തിരുവനന്തപുരം: മലയാള സിനിമയിൽ സ്ത്രീകൾ പീഡിപ്പിക്കപ്പെടുകയാണോ? പല തരത്തിൽ ഇത് ചർച്ചയായി. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതോടെ ഇതിന് പുതിയ തലമെത്തി. മഞ്ജു വാര്യരുടെ നേതൃത്വത്തിൽ വനിതാ കൂട്ടായ്മ രൂപപ്പെട്ടു. എന്നാൽ ഈ കൂട്ടായ്മ മഞ്ജുവിന്റെ ആശയമായിരുന്നില്ലെന്ന് പിന്നീട് വ്യക്തമാവുകയും ചെയ്തു. സ്ത്രീ പക്ഷ വാദത്തിന് കരുത്ത് പകരാൻ മഞ്ജുവും കൂട്ടായ്മയ്‌ക്കൊപ്പം ചേരുകയായിരുന്നു. ഇതിനിടെ പല വിവാദങ്ങളും ഉണ്ടായി. രാജ്യാന്തര ചലച്ചിത്ര മേളയിൽ പാർവതിയുടെ അഭിപ്രായ പ്രകടനം മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയെ സംബന്ധിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കിയിരിക്കുകയാണ്.

മമ്മൂട്ടി നായകനായ കസബയെ പാർവതി വിമർശിച്ചാണ് വിവാദങ്ങൾക്ക് തിരിക്കൊളുത്തിയത്. തുടർന്ന് പാർവതിക്ക് നേരെ ശക്തമായ സൈബർ ആക്രമണമാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇതിനിടെ വനിതാ കൂട്ടായ്മയുടെ ഫെയ്‌സ് ബുക്ക് പേജിൽ മമ്മൂട്ടിക്കെതിരായ ലേഖനം ഷെയർ ചെയ്തു. ഇതോടെ വിവാദങ്ങൾ പുതിയ തലത്തിലെത്തി. ഇതിനോടൊന്നും പ്രത്യക്ഷമായി മഞ്ജു വാര്യർ പ്രതികിരച്ചിരുന്നില്ല. എന്നാൽ വിവാദങ്ങളോട് ലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൺ ഇൻ സിനിമാ കളക്ടീവ് എന്ന സംഘടനയിലെ അംഗമെന്ന നിലയിൽ മഞ്ജു വാര്യർ ഒടുവിൽ പ്രതികിരിച്ചു. സൂര്യ ടോക്ക് ഫെസ്റ്റിവലിൽ സദസ്സുമായി സംവദിക്കുന്നതിനിടെ മഞ്ജുവിന് ആ ചോദ്യം നേരിടേണ്ടി വന്നു. വിവാദത്തെക്കുരിച്ച് സംസാരിക്കേണ്ട വേദിയല്ല ഇതെന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം.