തിരുവനന്തപുരം: ദിലീപ്-കാവ്യ വിവാഹത്തിന് ശേഷം മഞ്ജു വാര്യരുടെ ആദ്യ ഫേസ്‌ബുക്ക് പോസ്റ്റ് എന്താകുമെന്ന് ആകാംക്ഷയിലായിരുന്നു അവരുടെ ആരാധകർ ഇതുവരെ. എന്തായാലും ഈ വിഷയത്തിൽ പരസ്യമായി ഒരു അഭിപ്രായപ്രകടനം നടത്താൻ അവർ തയ്യാറായേക്കില്ല. എന്നാൽ, തനിക്ക് ആരാധകരോട് പറയാനുള്ള വാക്കുകൾ മഞ്ജു ഫേസ്‌ബുക്കിൽ കുറിച്ചിടുകയും ചെയ്തിട്ടുണ്ട്. വിവാഹദിവസം തൃശൂരിലെ വീട്ടിലായിരുന്ന മഞ്ജു മുംബൈയിൽ നിന്നാണ് ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടത്.

ക്യൂബൻ കമ്മ്യൂണിസ്റ്റ് നേതാവ് ഫിഡൽ കാസ്‌ട്രോയുടെ വിയോഗത്തിൽ ആദരാഞ്ജലി അർപ്പിച്ചു കൊണ്ടുള്ള ഫേസ്‌ബുക്ക് പോസ്റ്റിൽ തോൽക്കില്ലെന്ന കാര്യം എടുത്തു പറഞ്ഞു കൊണ്ടാണ് മഞ്ജുവിന്റെ നിലപാട് വ്യക്തമാക്കൽ.

ലോകമെങ്ങുമുള്ള പോരാളികളുടെ സംഗീതമായിരുന്നു ഫിഡൽ കാസ്‌ട്രോയെന്ന് മഞ്ജു പറഞ്ഞു. ശരിയെന്ന് താൻ വിശ്വസിച്ചതിന് വേണ്ടിയുള്ള ആ പോരാട്ടത്തിൽ അപ്പുറത്തായിരുന്നു ആളും ആരവവും സന്നാഹങ്ങളും സാമ്രാജ്യത്വ സൗഹൃദങ്ങളും. പക്ഷേ മനുഷ്യർ എപ്പോഴൂം ഇപ്പുറത്ത് തന്നെയായിരുന്നു ഫിഡലിനൊപ്പം.

ശക്തരായ ശത്രുക്കളെ അദ്ദേഹം ജയിച്ചത് മനക്കരുത്തും ആശയങ്ങളുടെ ഉൾക്കരുത്തും കൊണ്ടാണ്. മൈ ലൈഫ് എന്ന പുസ്തകം വായിച്ച ചെറുപ്പകാലം തൊട്ടേ തോൽക്കാൻ തയ്യാറാകാതിരുന്ന ആ ജീവിതം നൽകിയ പ്രചോദനം ചെറുതല്ല. തോൽക്കരുതെന്ന് പഠിപ്പിച്ചതിന്റെ പേരിലാകും വരും കാലം അദ്ദേഹത്തെ ഓർമ്മിക്കു എന്നും മഞ്ജു പറഞ്ഞു.

മഞ്ജുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. നൂറ് കണക്കിന് ആളുകൾ നിമിഷ നേരം കൊണ്ട് പോസ്റ്റ് ഷെയർ ചെയ്തു. തോൽക്കരുത് ചേച്ചീ എന്നു പറഞ്ഞു കൊണ്ട് മഞ്ജുവിനെ പിന്തുണച്ച് ആയിരക്കണക്കിന് പേർ കമന്റുകൾ രേഖപ്പെടുത്തുന്നുണ്ട്.