കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരായി. കേസിൽ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് രാവിലെ പതിനൊന്നിന് കാസർകോട് ഗസ്റ്റ് ഹൗസിൽ എത്തിയാണ് സുരേന്ദ്രൻ ഹാജരായത്.നാമനിർദേശ പത്രിക പിൻവലിക്കാൻ ബി എസ് പി സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദരയെ ഭീഷണിപ്പെടുത്തുകയും, കോഴ നൽകുകയും ചെയ്‌തെന്നാണ് കേസ്.

ഐപിസി 171 ബി, ഇ വകുപ്പുകൾ പ്രകാരം തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോഴ നൽകിയെന്ന കുറ്റമാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. നിലവിൽ കേസിലെ ഏക പ്രതിയും സുരേന്ദ്രനാണ്.മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥിയായിരുന്ന വിവി രമേശാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്.സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നും കെ.സുന്ദര മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. 15 ലക്ഷവും മംഗളൂരുവിൽ വൈൻ പാർലറും ചോദിച്ചെന്നും രണ്ടര ലക്ഷം രൂപയും 15,000 രൂപയുടെ മൊബൈൽഫോണും ലഭിച്ചെന്നുമാണ് സുന്ദരയുടെ മൊഴി.

സുന്ദരയിൽ നിന്ന് രണ്ട് ലക്ഷം രൂപ പൊലീസ് കണ്ടെടുത്തിരുന്നു. സുന്ദരയ്ക്ക് ലഭിച്ച മൊബൈൽ ഫോണും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു.