തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിൽ ദുരിതം അനുഭവിക്കുന്ന പൂന്തുറയിൽ ആശ്വാസവുമായി നടി മഞ്ജു വാര്യരെത്തി. മരിച്ചവരുടെ കുടുംബങ്ങളിൽ സന്ദർശനം നടത്തിയ മഞ്ജു അധികാരികളെ കണ്ട് സംസാരിക്കാമെന്ന ഉറപ്പും നൽകി. എട്ടോളം വീടുകളിൽ ഇതിനോടകം മഞ്ജു എത്തി കഴിഞ്ഞു. മാധ്യമ പ്രവർത്തകനായ നിസ്സാർ മുഹമ്മദാണ് വിഷയം മഞ്ജു വാര്യരുടെ ശ്രദ്ധയിൽ കൊണ്ടു വന്നത്. രാഷ്ട്രീയക്കാരെല്ലാം പബ്ലിസിറ്റി നേടി മടങ്ങിയെന്നും ആരും ഇപ്പോൾ അവരെ തിരിഞ്ഞു നോക്കുന്നില്ലെന്നും നിസ്സാർ മഞ്ജുവിനെ അറിയിച്ചു.

ഇതാണ് നിർണ്ണായകമായത്. ഒപ്പം തന്റെ ഒരു പോസ്റ്റും മഞ്ജുവിന് വായിക്കാനായി നൽകി. ഇത് വായിച്ച ശേഷമാണ് മഞ്ജു തീരത്ത് എത്തിയത്. ഒറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ടവർക്ക് സ്വാന്തന വാക്കുകൾ നൽകി. താനൊപ്പമുണ്ടാകുമെന്ന് ഉറപ്പും നൽകി. മാധ്യമ പ്രവർത്തകരെ കൂടി കൂട്ടാതെയായിരുന്നു മഞ്ജുവിന്റെ യാത്ര. പബ്ലിസിറ്റിക്ക് വേണ്ടിയല്ലെന്ന് വ്യക്തമാക്കുന്നത് കൂടിയായി മഞ്ജുവിന്റെ യാത്ര. തീരദേശവും പ്രിയ നടിയെ സ്‌നേഹത്തോടെ വരവേറ്റു. അപ്രതീക്ഷിതമായിരുന്നു നടിയുടെ കടന്നു വരവ്.

മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വീടുകളിൽ രാവിലെ 11 മണിയോടെയാണ് മഞ്ജു വാര്യർ എത്തിയത്. ഉറ്റവരെ നഷ്ടപ്പെട്ട സ്ത്രീകളെ മാറോടഞ്ഞ് ആശ്വാസം പങ്കുവച്ചു. കൈകൂപ്പികൊണ്ടായിരുന്നു ഓരോ വീട്ടിലും ലേഡി സൂപ്പർ സ്റ്റാർ എത്തിയത്. ആളും ആരവും ഒഴിവാക്കിയുള്ള നടിയുടെ ഇടപെടൽ പൂന്തുറ നിവാസികൾക്ക് ആശ്വാസമായി. കുടുംബാംഗങ്ങളുടെ പരാതികൾ കേട്ട മഞ്ജു വാര്യർ ഇക്കാര്യങ്ങൾ അധികൃതരെ അറിയിക്കുമെന്ന് മത്സ്യത്തൊഴിലാളികൾക്ക് ഉറപ്പുനൽകി. മാത്രമല്ല, തന്നെക്കൊണ്ട് സാധിക്കുന്ന സഹായങ്ങൾ ദുരന്തബാധിതർക്ക് നൽകുമെന്നും അവർ വ്യക്തമാക്കി.

വീക്ഷണത്തിലെ മാധ്യമ പ്രവർത്തകനായ നിസാർ മഞ്ജുവിന്റെ ഉദാഹരണം സൂജാതയിൽ ചെറിയ വേഷത്തിൽ അഭിനയിച്ചിരുന്നു. സ്‌കൂൾ അദ്ധ്യാപകനായായിരുന്നു വേഷം. സെൻസർ ബോർഡ് മുൻ അംഗവുമായിരുന്നു. അങ്ങനെ മഞ്ജുവുമായി നല്ല അടുപ്പം നിസാറിനുണ്ടായിരുന്നു. അതുകൊണ്ടാണ് കടലോരത്തിലെ കണ്ണീർ ക്രിസ്മസ് മഞ്ജുവിന്റെ ശ്രദ്ധയിലേക്ക് നിസാർ കൊണ്ടു വന്നത്.

ഓഖി ദുരന്തത്തിൽ കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായത് പൂന്തുറയിലാണ്. 70ഓളം പേർ മരിച്ചു. 200ഓളം പേർ ഇനിയും തിരിച്ചെത്താനുണ്ടെന്നാണ് കണക്കുകൾ. ദുരന്തത്തെത്തുടർന്ന് കേരളത്തിലുണ്ടായ നാശനഷ്ടം നേരിട്ട് മനസ്സിലാക്കുന്നതിന്് കേന്ദ്ര സംഘം ഇന്നലെ തിരുവനന്തപുരത്തെത്തി. കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലുള്ള ദുരന്ത വിഭാഗം അഡീഷനൽ സെക്രട്ടറി ബിപിൻ മല്ലിക്, കേന്ദ്ര ഫിഷറീസ് വകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ ഡോ. സഞ്ജയ് പാണ്ഡെ എന്നിവർ സംഘത്തിലുണ്ടായിരുന്നു.