- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ സത്യവാങ്മൂലം ശരിവയ്ക്കുന്നത് മകളെ കൊണ്ട് ദിലീപിന് അനുകൂലമായി മഞ്ജു വാര്യരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് ഫെബ്രുവരിയിലെ മറുനാടൻ വാർത്ത; രാമൻപിള്ളയുടെ അതിബുദ്ധിയിൽ ദിലീപ് ക്വട്ടേഷൻ കൊടുത്തു എന്ന് താൻ വിശ്വസിക്കില്ലെന്ന് ലേഡി സൂപ്പർസ്റ്റാർ പറഞ്ഞത് അതിനിർണ്ണായകമായി; മലയാളി വർഷങ്ങളായി ചർച്ച ചെയ്ത ആ പഴയ കുടുംബ കാര്യങ്ങൾ വീണ്ടും കോടതിയിലേക്ക്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ രഹസ്യ വിചാരണയാണ് നടക്കുന്നത്. എന്നാൽ മഞ്ജുവാര്യർ മൊഴി നൽകാനെത്തിയതിന്റെ അടുത്ത ദിവസം കോടതിയിൽ സംഭവിച്ചതിന്റെ രത്നചുരുക്കം മറുനാടൻ മലായളിക്ക് കിട്ടി. കേസിൽ മകളുടെ ഇടപെടലിൽ ചില സൂചനകൾ മഞ്ജു വാര്യർ ജഡ്ജിക്ക് മുമ്പിൽ നൽകിയിരുന്നു. ഇതാണ് അന്ന് മറുനാടൻ നൽകിയ വാർത്ത. ഇത് ശരിവയ്ക്കുന്നതാണ് ഇപ്പോൾ ഹൈക്കോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലവും. ഫെബ്രുവരി 28നാണ് മകളെ കൊണ്ട് ദിലീപിന് അനുകൂലമായി മഞ്ജു വാര്യരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് സൂചനയെന്ന തലവാചകത്തിലെ മറുനാടൻ വാർത്ത.
ഇത് ശരിവയ്ക്കുന്ന വിവാദങ്ങളാണ് ഇപ്പോൾ നടക്കുന്നത്. മലയാള സിനിമയിലെ പ്രമുഖ നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്കെതിരെ ഗുരുതര ആരോപണവുമായി സർക്കാർ ഹൈക്കോടതിയിൽ എത്തിയതോടെയാണ് മറുനാടന്റെ പഴയ വാർത്തയും ചർച്ചയാകുന്നത്. കേസിന്റെ വിചാരണ നിലവിലെ കോടതിയിൽ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇരയായ നടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ പരാതിയിൽ ഇരയ്ക്കൊപ്പം കോടതിയിൽ സർക്കാരും നിലപാടെടുക്കുകയായിരുന്നു. അമ്പതോളം പേജുകളുള്ള സത്യവാങ്മൂലത്തിൽ വിചാരണക്കോടതിക്കെതിരെ ഗുരുതരമായ ആരോപണമാണ് സർക്കാർ ഉയർത്തിയിരിക്കുന്നത്. ഈ വിഷയത്തിൽ ഹൈക്കോടതി തീരുമാനം അതിനിർണ്ണായകമാകും.
പ്രധാനമായും വിചാരണക്കോടതിക്കെതിരെ മൂന്ന് ആരോപണങ്ങളാണ് സർക്കാർ ഉന്നയിക്കുന്നത്.കേസിലെ സാക്ഷിയായ നടി ഭാമയോട് എട്ടാം പ്രതിയായ ദിലീപ് തന്റെ കുടുംബം തകർത്തത് ഇരയായ നടിയാണെന്ന് നേരത്തെ പറഞ്ഞിരുന്നുവെന്നും, അതിന്റെ ശിക്ഷയായി അവളെ പച്ചയ്ക്ക് കത്തിക്കുമെന്ന് ദിലീപ് പറഞ്ഞതായി ഭാമ തന്നോട് പറഞ്ഞുവെന്ന് ഇരയായ നടി കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഇത് രേഖപ്പെടുത്താൻ വിചാരണ കോടതി തയ്യാറായിരുന്നില്ല. ഇതൊരു കേട്ടു കേൾവിമാത്രമാണെന്ന നിലപാടാണ് കോടതി സ്വീകരിച്ചതെന്ന് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.രണ്ടാമതായി വിചാരണയ്ക്കിടെ കോടതിയിൽ പ്രതിഭാഗം മോശമായി ഇരയായ നടിയോട് ചോദ്യങ്ങൾ ചോദിക്കുന്നത് പതിവാക്കിയിരുന്നു.
പ്രത്യേകിച്ചും ആക്രമണം നേരിട്ട ദിവസം വാഹനത്തിൽ നേരിട്ട സംഭവങ്ങളെ കുറിച്ച് ആവർത്തിച്ച് ചോദിച്ച് നടിയെ മാനസികമായി തളർത്തുവാനാണ് പ്രതിഭാഗം അഭിഭാഷകർ ശ്രമിക്കുന്നത്. ഇതിനെതിരെ പ്രോസിക്യൂഷൻ എതിർ ശബ്ദമുയർത്തിയെങ്കിലും കോടതി വേണ്ടത്ര പരിഗണന നൽകിയില്ലെന്നും സത്യവാംങ്മൂലത്തിൽ പറയുന്നു.മൂന്നാമത്തെ ആരോപണമായി സത്യവാങ്മൂലത്തിൽ പറയുന്നത് ദിലീപിന്റെ മുൻ ഭാര്യയായ മഞ്ജുവാര്യരെ മകളെ ഉപയോഗിച്ച് മൊഴി നൽകുന്നതിൽ നിന്നും പ്രതി തടയാൻ ശ്രമിച്ചു എന്ന ഗുരുതരമായ ആരോപണമാണ്. വിചാരണ വേളയിൽ മകളോട് അവസാനമായി സംസാരിച്ചതെന്നെന്ന് മഞ്ജുവാര്യരോട് പ്രോസിക്യൂഷൻ ചോദിച്ചിരുന്നു. ഇതിന് മറുപടിയായി ദിലീപിനെതിരെ മൊഴി നൽകരുതെന്ന് മകൾ മൊഴി നൽകുന്നതിന് മൂന്ന് ദിവസം മുൻപ് ഫോണിലൂടെ തന്നോട് ആവശ്യപ്പെട്ടുവെന്ന് മഞ്ജു വാര്യർ കോടതിയിൽ വെളിപ്പെടുത്തി.
