കൊച്ചി: ദിലീപ്-മഞ്ജു വാര്യർ വിവാഹം 1998 ൽ ആസൂത്രണം ചെയ്തവരിൽ അൻവർ സാദത്ത് എംഎ‍ൽഎ ഒഴികെയുള്ള പ്രധാനികളാരും കാവ്യദിലീപ് വിവാഹത്തിന് എത്തിയില്ല. കോഴിക്കോട് രഞ്ചൻ പ്രമോദിന്റെ ചിത്രത്തിന്റെ ഷൂട്ടിംഗിലുണ്ടായിരുന്ന ബിജു മേനോനെ ദിവസങ്ങൾക്ക് മുമ്പേ ദിലീപ് ഫോണിലൂടെ ക്ഷണിച്ചിരുന്നു. ലാൽ ജോസിനെ ദിലീപും കാവ്യയും വിവാഹത്തിന് ക്ഷണിച്ചെങ്കിലും അദ്ദേഹവും എത്തിയില്ല. 

ബിജു മേനോൻ, കലാഭവൻ മണി, ലാൽ ജോസ്, അൻവർ സാദത്ത്, ആലുവയിലെ ഐ.എൻ.ടി.യു.സി നേതാവ് കെസി രമേശൻ, ഷെരീഫ് എന്നിവരായിരുന്നു 1998 ഒക്ടോബർ 20 ന് ആലുവ കൃഷ്ണ ക്ഷേത്രത്തിൽ വച്ച് നടന്ന വിവാഹം ആസൂത്രണം ചെയ്തത്. മഞ്ജുവിന്റെ വീട്ടിൽ നിന്ന് ആരുമറിയാതെ ഇറക്കികൊണ്ടുവന്നാണ് ദീലീപ് വിവാഹം ചെയ്തത്. ഇപ്പോഴത്തെ ആലുവ എംഎൽഎ അൻവർ സാദത്ത് അടക്കമുള്ളവർ അന്ന് ചടങ്ങിൽ പങ്കെടുത്തിരുന്നു.

വിവാഹം നടക്കുന്ന കാലത്ത് സിനിമാലോകത്ത് തിളങ്ങി നിൽക്കുന്ന താരമായിരുന്നു മഞ്ജു. മികച്ച അഭിനയത്തിലൂടെ സൂപ്പർ താരങ്ങൾക്കൊപ്പം പേരെടുത്ത താരമായി മാറിയ മഞ്ജു രണ്ടാംനിര നായകൻ മാത്രമായിരുന്ന ദിലീപിനെ വിവാഹം കഴിക്കുന്നത് മഞ്ജുവിന്റെ വീട്ടുകാർ അനുകൂലിച്ചിരുന്നില്ല. ഇതോടെയാണ് സുഹൃത്തുക്കൾ ചേർന്ന് ഇരുവരുടേയും വിവാഹം നടത്തിക്കൊടുത്തത്.

അതോടെ മഞ്ജു സിനിമാലോകത്തോട് വിടപറയുകയും ചെയ്തുവെന്നത് ചരിത്രം. ലാലിനൊപ്പം ആറാം തമ്പുരാൻ, കന്മദം, തിലകനൊപ്പം തകർത്തഭിനയിച്ച നായികാപ്രാധാന്യമുള്ള കണ്ണെഴുതി പൊട്ടുംതൊട്ട്, സുരേഷ്‌ഗോപിയുടെ നായികയായി പത്രം എന്നിങ്ങനെ നായികാ കഥാപാത്രങ്ങളെ ഉജ്വലമാക്കി പ്രേക്ഷകരുടെ ഇഷ്ടനായികയായി മാറിയിരുന്നു അന്ന് മഞ്ജു. അക്കാലത്താണ് പൊടുന്നനെ ദിലീപുമായി വിവാഹം നടക്കുന്നതും മഞ്ജു ചലച്ചിത്ര ലോകത്തോട് വിടപറയുന്നതും.

ആദ്യ വിവാഹം പോലെതന്നെ അപ്രതീക്ഷിതമായാണ് ദിലീപും കാവ്യയും വിവാഹിതരാകുന്നതും. ഇരുവരും വിവാഹിതരാകുന്നുവെന്ന ഗോസിപ്പുകൾ ദിലീപ്-മഞ്ജു വിവാഹമോചന വാർത്ത വന്നതിന് പിന്നാലെ തുരുതുരാ വന്നുകൊണ്ടിരുന്നു. ഒടുവിൽ അഭ്യൂഹങ്ങൾക്ക് അറുതിവരുത്തി ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു.

രണ്ടാഴ്ച മുമ്പാണ് ദിലീപ് കാവ്യ വിവാഹം സജീവമായി ആലോചയിലെത്തുന്നത്. എന്നാൽ സ്ഥലവും തിയതിയും തീരുമാനിച്ചിരുന്നില്ല. ആലുവയിലെ സ്വകാര്യ ഹോട്ടലിൽ വച്ച് നടത്താനായിരുന്നു ആദ്യം തീരുമാനമെടുത്തത്. എന്നാൽ പിന്നീട് മാറ്റുകയായിരുന്നു. വ്യാഴാഴ്ചയാണ് വിവാഹ വിവരം താൻ അറിയുന്നതെന്നാണ് എം.എൽഎ അൻവർ സാദത്ത് പറഞ്ഞത്.

