ തിരക്കഥ എഴുതുന്ന സമയത്ത് തന്നെ പാട്ടുകളും പൂർത്തിയാക്കിയിരുന്നു. സിനിമ റീലിസിന് മുമ്പ് തന്നെ ഓൺലൈനിൽ പാട്ടുകൾ ഹിറ്റാകുകയും ചെയ്തിരുന്നു. ഉണ്ണിമായ എന്ന പാട്ടാണ് ആദ്യം പുറത്ത് വന്നത്. ഷിഹാസ് അഹമ്മദ് കോയ എന്നയാണ് ആ പാട്ടിന്റെ രചയിതാവ്. ഓള് എന്ന് തുടങ്ങുന്ന പാട്ടാണ് പിന്നീട് റിലീസായത്. അത് ഞാൻ തന്നെ എഴുതിയതായിരുന്നു. അത് ഈ സിനിമയക്ക് വേണ്ടി എഴുതിയതായിരുന്നില്ല. എന്നാൽ സിനിമയ്ക്ക് അനുയോജ്യമാകുമെന്ന് കണ്ടതോടെ ഈ സിനിമയിൽ ഉൾപ്പെടുത്തുകയാണുണ്ടായത്. സിദ്ശ്രീരാമാണ് അത് ആലപിച്ചിട്ടുള്ളത്. പിന്നീട് പെയ്യുനിലാവും എന്ന പാട്ടും സിനിയുടെ റിലീസിന് മുമ്പ് തന്നെ പുറത്ത് വരികയും ജനങ്ങൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
ഹരിനാരായണനാണ് ഈ പട്ട് എഴുതിയത്. ഹരിശങ്കറാണ് ആലപിച്ചിരിക്കുന്നത്. അതുകൂടാതെ മുസമ്മിൽ കുന്നുമ്മൽ എഴുതിയ പാട്ട്, ആമിർ പള്ളിക്കാൽ എഴുതിയ പാട്ട് ഇങ്ങനെ ആറ് പാട്ടുകളാണ് ഈ സിനിമയിലുള്ളത്. ദുൽഖർ സൽമാൻ, സിദ്ശ്രീരാം, ഹരിശങ്കർ തുടങ്ങിയവരാണ് പാട്ടുകൾ പാടിയിട്ടുള്ളത്. ഈ സിനിമയുടെ ഗതി നിർണ്ണയിക്കുന്നതിൽ പാട്ടുകൾക്ക് വലിയ റോളുണ്ട്. പാട്ടുകളിലൂടെയാണ് സിനിമയുടെ കഥ മുന്നോട്ട് പോകുന്നത്. സിനിമയുടെ കഥ എഴുതുന്ന ഘട്ടത്തിൽ തന്നെ ഇതിലേക്കുള്ള കഥാപാത്രങ്ങളെയും ആലോചിച്ചിരുന്നു. പഴയകാലത്ത് ശ്രീനിവാസൻ ചെയ്ത കഥാപാത്രങ്ങളെ പോലെയുള്ളൊരു ആളെയാണ് ആലോചിച്ചിരുന്നത്. അങ്ങനെയാണ് ഗ്രിഗറിയിലേക്ക് എത്തിയത്. ക്യാമറാമാൻ സജാദ് കാക്കുവിന് ഗ്രിഗറിയെ നേരത്തെ പരിചയവുമുണ്ടായിരുന്നു. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടു. അദ്ദേഹം തന്നെ നിർമ്മിക്കുകയും ചെയ്യാമെന്ന് സമ്മതിക്കുകയുമായിരുന്നു. ഈ കഥക്ക് ഏറ്റവും അനുയോജ്യമായൊരു നടനായിരുന്നു ഗ്രിഗറി.
സൗഹൃദത്തിന്റെ പുറത്തുണ്ടായ സിനിമയാണ്
ഡിഗ്രി പഠിക്കുന്ന സമയത്ത് ഷോർട് ഫിലിമുകൽ ചെയ്തുകൊണ്ടാണ് സിനിമയിലേക്ക് വരുന്നത്. അക്കാലത്ത് തന്നെ അദ്ധ്യാപകരും സുഹൃത്തുക്കളുമെല്ലാം വലിയ സപ്പോർട്ട് നൽകിയിരുന്നു. പിന്നീട് വാഴയൂർ സാഫി കോളേജിലെ സിയാസ് മീഡിയ സ്‌കൂളിൽ ജേർണലിസം പഠിക്കാൻ ചേർന്നതോടെയാണ് സിനിമയെ കുറിച്ച് ഗൗരവമായി ചിന്തിക്കാൻ തുടങ്ങിയത്. അവിടെ വെച്ച് നിരവധി ഷോർട്ട് ഫിലിമുകളുടെയും ഡോക്യുമെന്ററികളുടെയുമെല്ലാം ഭാഗമാകാൻ കഴിഞ്ഞിരുന്നു. അവിടെ നിന്നുണ്ടാക്കിയ അനുഭവങ്ങളും പരിചയങ്ങളുമെല്ലാം ഈ സിനിമയിൽ മുതൽകൂട്ടായിട്ടുണ്ട്. സൗഹൃദത്തിന്റെ പുറത്ത് ഉണ്ടായ ഒരു സിനിമ കൂടിയാണിത്. സിനിമയിൽ പ്രവർത്തിച്ചവരെല്ലാം നേരത്തെ തന്നെ പരസ്പരം അറിയുന്നവരും വർഷങ്ങളായി സിനിമ സ്വപ്നം കണ്ട് നടക്കുന്നവരുമായിരുന്നു.
