തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുവാനും സ്ത്രീ പുരുഷ മൂല്യങ്ങൾ സംരക്ഷിക്കാനുമായി സംഘടിപ്പിക്കുന്ന വനിതാ മതിലിന് പൂർണ്ണ പിന്തുണയുമായി മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ. വനിതാ മതിലിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലാണ് താരം പിന്തുണ പ്രഖ്യാപിക്കുന്ന വീഡിയോ പങ്കുവയ്ച്ചത്. 'നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കണം. സ്ത്രീ പുരുഷ സമത്വം അനിവാര്യം. മുന്നോട്ട് പോകട്ടേ കേരളം. ഞാൻ വനിതാ മതിലിനൊപ്പ' മെന്നും മഞ്ജു വാര്യർ വീഡിയോയിൽ പറഞ്ഞു.

2019 ജനുവരി ഒന്നിന് നാല് മണിക്കാണ് ദേശീയ പാതകൾ കേന്ദ്രീകരിച്ച് വനിതാമതിൽ സംഘടിപ്പിക്കുന്നത്. കാസർകോട് മുതൽ തിരുവനന്തപുരം വരെ വനിതാ മതിൽ സംഘടിപ്പിക്കാനുള്ള തീരുമാനം നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ യോഗത്തിലാണ് എടുത്തത്. വനിതാ മതിലിൽ മൂന്ന് ദശലക്ഷം വനിതകളെ ഇടതുമുന്നണി അണിനിരത്തുമെന്ന് കൺവീനർ എ വിജയരാഘവൻ വ്യക്തമാക്കിയിരുന്നു. വനിതാ മതിലിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും ഇടതുമുന്നണി കൺവീനർ പറഞ്ഞു.

 

വനിതാ മതിൽ സൃഷ്ടിക്കാനും വനിതകളെ ഇതിൽ പങ്കെടുപ്പിക്കാനും സർക്കാരിന്റെ പണം ഉപയോഗിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ, വനിതാ മതിലെന്ന ആശയത്തിന് സർക്കാർ പ്രചാരണം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം 'വനിതാ മതിൽ വർഗീയ മതിൽ' എന്ന പ്രചാരണവുമായി മുന്നോട്ടുപോകാനാണ് യുഡിഎഫിന്റെ തീരുമാനം.