ഷിക്കാഗോ: അന്ത്യോഖ്യാ സിംഹാസനത്തിൻ കീഴിലുള്ള സെന്റ് ജോർജ് പള്ളി, സെന്റ് മേരീസ് പള്ളി, സെന്റ് മേരീസ് ക്‌നാനായ പള്ളി എന്നീ ഇടവക പള്ളികൾ ചേർന്ന് നടത്തിവരുന്ന മോറാൻ മോർ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ 83-മത് ഓർമ്മപ്പെരുന്നാൾ 2015 ഫെബ്രുവരി 14,15 തീയതികളിൽ ഓക്ക് പാർക്കിലുള്ള സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് നടത്തുന്നതിന് പെരുന്നാൾ സമിതി തീരുമാനിച്ചു.

ഫെബ്രുവരി എട്ടാം തീയതി വിശുദ്ധ കുർബാനയ്ക്കുശേഷം ഓക്ക്പാർക്ക് സെന്റ് ജോർജ് പള്ളിയിൽ പെരുന്നാളിന്റെ മുന്നോടിയായി കൊടികയറ്റ ചടങ്ങ് നടക്കും. 14-ന് ശനിയാഴ്ച വൈകുന്നേരം സന്ധ്യാ പ്രാർത്ഥനയും, പ്രസംഗവും ഡിന്നറും ഉണ്ടായിരിക്കും. 15-ന് വിശുദ്ധ മൂന്നിന്മേൽ കുർബാന, മദ്ധ്യസ്ഥ പ്രാർത്ഥന, സ്‌നേഹവിരുന്ന് എന്നിവയ്ക്കുശേഷം കൊടിയിറക്കത്തോടെ പെരുന്നാൾ സമാപിക്കും.

അപ്പോസ്തലന്മാരിൽ തലവനായ വിശുദ്ധ പത്രോസ് ശ്ശീഹയെപ്പറ്റി ഒരു ഉപന്യാസ മത്സരവും യുവജനങ്ങൾക്കുവേണ്ടി ക്രമീകരിച്ചിട്ടുണ്ട്. പരിശുദ്ധ പാത്രിയർക്കീസ് ബാവയെ കൊണ്ടുവരുന്നതിനും യോഗം തീരുമാനിച്ചു. കോർഡിനേറ്റർ ഷെവലിയാർ ചെറിയാൻ വേങ്കടത്ത് അറിയിച്ചതാണിത്.