ക്യാമറാമാൻ സജാദ് കാക്കു, തിരക്കഥാകൃത്ത് വിനീത് കൃഷ്ണൻ, സമദ്, മനീഷ് തുടങ്ങി ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരെല്ലാം നേരത്തെ തന്നെ പരസ്പരം അറിയുന്നവരായിരുന്നു. പാട്ടുകൾ എഴുതിയവർ, മ്യൂസിക് ഡയറക്ടർ, സ്റ്റിൽ ഫോട്ടോഗ്രാഫർ തുടങ്ങി എല്ലാവരെയും നേരത്തെ അറിയുന്നവരും എല്ലാവരുടെയും തുടക്കവുമായിരുന്നു. ഇത്രയും ആളുകൾക്ക് ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ കമ്പനിയിലൂടെ ഒരു തുടക്കം കുറിക്കാനായി എന്നത് വ്യക്തിപരമായി എനിക്കും അവർക്കുമെല്ലാം വലിയ നേട്ടമാണ്. നേരത്തെ തന്നെ പരിചയമുള്ള സുഹൃത്തുക്കളായതിനാൽ തന്നെ അത് സിനിമയുടെ മൊത്തത്തിലുള്ളൊരു മാനസിക ഐക്യത്തെ കൂടി സ്വാധീനിച്ചിട്ടുണ്ട്. നിർമ്മാണ ഘട്ടത്തിൽ അത് വളരെ ഉപകാരപ്പെടുകയും ചെയ്തു. ദുൽഖർ സൽമാൻ പ്രൊഡക്ഷൻ കമ്പനിയുടെ ആദ്യ സിനിമയായാണ് ഇത് തുടങ്ങിയിരുന്നത്.
എന്നാൽ റിലീസായത് രണ്ടാമതായാണ്. വരനെ ആവശ്യമുണ്ട് എന്ന സിനിമയാണ് ഈ പ്രൊഡക്ഷൻ കമ്പനിയുടെ ആദ്യ സിനിമയായി റിലീസ് ചെയ്തത്. ജിവിതത്തിലെപ്പോഴും ഓർത്തിരിക്കാൻ ഒരുപാട് അുഭവങ്ങൾ നൽകുന്നൊരു കാലഘട്ടമായിരുന്നു ഈ സിനിമയുടെ ഷൂട്ടിഗ് ദിവസങ്ങൾ. കാലാവസ്ഥയും മറ്റുമെല്ലാം പ്രതികൂലമായിരുന്ന ഘട്ടത്തിലും ഒരുമിച്ച് മുന്നോട്ട് പോകാൻ കരുത്ത് തന്നവർ നിരവധിയാണ്. ഇനിയെത്ര സിനിമയകൾ ചെയ്യാനായാലും ആദ്യ സിനിമയുടെ ഷൂട്ടിങ് അനുഭവങ്ങൾ എപ്പോഴും മനസ്സിലുണ്ടാകും.
ഓൺലൈൻ റിലീസ് വലിയ സാധ്യതയാണ്
ഇതു പോലുള്ള കാലങ്ങളിൽ, പ്രത്യേകിച്ച് മനുഷ്യന് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യത്തിൽ ഓൺലൈൻ റിലീസെന്ന് പറയുന്നത് വലിയ സാധ്യതയാണ്. ആത്യന്തികമായി സിനിമ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണല്ലോ വലിയ കാര്യം. തിയേറ്ററിലോ ടിവിയിലോ ഓൺലൈനിലോ എങ്ങനെയങ്കിലും ഇത് ജനങ്ങൾ കാണുകയും അത് ചർച്ച ചെയ്യപ്പെടുകയും ചെയ്യുമ്പോഴാണ് സിനിമ പൂർത്തിയാകുന്നത്. അതു കൊണ്ട് തന്നെ ഇതുപോലൊരു ഘട്ടത്തിൽ ഓൺലൈൻ റിലീസ് വലിയ സാധ്യതതയാണ്. ഓൺലൈൻ റിലീസ് മാത്രം മുന്നിൽ കണ്ട് അതിന് വേണ്ടിയുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന സിനിമകൾ ഇത്തരം പ്ലാറ്റ്ഫോമുകൾക്ക് കൂടുതൽ അനുയോച്യമാകും. എങ്കിലും മണിയറയിലെ അശോകൻ നെറ്റഫ്ലിക്സിലെ ഇന്ത്യൻ സിനിമകളുടെ കാറ്റഗറിയിലും യുഎഇ കാറ്റഗറിയിലും ട്രെന്റിങ് നമ്പർ വണ്ണായത് ഈ സിനിമ ജനങ്ങൾ സ്വീകരിച്ചു എന്നതുകൊണ്ടാണ്. അത് വലിയ സന്തോഷം നൽകുന്ന കാര്യമാണ്.