ഴയായാലും വേനലായാലും തിരുവനന്തപുരം നഗരത്തിലെ രാജാജി നഗറിൽ (ചെങ്കൽച്ചൂള) വെള്ളം വലിയപ്രശ്‌നമാണ്. മഴക്കാലമായാൽ കോളനിയിൽ വെള്ളക്കെട്ട് രൂപപ്പെടും, പല വീടുകളിലും വെള്ളം കയറും. വേനലായാൽ കുടിവെള്ളം കിട്ടാക്കനിയാകും. പൈപ്പിലും ടാങ്കറിലും വെള്ളമെത്താത്തതിനെ തുടർന്ന് കോളനി നിവാസിയായ സുജാതയും പ്രായമായ അമ്മമാരും കുട്ടികളും ചെറുപ്പക്കാരും ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവം ശ്രദ്ധയിൽപ്പെട്ട കളക്ടർ കോളനിയിലെത്തി, കുടിവെള്ളം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പ് നൽകുന്നു. മഞ്ജുവാര്യർ സുജാതയായും മംമ്ത മോഹൻദാസ് കലക്ടറായും അഭിനയിക്കുന്ന 'ഉദാഹരണം സുജാത'യിലെ മർമ്മ പ്രധാനമായ രംഗമാണ് മുകളിൽ വിവരിച്ചത്.

സംവിധായകൻ ഫാന്റം പ്രവീണായ കഥ

നവാഗതനായ ഫാന്റം പ്രവീണാണ് 'ഉദാഹരണം സുജാത' ഒരുക്കുന്നത്. സംവിധായകൻ മാർട്ടിൻ പ്രക്കാട്ടിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്നു പ്രവീൺ. പ്രവീണിനെ സുഹൃത്തുക്കൾ ഫാന്റം എന്നാണ് വിളിക്കുന്നത്. അങ്ങനെയാണ് പേരിനൊപ്പം ഫാന്റം ചേർത്തതെന്ന് സംവിധായകൻ പറഞ്ഞു. 'ദ സീനി'ന്റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ടും സംവിധായകൻ ജോജുജോർജും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചാർളിയായിരുന്നു ഇവരുടെ ആദ്യ നിർമ്മാണ സംരംഭം. ഹിറ്റ് ചിത്രമായ അനുരാഗ കരിക്കിൻവെള്ളത്തിന്റെ തിരക്കഥാകൃത്ത് നവീൻ ഭാസ്‌ക്കറും മാർട്ടിൻപ്രക്കാട്ടും ചേർന്നാണ് തിരക്കഥ എഴുതിയത്. ഛായാഗ്രഹണം മധു നീലകണ്ഠൻ. ' കഥയൊന്നും പറയാനില്ല, സുജാതയുടെയും പതിനഞ്ച്കാരിയായ മകളുടെയും ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയിലുള്ളത്. ആ പ്രായത്തിലുള്ള കുട്ടികൾക്ക് ഇന്ന് സംഭവിക്കുന്ന പ്രശ്‌നങ്ങളും പറയുന്നുണ്ട്' മാർട്ടിൻ പ്രക്കാട്ട് പറഞ്ഞു.

മഞ്ജുവാര്യർ ടൈറ്റിൽ റോളിൽ

വിധവയായ കോളനി നിവാസിയാണ് സുജാത. മകൾ ആതിരക്ക് ചുറ്റുമാണ് അവളുടെ ലോകം. ഒരു ദിവസം പല സ്ഥലങ്ങളിൽ പലതരം ജോലികൾ ചെയ്താണ് സുജാത ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നത്. ഒരു പ്രത്യേക ഘട്ടത്തിൽ ഇരുവരുടെയും ജീവിതത്തിൽ ചില പ്രശ്‌നങ്ങൾ ചില കാര്യങ്ങൾ സംഭവിക്കുന്നു. 'കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോഴേ മേക്കപ്പില്ലാതെ അഭിനയിക്കാമെന്ന് സമ്മതിച്ചതാണ്. എന്നാൽ രാജാജി നഗറിലെ സ്ത്രീകളെ കണ്ടപ്പോൾ ഡൾമേക്കപ്പാകും സുജാതയ്ക്ക് കൂടുതൽ ഇണങ്ങുകയെന്ന്'' മഞ്ജുവാര്യർ പറഞ്ഞു.

