കൊച്ചി: മഴവിൽ മനോരമയുടെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിലും മഞ്ജുവാര്യർ പറഞ്ഞത് തന്റെ രക്ഷപ്പെടലിനെ കുറിച്ചാണ്. സൈറാ ബാനുവുമായി ബന്ധപ്പെട്ട പ്രെമോഷനിലായിരുന്നു ഇത്.

അഭിനയത്തിന്റെ തുടക്കകാലത്ത് ലോഹിതദാസിന്റെ സല്ലാപത്തിൽ അഭിനയിച്ചപ്പോൾ സംഭവിച്ച ഒരു അബദ്ധത്തെക്കുറിച്ച് മഞ്ജുവാര്യർ ഒന്നും ഒന്നും മൂന്ന് പരിപാടിയിൽ വ്യക്തമാക്കി. സല്ലാപത്തിന്റെ ക്ലൈമാക്‌സ് സീൻ ഷൂട്ട് ചെയ്യുന്നതിനിടയിൽ ഭാഗ്യം കൊണ്ടാണ് താൻ തീവണ്ടിക്കടിയിൽ പെട്ട് പോകാതിരുന്നതെന്നും മഞ്ജു വ്യക്തമാക്കി.

മനോജ് കെ ജയൻ പിടിച്ചു മാറ്റിയതു കൊണ്ടാണ് ജീവനോടെ ഇപ്പോഴുള്ളത്. അതിന് അദ്ദേഹത്തോട് എന്നും കടപ്പെട്ടിരിക്കും. സല്ലാപത്തിന്റെ ക്ലൈമാക്‌സിൽ തീവണ്ടിക്കു മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ പോകുന്നതാണ് സീൻ. എന്നാൽ തീവണ്ടി അടുത്തെത്തിയിട്ടും അഭിനയത്തിന്റെ ആവേശത്തിൽ താൻ മാറിയില്ല. പെട്ടെന്ന് മനോജ് ചേട്ടൻ പിടിച്ചു മാറ്റുകയായിരുന്നു. തന്റെ നീളമുള്ള കുറെ മുടി തീവണ്ടിക്കടിയിൽ പെട്ടു. പക്ഷെ ജീവൻ രക്ഷപെട്ടു, മഞ്ജുവാര്യർ വ്യക്തമാക്കി.

മഞ്ജുവിന്റെ ആദ്യ സിനിമയാണ് സല്ലാപം. ലോഹിതദാസിന്റെ തിരക്കഥയിൽ ഗ്രാമീണപശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന സല്ലാപം സുന്ദർദാസ് സംവിധാനം നിർവഹിച്ച ആദ്യചിത്രമാണ്. ദിലീപായിരുന്നു നായകൻ.