കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ വോട്ടിങ്ങിൽ ക്രമക്കേട് നടന്നെന്നു കാട്ടി ബിജെപി നേതാവ് കെ.സുരേന്ദ്രൻ നൽകിയ ഹർജിയിൽ നിർണായക വഴിത്തിരിവ്. സ്ഥലത്തില്ലാത്തവരുടെയും മരിച്ചവരുടെയും പേരിൽ പോലും വോട്ട് രേഖപ്പെടുത്തി എന്ന ആരോപണം സാധൂകരിക്കാൻ പോന്ന ചില തെളിവുകൾ കെ.സുരേന്ദ്രൻ കോടതിയിൽ ഹാജരാക്കി. ഈ കേസ് ജയിക്കുമെന്നും മഞ്ചേശ്വരത്ത് നിന്ന് താൻ എംഎൽഎയാകുമെന്നുമാണ് സുരേന്ദ്രന്റെ പ്രതീക്ഷ.

2015ൽ മരിച്ച മഞ്ചേശ്വരം പഞ്ചായത്തിലെ ഉദ്യാവർ സ്വദേശി യു.എ.മുഹമ്മദ് 2016 മേയിൽ നടന്ന തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ഒമ്പതാം നമ്പർ ബൂത്തിൽ വോട്ടു രേഖപ്പെടുത്തിയതായി റിട്ടേണിങ് ഓഫിസറായ പി.എച്ച്.സിനാജുദ്ദീൻ ഹൈക്കോടതിയിൽ നേരിട്ടെത്തി മൊഴി നൽകിയിരുന്നു. ഈ മൊഴിയോടെയാണ് തിരഞ്ഞെടുപ്പിൽ വ്യാപക കൃത്രിമം നടന്നിട്ടുണ്ടെന്ന കെ.സുരേന്ദ്രന്റെ ഹർജിയിൽ കഴമ്പുണ്ടെന്ന നിഗമനത്തിൽ കോടതിയെത്തിയതും മണ്ഡലത്തിലെ ഏതാനും വോട്ടർമാരെ നേരിട്ട് വിളിച്ചു വരുത്തി വിശദീകരണം തേടാൻ തീരുമാനിച്ചതും. ഇതുപ്രകാരം പത്തു പേർക്ക് കോടതി സമൻസയച്ചിരുന്നു. ഇതിൽ രണ്ടു പേർ കോടതിയിൽ ഹാജരാവുകയും വോട്ട് ചെയ്തിട്ടില്ല എന്ന് അറിയിക്കുകയും ചെയ്തു.

ഭീഷണി മുലം മറ്റ് നാലു പേർക്ക് സമൻസ് എത്തിക്കാൻ കഴിഞ്ഞില്ലെന്ന് സമൻസ് എത്തിക്കാൻ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചു. ഇതോടെയാണ് ഇവർക്ക് സമൻസ് എത്തിക്കാൻ പൊലീസ് സഹായം നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി. സ്ഥലത്തില്ലാത്തവരും മരിച്ചവരുമായ 259 പേരുടെ പേരിൽ കള്ളവോട്ട് നടന്നിട്ടുണ്ടെന്നാണ് കെ.സുരേന്ദ്രന്റെ ആരോപണം. ഈ ആരോപണം പൂർണമായും തെളിയിക്കപ്പെട്ടാൽ മുസ്ലിം ലീഗ് അംഗം അബ്ദുൾ റസാഖിന്റെ തിരഞ്ഞെടുപ്പ് അസാധുവാക്കാനോ,കെ.സുരേന്ദ്രനെ വിജയിയായി പ്രഖ്യാപിക്കാനോ സാധ്യതയുണ്ട്. 89 വോട്ടിനാണ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്ന കെ.സുരേന്ദ്രൻ പരാജയപ്പെട്ടത്

കഴിഞ്ഞവർഷം മേയിൽ നടന്ന തെരഞ്ഞെടുപ്പിൽ 259 ആളുകളുടെ പേരിലാണ് കള്ളവോട്ട് നടന്നത്. ഇതേത്തുടർന്ന് സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സുരേന്ദ്രൻ സമർപ്പിച്ച തെളിവുകൾ കോടതി അംഗീകരിക്കുകയാണെങ്കിൽ ലീഗിലെ അബ്ദുൾ റസാഖിന്റെ വിജയം അസാധുവാകും. 89 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലാണ് റസാഖ് നിയമസഭയിലേക്ക് എത്തിയത്. അബ്ദുർറസാഖ് 89 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചതിനെതിരെ നൽകിയ ഹരജിയിൽ മണ്ഡലത്തിലെ വിവിധ സ്‌കൂളുകളിൽ വിദേശത്തുള്ള 298 പേരുടെ കള്ള വോട്ടുചെയ്തുവെന്നും അതിനാൽ തിരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്നും ആവശ്യപ്പെട്ടാണ് പരാജയപ്പെട്ട സ്ഥാനാർത്ഥി കെ സുരേന്ദ്രൻ കേസ് ഫയൽ ചെയ്തത്. എട്ടിന് 298 പേരുടെ വിചാരണ ആരംഭിച്ചത്.

ഇതിൽ പലർക്കും സമൻസ് പോലും നൽകാനാകുന്നില്ല. ഹാജരാകാൻ നിർദ്ദേശിച്ച് സമൻസ് അയച്ച പത്തു പേരിൽ അഞ്ചു പേർ പറഞ്ഞിരിക്കുന്ന അഡ്രസിലല്ല താമസിക്കുന്നതെന്നും അതിനാൽ സമൻസ് കൈമാറാൻ പറ്റിയില്ലെന്നും സുരേന്ദ്രന്റെ അഭിഭാഷകൻ കൃഷ്ണദാസ് കോടതിയെ അറിയിച്ചു. പലർക്കും സമൻസ് നേരിട്ടു കൊടുക്കാൻ പറ്റാത്ത സഹാചര്യമുണ്ടെന്ന് കെ. സുരേന്ദ്രന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. പൊലീസ് സംരക്ഷത്തിൽ ആമീൻ സമൻസിൽ പറഞ്ഞിരിക്കുന്ന വ്യക്തിക്കു നേരിട്ടു തന്നെ കൈമാറണമെന്നു ജഡ്ജി നിർദ്ദേശിച്ചു.

88 പേർ വോട്ടേഴ്സ് ലിസ്റ്റിൽ പറഞ്ഞിരിക്കുന്ന അഡ്രസിലില്ല താമസിക്കുന്നത്. ഇവർക്ക് സമൻസ് കൊടുക്കുന്നതിൽ അവ്യക്തത നിലനിൽക്കുന്നു. ഇവർ എവിടെയാണു താമസിക്കുന്നതെന്ന് അന്വേഷിച്ചു കണ്ടുപിടിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും സുരേന്ദ്രന്റെ അഭിഭാഷൻ കൃഷ്ണദാസ് ചൂണ്ടിക്കാട്ടി. ജൂലൈ 4 വരെയാണ് വിസ്താരം തീരുമാനിച്ചിരിക്കുന്നത്. 30ാം തീയതിയാണ് സമൻസ് വിതരണം ചെയ്യാനുള്ള തീരുമാനം വന്നത്. ഇതിനിടെയാണ് പുതിയ തെളിവുകൾ കോടതിക്ക് മുമ്പിലെത്തുന്നത്.