തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ കണ്ണിലെ കരടായി മാറിയ ഡിജിപി ജേക്കബ് തോമസിനെ രൂക്ഷമായി വിമർശിച്ച് നഗരവികസന മന്ത്രി മഞ്ഞളാംകുഴി രംഗത്തെത്തി. സർക്കാർ ജേക്കബ് തോമസിനെ വേട്ടയാടുന്നുവെന്ന് എല്ലാവരും പറയുന്നു. യഥാർഥത്തിൽ ജേക്കബ് തോമസ് സർക്കാരിനെയാണ് വേട്ടയാടുന്നതെന്ന് മന്ത്രി പറഞ്ഞു. ആരുടെയോ ഉപദേശത്തിന് അനുസരിച്ചാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആയതുകൊണ്ടാണ് ജേക്കബ് തോമസ് ഇപ്പോഴും ഡിജിപിയായി തുടരുന്നത്, താനാണ് മുഖ്യമന്ത്രിയെങ്കിൽ ജേക്കബ് തോമസ് വീട്ടിലിരുന്നേനെ. ഫയർഫോഴ്‌സിലെ നടപടികൾ കാര്യങ്ങൾ പഠിക്കാതെയായിരുന്നു ജേക്കബ് തോമസിന്റെ നടപടികളെന്നും മന്ത്രി വിമർശിച്ചു.

നിയമസഭയിൽ ചോദ്യോത്തരവേളയിൽ സംസാരിക്കവേയാണ് അദ്ദേഹം ജേക്കബ് തോമസിനെതിരെ ആഞ്ഞടിച്ചത്. മന്ത്രിയുടെ പരാമർശത്തെ തുടർന്ന് പ്രതിഷേധവുമായി പ്രതിപക്ഷ അംഗങ്ങൾ എഴുന്നേറ്റു. ഈ സമയം മന്ത്രിക്ക് പിന്തുണയുമായി ഭരണപക്ഷവും രംഗത്തുവന്നു. അതോടെ വിഷയത്തിൽ ഇടപെട്ട ഡെപ്യൂട്ടി സ്പീക്കർ രംഗം ശാന്തമാക്കി. ചോദ്യോത്തരവേള തുടരുകയും ചെയ്തു.

ഫ്‌ലാറ്റുകൾക്ക് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ടാണ് ഡിജിപി ജേക്കബ് തോമസ് സർക്കാറിന്റെ കണ്ണിൽ കരടായി മാറിയത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ കേസ് കൊടുക്കാൻ അനുമതി തേടി ചീഫ് സെക്രട്ടറിക്കും ആഭ്യന്തര വകുപ്പിനും അദ്ദേഹം കത്തു നൽകുകയുമുണ്ടായി. പിന്നീട് ഒരു സെമിനാർ വേദിയിലും ജേക്കബ് തോമസ് വിമർശനവുമായി രംഗത്തെത്തിയിരുന്നു.

അതേസമയം മുൻ മുഖ്യമന്ത്രിമാരായിരുന്നവർ തന്നെ പിന്തുണച്ചിരുന്നുവെന്നും, മാറ്റങ്ങൾക്കു വേണ്ടി നിന്നവർക്കെല്ലാം ക്രിസ്തുവിനുണ്ടായ കുരിശുകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഡിജിപി ജേക്കബ് തോമസ്. കെ.കരുണാകരൻ മുഖ്യമന്ത്രി ആയിരുന്ന കാലഘട്ടത്തിലും, നായനാർ സർക്കാരിന്റെ കാലത്തും ചെയ്യുന്നതിന്റെ ഉദ്ദേശശുദ്ധി മനസിലാക്കി അത് നല്ലതാണെന്ന് തിരിച്ചറിഞ്ഞ് തന്നെ പിന്തുണച്ചിരുന്നു. ഞാനൊരു കാര്യം പറഞ്ഞാൽ എന്താണോ പറയുന്നത് അത് കണ്ണടച്ച് ചെയ്‌തോ എന്നൊരു പിന്തുണ അവർ തന്നിട്ടുണ്ട്. ഒരു മന്ത്രിയെക്കുറിച്ച് തന്നെ മുഖ്യമന്ത്രിയോട് പറഞ്ഞപ്പോൾ, ആ കക്ഷി പറയുന്നത് താൻ കേൾക്കെണ്ടെന്നാ എന്നോട് പറഞ്ഞത്. ഞാൻ ചെയ്തത് നല്ലതാണെങ്കിൽ മന്ത്രി പറയുന്നത് വിട്ടിട്ട് എന്നെ സപ്പോർട്ട് ചെയ്തിരുന്ന മുഖ്യമന്ത്രി ഇവിടെ ഉണ്ടായിരുന്നു എന്ന് മനസിലാക്കിയാൽ മതിയെന്നും ജേക്കബ് തോമസ് ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

വ്യവസ്ഥിതിയോട് പ്രധാനപ്പെട്ട ചോദ്യങ്ങൾ ചോദിച്ച സോക്രട്ടീസിനോട് വിഷം കുടിക്കാൻ പറഞ്ഞിട്ടുണ്ട്. ഭൂമി സൂര്യന് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞതിന് ഒരാളെ കൊന്നിട്ടുണ്ട്. അത് നമ്മളും പ്രതീക്ഷിക്കണം. രാജാവ് നഗ്‌നനാണെന്ന് പറഞ്ഞാലും ഏറുകിട്ടും. എന്റെ കോൺഫിഡൻസ് കൊണ്ട് ഇതിനെ തടുക്കാനുള്ള ശക്തിയുണ്ടെന്നും ജേക്കബ് തോമസ് പറയുന്നു.

ജേക്കബ് തോമസ് എഴുതിയ രണ്ട് പുസ്തകങ്ങളുടെ പ്രകാശനവും ഇന്ന് നടക്കുന്നുണ്ട്. പരിസ്ഥിതി മാനെജ്‌മെന്റിനെക്കുറിച്ചുള്ള എൻവിറോൺമെന്റ് മാനെജ്‌മെന്റ്, എംബിഎ പാഠ്യപദ്ധതിയുടെ ഭാഗമായ സ്ട്രാറ്റജിക് മാനെജ്‌മെന്റ് എന്നിങ്ങനെ രണ്ടു പുസ്തകങ്ങളുടെ പ്രകാശനമാണ് ഇന്ന് നടക്കുന്നത്. മന്ത്രിയുടെ വിമർശനത്തിന് ഈ വേദിയിൽ അദ്ദേഹം മറുപടി നൽകുമെന്നാണ് അറിയുന്നത്.