ലണ്ടൻ: നഴ്‌സായി യുകെയിൽ എത്തിയ ശേഷം ഡോക്ടറായി മാറുന്ന മലയാളികളുടെ എണ്ണം പെരുകുകയാണ്. ജനറൽ നഴ്‌സിങ് പഠിച്ച് യുകെയിൽ എത്തിയ ശേഷം ബിഎസ്‌സി നഴ്‌സിങ്ങും എംഎസ്‌സി നഴ്‌സിങ്ങും പഠിച്ച് ഒടുവിൽ ഡോക്ടറേറ്റ് എടുത്ത മാഞ്ചസ്റ്ററിലെ അജിമോൾ പ്രദീപ് ഒരു ഉദാഹരണം മാത്രമാണ്. പഠന സമയം മുഴുവൻ അസാധാരണ മികവ് കാട്ടി തിളങ്ങിയ മാഞ്ചസ്റ്ററിലെ മറ്റൊരു പെൺകുട്ടി കൂടി ഇപ്പോൾ ഡോക്ടറേറ്റിന്റെ തിളക്കത്തിലായി. മാഞ്ചസ്റ്റർ റോയൽ ഇൻഫോർമറി ആശുപത്രിയിലെ ബാൻഡ് 8 നഴ്‌സായ മഞ്ജു ലക്‌സണാണ് അപൂർവ്വ നേട്ടം കൈവന്ന ഈ യുകെ മലയാളി നഴ്‌സ്. അധികം ആരും പഠിക്കാൻ ശ്രമിക്കാത്ത റിസേർച്ച് കൾച്ചറിൽ ആണ് മഞ്ജു ഡോക്ടറേറ്റ് നേടിയത്. മാഞ്ചസ്റ്റർ മെട്രോപോളിറ്റൻ യുണിവേഴ്‌സിറ്റിയിൽ നിന്നും പ്രഫ. കാരോൾ ഹേ യുടെയും ഡോ. ഫിയോന ഡങ്കന്റെയും മേൽനോട്ടത്തിലാണ് മഞ്ജു പഠനം പൂർത്തിയാക്കിയത്.

നേഴ്‌സിങ് മേഖലയുമായി ബന്ധപ്പെട്ട് ക്ലിനിക്കൽ റിസേർച്ചിൽ മഞ്ജു ലക്‌സൺ മുൻപ് നേട്ടം കൈവരിച്ചിരുന്നു. റിസേർച്ച് കൾച്ചറിനെ ആസ്പദമാക്കിയുള്ള മഞ്ജുവിന്റെ ഗവേഷണത്തിന്, ഏതാനും നാളുകൾക്ക് മുമ്പ് നഴ്‌സിങ് റിസേർച്ച് സൊസൈറ്റി ഓഫ് ഇന്ത്യയുടെ (NRSI ) മംഗലാപുരം ഫാ. മുല്ലെർസിൽ നടത്തിയ അന്താരാഷ്ട്ര സമ്മേളനത്തിൽ ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു. മൂന്നു ദിവസം നടന്ന സമ്മേളനത്തിൽ ലോകത്തിലെ വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ അവതരിപ്പിച്ച പ്രബന്ധങ്ങളെ മറികടന്നാണ് മഞ്ജു ഈ അപൂർവ്വ നേട്ടം കൈവരിച്ചത്.

കഴിഞ്ഞവർഷം ദി അഡ്വർടൈസർ എന്ന മാഞ്ചസ്റ്ററിലെ പ്രമുഖ ദിന പത്രത്തിൽ മഞ്ജുവിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. ഇന്റർ നാഷണൽ ക്ലിനിക്കൽ ട്രയൽസ് ദിനത്തിലാണ് പത്രം മഞ്ജുവുമായി അഭിമുഖം നടത്തിയത്. ഏതെങ്കിലും മേഖലയിൽ അസാധാരണ നേട്ടം കൈവരിക്കുന്നവരെയാണ് പത്രങ്ങൾ ഇങ്ങനെ അഭിമുഖങ്ങൾക്കായി തെരഞ്ഞെടുക്കുക. ബ്രിട്ടീഷ് മലയാളിയുടെ മുൻ ബെസ്റ്റ് നഴ്‌സ് അവാർഡ് ജേതാവായ അജിമോൾ പ്രദീപിനെ കുറിച്ചും ദേശീയ പത്രങ്ങളും ചാനലുകളും മുമ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഞ്ജുവുമായുള്ള അഭിമുഖത്തിൽ ക്ലിനിക്കൽ റിസേർച്ച് എന്താണെന്നും അതിന്റെ മർമ്മവും പ്രാധാന്യം ഒക്കെ വിശദീകരിക്കുന്നതായിരുന്നു ഉള്ളടക്കം.


ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ എൻട്രൻസ് പരീക്ഷയിൽ റാങ്കോടെ നഴ്‌സിങ് പഠനത്തിന് തുടക്കം കുറിച്ച മഞ്ജു, മൂന്നാം റാങ്കോടെയാണ് ബിഎസ്സി (ഹോണേഴ്‌സ്, 1996/2000)പഠനം പൂർത്തിയാക്കിയത്. തുടർന്ന് 2001 ൽ യുകെയിലെത്തി മാഞ്ചസ്റ്റർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് 2002 ൽ തന്നെ അഡ്വാൻസ്ഡ് നഴ്‌സിങ് സ്റ്റഡീസിൽ എംഎസ്‌സി ബിരുദം നേടി. മലയാളികളുടെ രണ്ടാം ഘട്ട കുടിയേറ്റം ആരംഭിച്ച ആദ്യ സമയത്ത് യുകെയിൽ എത്തിയ മലയാളി നഴ്‌സുമാരിൽ ഒരാളാണ് മഞ്ജു. ആദ്യമായി എൻഎച്ച്എസ് ഉന്നത സ്ഥാനങ്ങളിൽ പരിഗണിച്ച മലയാളി നഴ്‌സുമാരിൽ ഒരാളാണ് മഞ്ജു.

ഈ കാലയളവിൽ ജർമനി, ഓസ്ട്രിയ, സ്വിറ്റ്‌സർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നടത്തിയ ഗവേഷണങ്ങളിലും നിരവധി ഇന്റർനാഷണൽ കോൺഫറൻസുകളിലും റിസേർച്ച് പ്രോജക്ടുകളിലും മഞ്ജു പങ്കാളിയായി മികച്ച സ്‌കോർ നേടിയിരുന്നു. സെൻട്രൽ മാഞ്ചസ്റ്റർ യൂണിവേഴ്‌സിറ്റി എൻഎച്ച്എസ് ട്രസ്റ്റിൽ ട്രാഫോർഡ് ആശുപത്രികളുടെയും അക്യൂട്ട് മെഡിസിൻ കമ്യൂണിറ്റി മെഡിസിൻ വിഭാഗങ്ങളുടെയും ഡിവിഷണൽ റിസേർച്ച് മാനേജരായി ചുമതല വഹിച്ചിരുന്ന മഞ്ജു ഇപ്പോൾ മാഞ്ചസ്റ്റർ മെട്രോപ്പൊലീറ്റൻ യൂണിവേഴ്‌സിറ്റിയിൽ ഹോണററി സ്റ്റാഫാണ്. നിലവിൽ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഹെൽത്ത് റിസേർച്ചിന്റെ മാഞ്ചസ്റ്റർ ക്ലിനിക്കൽ റിസർച്ച് ഫെസിലിറ്റിയിൽ ക്വാളിറ്റി ലീഡ് ആയി ജോലി നോക്കുന്നു. റിസേർച്ച് വിഭാഗത്തിന്റെ ഇക്വാലിറ്റി ആൻഡ് ഡൈവേഴ്‌സിറ്റി കോർഡിനേറ്റർ കൂടിയാണ് മഞ്ജു.

യു കെയിലെ ഹൈപ്പർടെൻഷൻ സ്‌പെഷ്യലിസ്റ്റ് നേഴ്‌സുമാരുടെ ദേശീയ സംഘടനയായ നേഴ്‌സസ് ഹൈപ്പർടെൻഷൻ അസോസിയേഷൻ ഓഫ് യു കെയിൽ രണ്ടുവർഷം ജോയിന്റ് സെക്രട്ടറിയും തുടർന്ന് ഈ അസോസിയേഷന്റെയും സൊസൈറ്റിയുടെയും നിരവധി കോൺഫറൻസുകളിൽ അധ്യക്ഷയുമായിരുന്നു. ഇന്റർനാഷണൽ ജേർണലുകളിലെ ക്ഷണിതാവ് എന്ന നിലയിൽ നിരവധി ലേഖനങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ലിവർപൂൾ യൂണിവേഴ്‌സിറ്റിയിലെ ഒബ്‌സർവേഷണൽ ക്ലിനിക്കൽ സ്‌കിൽസ് എക്‌സാമിനറായും സേവനം നൽകിയിട്ടുണ്ട്.
 
നാട്ടിലായിരുന്നപ്പോൾ കലാരംഗത്ത് സജീവമായിരുന്ന മഞ്ജു ബ്രിട്ടനിലെത്തിയശേഷം യുകെയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മ നടത്തിയ കലോൽസവത്തിൽ കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സംഘടനകളിലും മാഞ്ചസ്‌ററർ കാത്തലിക് അസോസിയേഷൻ ഉൾപ്പെടെയുള്ള മലയാളി കൂട്ടായ്മകളിൽ സജീവ പ്രവർത്തകയുമാണ്. ഒഐസിസി നേതാവായ ചങ്ങനാശേരി തുരുത്തി സ്വദേശി ലക്‌സൺ ഫ്രാൻസിസ് കല്ലുമാടിക്കലിന്റെ ഭാര്യയാണ് മഞ്ജു. ലിവിയ, എൽവിയ, എല്ലിസ് എന്നിവർ മക്കളാണ്. കോട്ടയം ജില്ലയിലെ കൊഴുവനാൽ മഞ്ഞാമറ്റം പള്ളത്ത് ചാക്കോച്ചൻ ആനിയമ്മ ദമ്പതികളുടെ മകളാണ് മഞ്ജു.