അതേസമയം ബിജു മേനോൻ വിവാഹത്തിന് എത്താതിരുന്നത്, സംയുക്തയെ ക്ഷണിക്കാത്തതിനാലാണ് എന്നാണ് വിവരം. മഞ്ജു വാര്യരും സംയുക്ത വർമ്മയും തമ്മിൽ അടുത്ത സൗഹൃദമാണുള്ളത്. ഇതാണ് സംയുക്തയെ ഒഴിവാക്കിയതിന് കാരണമെന്നാണ് വിവരം. മഞ്ജുവിന്റെ അടുത്ത സുഹൃത്തുക്കൾ ആയതിനാൽത്തന്നെ ഭാവന, പൂർണ്ണിമ ഇന്ദ്രജിത്ത്, ഗീതു മോഹൻദാസ്, ശ്വേതാ മേനോൻ, സംയുക്ത വർമ്മ എന്നീ മുൻനിര നടിമാരെ വിവാഹത്തിന് ക്ഷണിക്കുന്നതിൽ നിന്ന് ഇരുവരും ഒഴിവാക്കുകയായിരുന്നു കാവ്യയുടെ ആദ്യ ഭർത്താവ് നിഷാൽചന്ദ്രയുടെ അടുത്ത ബന്ധുവാണ് സുരേഷ്‌ഗോപി.

സുരേഷ് ഗോപിയടക്കം മഞ്ജു വാര്യരുമായും നിഷാൽ ചന്ദ്രയുമായും അടുപ്പമുള്ള ആരേയും ഇരുവരും വിവാഹത്തിന് ക്ഷണിച്ചില്ല. മഞ്ജുവുമായുള്ള അടുത്ത ബന്ധത്തിന്റെ പേരിൽ ഭാവനയുടെ മലയാളം സിനിമാ രംഗത്തെ ഭാവി ഇല്ലാതാക്കുന്നുവെന്ന് നേരത്തേ മുതലേ സിനിമ രംഗത്തുള്ള പലരും ആക്ഷേപം ഉന്നയിച്ചിരുന്നു.

ദിലീപ്-കാവ്യ താരജോഡികളുടെ സിനിമാ പ്രവേശം മുതൽ കൂടെയുള്ള ലാൽജോസും ഇരുവരുടേയും വിവാഹത്തിൽ സംബന്ധിച്ചില്ലെന്നതും സംസാരമായി. 1991ലെ കമൽ ചിത്രത്തിൽ ബാലതാരമായാണ് കാവ്യ സിനിമയിൽ രംഗപ്രവേശം ചെയ്യുന്നത്. ഈ ചിത്രത്തിൽ സഹസംവിധായകനായി സിനിമാലോകത്തേക്ക് എത്തിയതാണ് ദിലീപ്. കൂടെ മറ്റൊരു സഹസംവിധായകനായിരുന്നു ലാൽജോസ്. പിന്നീട് ലാൽജോസ് സംവിധാന രംഗത്തു തുടർന്നു. ദിലീപ് നടനായി. മഞ്ജുവിനെ ദിലീപ് 1998ൽ വിവാഹംകഴിക്കുമ്പോൾ അതിന് സഹായംചെയ്തുകൊടുത്ത കൂട്ടുകാരിൽ ഒരാളായിരുന്നു ലാൽജോസ്.

പിന്നീട് അടുത്തവർഷം കാവ്യയും ദിലീപും ആദ്യമായി നായികയും നായകനുമായ ചിത്രം ചന്ദ്രനുദിക്കുന്ന ദിക്കിൽ ഒരുക്കിയതും ലാൽജോസാണ്. ദിലീപിന്റെ കരിയർ ഗ്രാഫ് കുത്തനെ ഉയർത്തി ലാൽജോസ് സംവിധാനം ചെയ്ത മീശമാധവനിലും നായിക കാവ്യയായിരുന്നു. തന്റെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച, അടുത്ത ബന്ധമുള്ള കാവ്യയും ദിലീപും ജീവിതത്തിൽ ഒരുമിച്ചപ്പോൾ ലാൽജോസ് എത്താതിരുന്നത് എന്തുകൊണ്ടെന്ന സംസാരമാണ് ഇപ്പോൾ സിനിമാ ലോകത്ത്.

സമാനമായ രീതിയിൽ തന്നെ നടൻ കുഞ്ചാക്കോ ബോബന്റെ അസാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു. ദിലീപുമായുള്ള ബന്ധം വേർപെടുത്തിയ ശേഷമുള്ള രണ്ടാംവരവിൽ കുഞ്ചാക്കോ ബോബനായിരുന്നു ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലെ നായകൻ. ഭർത്താവിനാൽ അടിച്ചമർത്തപ്പെടുകയും സ്വന്തം കഴിവുകൾ പുറത്തെടുക്കാൻ അവസരം ലഭിക്കാതിരിക്കുകയും ചെയ്യുന്ന, ഭർത്താവിന്റെ താൽപര്യങ്ങൾക്കുവേണ്ടി സ്വന്തം ജീവിതം ഹോമിക്കേണ്ടിവരുന്ന നായികയെയാണ് മഞ്ജു ഇതിൽ അവതരിപ്പിച്ചത്. ഇതോടെ ചിത്രം ദിലീപുമൊത്തുള്ള മഞ്ജുവിന്റെ ജീവിതകഥയുടെ ചിത്രീകരണമാണെന്ന അഭിപ്രായവും ഉയർന്നിരുന്നു. ഇതോടെ ഇപ്പോൾ വിവാഹത്തിന് കുഞ്ചാക്കോ സംബന്ധിക്കാത്തതും ചർച്ചയായിട്ടുണ്ട്.