ഷിക്കാഗോ: മലങ്കര സഭയിൽ സമാധാനം സ്ഥാപിക്കാനായി അന്ത്യോഖ്യയിൽ നിന്നും എഴുന്നെള്ളി വന്ന് 1932-ൽ മഞ്ഞിനിക്കരയിൽ ഖബറടങ്ങിയ പരിശുദ്ധ ഇഗ്‌നാത്തിയോസ് ഏലിയാസ് ത്രിതീയൻ പാത്രിയർക്കീസ് ബാവാ തിരുമനസിലെ 83-മത് ഓർമ്മപ്പെരുന്നാൾ ഷിക്കാഗോയിലുള്ള സെന്റ് ജോർജ്, സെന്റ് മേരീസ്, സെന്റ് മേരീസ് ക്‌നാനായ എന്നീ യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് ഇടവകകൾ സംയുക്തമായി 14,15 (ശനി, ഞായർ) എന്നീ തീയതികളിൽ ഓക്ക് പാർക്കിലുള്ള സെന്റ് ജോർജ് സുറിയാനി പള്ളിയിൽ വച്ച് വന്ദ്യ ഗീവർഗീസ് കോർഎപ്പിസ്‌കോപ്പ തെക്കേക്കര, റവ.ഫാ. മാത്യു കുരുത്തലയ്ക്കൽ, റവ. ഫാ. തോമസ് മേപ്പുറത്ത് എന്നീ വൈദീക ശ്രേഷ്ഠരുടെ കാർമികത്വത്തിലും, ഡീക്കൻ ലിജു പോളിന്റെ സഹകരണത്തിലും നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി.

എട്ടാം തീയതി ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം സെന്റ് ജോർജ് സുറിയാനി പള്ളിയിൽ കൊടിയേറ്റത്തോടെ പെരുന്നാളിന് തുടക്കമായി. 14-ന് വൈകുന്നേരം 6.30-ന് വിശ്വാസികൾ എത്തിച്ചേരും. ഏഴുമണിക്ക് സന്ധ്യാപ്രാർത്ഥന, പ്രസംഗം, ആശീർവാദം, ഭക്ഷണം എന്നിവയോടുകൂടി ശനിയാഴ്ചത്തെ പരിപാടികൾ സമാപിക്കും.

15-ന് ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത പ്രാർത്ഥനയും, 10 മണിക്ക് വിശുദ്ധ മൂന്നിന്മേൽ കുർബാനയും, പരിശുദ്ധ ബാവായുടെ നാമത്തിൽ മധ്യസ്ഥ പ്രാർത്ഥനയും ഉണ്ടായിരിക്കും. വിശുദ്ധ കുർബാനാനന്തരം നേർച്ച വിളമ്പ്, ഷിക്കാഗോ ചെണ്ട ക്ലബിന്റെ വാദ്യമേളം, സ്‌നേഹവിരുന്ന്, കൊടിയിറക്കം എന്നീ ചടങ്ങുകളോടെ ഈവർത്തെ തിരുനാൾ സമാപിക്കും.

എല്ലാ വിശ്വാസികളും നേർച്ചകാഴ്ചകളോടെ പരിശുദ്ധ ബാവായുടെ ഓർമ്മപ്പെരുന്നാളിൽ വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് ബഹുമാന്യരായ വൈദീകശ്രേഷ്ഠർ സ്‌നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു. ഷെവലിയാർ ചെറിയാൻ വേങ്കടത്ത് അറിയിച്ചതാണിത്.