- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കിഡ്നാപ്പിഗ് നാടകത്തിന് ഒടുവിൽ മഞ്ചേശ്വരത്ത് ട്വിസ്റ്റ്! കഴിഞ്ഞതവണ സുരേന്ദ്രന്റെ തോൽവി ഉറപ്പിച്ച അപരൻ കെ സുന്ദര ഇക്കുറി പിന്മാറുന്നത് അയ്യപ്പന്റെ നാമത്തിൽ! ആചാര സംരക്ഷണത്തിന് പോരാടിയ സുരേന്ദ്രനെ പിന്തുക്കുന്നെന്ന് യക്ഷഗാന കലാകാരൻ; എൻഡിഎയിൽ ചേർന്നു പ്രവർത്തിക്കുമെന്നും ബിഎസ്പി സ്ഥാനാർത്ഥി
കാസർകോട്: മനോരമ ന്യൂസ് പുറത്തുവിട്ട സർവേയിൽ ബിജെപിക്ക് നൽകുന്ന പ്രതീക്ഷയാണ് മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ വിജയിക്കും എന്നത്. കഴിഞ്ഞ തവണ സുരേന്ദ്രന് നഷ്ടമായ അവസരം ഇക്കുറി ലഭിക്കുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. എന്നാൽ, കഴിഞ്ഞ തവണ 89 വോട്ടിന്റെ തോൽവിക്ക് ഇടയാക്കിയ നേരിയ സാഹചര്യം ഒഴിക്കാൻ ബിജെപി പരമാവധി ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഒരു കാര്യത്തിൽ അവർ വിജയം കണ്ടിരിക്കുന്നു. കെ സുരേന്ദ്രൻ അപരനായി എത്തിയ കെ സുന്ദരയെ എൻഡിഎ പക്ഷത്തേക്ക് എത്തിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അപരനായി മത്സരിച്ചു മഞ്ചേശ്വരത്തു താമര വിരിയുന്നതു തടഞ്ഞ സുന്ദര ഇനി താമര വിരിയിക്കാൻ വോട്ടു തേടും. മഞ്ചേശ്വരത്തു ബിഎസ്പി സ്ഥാനാർത്ഥിയായി നാമനിർദേശ പത്രിക നൽകിയ കെ.സുന്ദര ഇന്നു പത്രിക പിൻവലിക്കും. ഇത്തവണ ബിജെപിക്കു പിന്തുണ നൽകുമെന്നും സുന്ദര പറഞ്ഞു. സുന്ദരയോടൊപ്പം ബിജെപി നേതാക്കൾ നിൽക്കുന്ന ചിത്രം ബിജെപി മീഡിയ വാട്സാപ് ഗ്രൂപ്പിലൂടെ പുറത്തു വിട്ടു. ഇന്നു 11 മുതൽ 3 വരെയാണു പത്രിക പിൻവലിക്കാനുള്ള സമയം.
2016 തിരഞ്ഞെടുപ്പിൽ കെ.സുന്ദര നേടിയ 467 വോട്ടുകൾ എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ 89 വോട്ടിനു പരാജയപ്പെടാൻ കാരണമായിരുന്നു. ഇതേസമയം, തങ്ങളുടെ സ്ഥാനാർത്ഥിയെ ബിജെപി തട്ടിക്കൊണ്ടുപോയെന്നു ബിഎസ്പി നേതാക്കൾ ആരോപിച്ചു. ശനിയാഴ്ച വൈകിട്ടു 4നു ശേഷം കെ.സുന്ദരയെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും സുന്ദരയെ ബിജെപി നേതാക്കൾ ഭീഷണിപ്പെടുത്തിയിരുന്നെന്നും ബിഎസ്പി ജില്ലാ ഭാരവാഹികൾ ആരോപിച്ചു. സ്ഥാനാർത്ഥിയെ കാണാനില്ലെന്നു ബദിയടുക്ക പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും രാത്രിയോടെ പിൻവലിച്ചു.
എന്നാൽ തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും കൂടുതൽ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണു പത്രിക പിൻവലിക്കാൻ തീരുമാനിച്ചതെന്നും കെ.സുന്ദര പ്രതികരിച്ചു. ശനിയാഴ്ച വൈകിട്ട് ബിജെപി നേതാക്കൾ കണ്ടെന്നും അവർ പറഞ്ഞതിനാൽ ഫോൺ ഓഫ് ചെയ്യുകയായിരുന്നു എന്നും സുന്ദര പറഞ്ഞു. അതേസമയം തന്നെ ബിജെപിക്കാൻ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് സുന്ദര അറിയിച്ചതായി ബിഎസ്പി ജില്ലാ പ്രസിഡന്റ് വിജയകുമാർ പറഞ്ഞു.
ശനിയാഴ്ച വൈകീട്ട് നാലുമുതൽ സുന്ദരയെ കാണാതായതായി പരാതിപെട്ട് വിജയകുമാർ ബദിയടുക്ക പൊലീസിനെ സമീപിച്ചിരുന്നു. പൊലീസ് സുന്ദരനെ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് പത്രിക പിൻവലിക്കുന്നതായി അറിയിച്ചത്. 2016 ലെ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സുന്ദര ഇത്തവണ ബിഎസ്പി സ്ഥാനാർത്ഥിയായി നോമിനേഷൻ നൽകിയിരുന്നെങ്കിലും അദ്ദേഹം കെസുരേന്ദ്രന് വേണ്ടി നോമിനേഷൻ പിൻവലിച്ച് എൻഡിഎയുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായാണ് ബിജെപി നേതാക്കളുടെ വിശദീകരണം.
യക്ഷഗാന കലാകാരൻ കൂടിയായ സുന്ദര, ശബരിമല ആചാരങ്ങൾ സംരക്ഷിക്കാൻ വേണ്ടി ധീരോധാത്തമായ സമരം നയിച്ച കെ സുരേന്ദ്രന് ഒരു തടസമാവാൻ ആഗ്രഹിക്കുന്നില്ലെന്ന തന്റെ തീരുമാനത്തെ തുടർന്നാണ് പത്രിക പിൻവലിക്കുന്നതെന്ന് നേതാക്കൾ അറിയിച്ചു. കഴിഞ്ഞതവണ ബാലറ്റ് പേപ്പറിൽ കെ സുന്ദര എന്ന പേര് നൽകിയിരുന്ന അദ്ദേഹത്തിന് 467 വോട്ടുകൾ ലഭിച്ചിരുന്നു. കെ സുരേന്ദ്രൻ 89 വോട്ടിനാണ് കഴിഞ്ഞ തവണ പരാജയപ്പെട്ടത്. ഇനി എം സുരേന്ദ്രനാണ് അപരനായുള്ളത്.
മറുനാടന് മലയാളി ബ്യൂറോ