മംമ്തയുടെ സ്വപ്‌നം പൂവണിഞ്ഞു

'മഞ്ജുവാര്യരുടെ അഭിനയം കൗമാരത്തിലെ തന്നെ മോഹിപ്പിച്ചിരുന്നെന്നും കൂടെ അഭിനയിച്ചപ്പോൾ വലിയ സ്വപ്‌നമാണ് പൂവണിഞ്ഞതെന്നും മംമ്ത പറഞ്ഞു'. സുജാതയുടെയും മകളുടെയും ജീവിതത്തിൽ ചില പ്രശ്‌നങ്ങൾ സംഭവിക്കുമ്പോൾ അവർക്ക് പ്രചോദനമായെത്തുന്ന കലക്ടറുടെ വേഷമാണ് തന്റേതെന്നും താരം വ്യക്തമാക്കി.

ചെങ്കൽച്ചൂളക്കാർ മഞ്ജുവാര്യരെ വിടുന്നില്ല

ഇരുപത് ദിവസത്തിലധികമാണ് ചെങ്കൽച്ചൂളയിലെ ചിത്രീകരണത്തിൽ മഞ്ജുവാര്യർ പങ്കെടുത്തത്. 'അവിടുത്തെ സ്ത്രീകളുടെയും കുട്ടികളുടെയും അമ്മമാരുടെയും സ്‌നേഹം മറക്കാനാവില്ലെന്നും'' താരം പറഞ്ഞു. ചേച്ചി പോകണ്ട ഇവിടെ താമസിക്കാമെന്നാണ് കുട്ടികൾ പറയുന്നത്. ജൂനിയർ ആർടിസ്റ്റുകൾക്ക് പുറമേ കോളനി നിവാസികളായ സ്ത്രീകളും കുട്ടികളും മറ്റും സിനിമയിൽ അഭിനയിക്കുന്നുണ്ട്. ഇവിടുത്തെ തന്നെ ഒരു വീടാണ് മഞ്ജുവിന്റെ കുടുംബമായി സിനിമയിൽ ഉപയോഗിക്കുന്നത്.

ചെങ്കൽച്ചൂളയിൽ അടിസ്ഥാന സൗകര്യങ്ങളില്ല: മംമ്ത

കേരളത്തിലെ ആദ്യകാല കോളനികളിൽ ഒന്നായ ചെക്കൽച്ചൂളയിൽ (രാജാജി നഗർ) ടോയ്‌ലറ്റ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് മംമ്ത മറുനാടൻ മലയാളിയോട് പറഞ്ഞു. ഷൂട്ടിംഗിനിടെ പല സ്ത്രീകളും അമ്മമാരും ഇക്കാര്യം തന്നോട് പറഞ്ഞെന്നും അപ്പർ മിഡിൽക്ലാസ് ഫാമിലിയിൽ ജനിച്ച തനിക്ക് ഇവിടുത്തെ ചിത്രീകരണം പുതിയ അനുഭവമായിരുന്നെന്നും താരം പറഞ്ഞു.

മഞ്ജുവാര്യരെ കാണാൻ ഗീതുമോഹൻദാസ്

ചെങ്കൽച്ചൂളയിലെ തിരക്കിട്ട ചിത്രീകരണത്തിനിടെ മഞ്ജുവാര്യരെ കാണാൻ സുഹൃത്തും നടിയും സംവിധായികയുമായ ഗീതുമോഹൻദാസെത്തി. നടിമാരുടെ സംഘടനയായ കളക്ടീവ് വിമൻ ഇൻ സിനിമയെ കുറിച്ച് ചർച്ച ചെയ്യാനും നിവിൻപോളിയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ അണിയറപ്രവർത്തനങ്ങൾക്കുമായാണ് ഗീതുമോഹൻദാസ് തിരുവനന്തപുരത്ത് എത്തിയത്. ഇതിനിടെ മഞ്ജുവും മംമ്തയും ഗീതുവും മറുനാടൻ മലയാളിയുടെ ക്യാമറയ്ക്ക് മുന്നിൽ ഒത്തു ചേർന്നു.