എന്നാൽ സത്യം പറയാൻ താൻ ബാദ്ധ്യസ്ഥയാണെന്നായിരുന്നു മകളോട് മഞ്ജു പറഞ്ഞത്. ഇതിനും വലിയ പരിഗണന കോടതി നൽകിയിരുന്നില്ല എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്നു. മൊഴി നൽകുന്നതിൽ നിന്നും സാക്ഷിയെ തടസപ്പെടുത്തി എന്നത് രേഖപ്പെടുത്താൻ ആവശ്യപ്പെട്ടുവെങ്കിലും കോടതി തയ്യാറായില്ല. പ്രധാന സാക്ഷിയായ മഞ്ജു വാരിയരുടെ മൊഴി രേഖപ്പെടുത്തുന്നതിൽ വിചാരണക്കോടതിക്ക് വലിയ വീഴ്ചയാണ് ഉണ്ടായതെന്ന് ഇതിലൂടെ സർക്കാർ ചൂണ്ടിക്കാട്ടുന്നു.ആക്രമിക്കപ്പെട്ട നടിയുടേയും മഞ്ജു വാര്യരുടേയും മൊഴി രേഖപ്പെടുത്തുന്നതിൽ വിചാരണക്കോടതിക്ക് വീഴ്ച പറ്റിയെന്ന ആരോപണം ഇരയും സർക്കാരും ഒരുമിച്ച് ആവർത്തിക്കുന്നതെന്ന് പ്രത്യേകതയും ഈ കേസിനുണ്ട്. ഹൈക്കോടതി കേസ് പരിഗണിക്കുകയാണ് ഇപ്പോൾ. ഹൈക്കോടതിക്ക് കേസിൽ വീഴ്ചയുണ്ടായി എന്ന് ബോദ്ധ്യമായാൽ കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റുവാനും സാദ്ധ്യതയുണ്ട്.
കേസിലെ ഗൂഢാലോചനയിൽ മൊഴി നൽകാൻ മഞ്ജു വാര്യരും ഗീതു മോഹൻദാസും എത്തിയപ്പോൾ അവിടെ കേട്ടത് ദിലീപിന്റേയും മഞ്ജു വാര്യരുടേയും വിവാഹ മോചനത്തിന് പിന്നിലെ കഥകളായിരുന്നു. ഇതേ കോടതിയായിരുന്നു ഇരുവരുടേയും വിവാഹ മോചന ഹർജി പരിഗണിച്ചതും. ഇതോടെ മുമ്പ് കേട്ട കുടുംബ പ്രശ്നങ്ങൾ ഈ കോടതി മുറിയിൽ വീണ്ടും നിറഞ്ഞു. ഏതായാലും മഞ്ജുവും ഗീതു മോഹൻദാസും മൊഴി നൽകിയതോടെ പ്രോസിക്യൂഷൻ വലിയ ആത്മവിശ്വാസത്തിൽ എത്തിക്കഴിഞ്ഞു. എന്നാൽ ദിലീപും പ്രതീക്ഷ കൈവിട്ടിട്ടില്ല.-ഇതായിരുന്നു ഫെബ്രുവരി 28ന് മറുനാടൻ മലയാളി നൽകിയ വാർത്ത.
സാക്ഷികളെ സ്വാധീനിക്കരുതെന്ന നിർദ്ദേശം ദിലീപിന് വിചാരണയ്ക്കിടെ കോടതി നൽകിയിരുന്നു. മഞ്ജു വാര്യരുടെ വിചാരണ ദിവസമായിരുന്നു ഇത് സംഭവിച്ചത്. രൂക്ഷമായ വിമർശനം തന്നെ നടത്തിയെന്നാണ് ലഭിക്കുന്ന വിവരം. മകളെ കൊണ്ട് തന്നെ വിളിപ്പിച്ച് സ്വാധീനിക്കാൻ ശ്രമം നടന്നുവെന്ന് കോടതിയിൽ മഞ്ജു പറഞ്ഞതായാണ് സൂചന. രഹസ്യ വിചാരണയായതു കൊണ്ട് തന്നെ ഇക്കാര്യത്തിൽ സ്ഥിരീകരണത്തിന് പ്രോസിക്യൂട്ടർ പോലും തയ്യാറല്ല. എങ്കിലും പ്രതിഭാഗത്തെ വിമർശിച്ചുവെന്നതാണ് വസ്തുത. ദീലീപിന്റേയും മഞ്ജു വാര്യരുടേയും മകളായ മീനാക്ഷി അച്ഛനായ ദിലീപിന്റെ സംരക്ഷണയിലാണുള്ളത്. കേസിൽ പെട്ടുവെങ്കിലും അച്ഛനെ മീനാക്ഷി തള്ളി പറഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ അച്ഛനെ രക്ഷിക്കാൻ മകൾ മുന്നിട്ടിറങ്ങുമെന്ന സൂചനയുണ്ടായിരുന്നു. ഇത്തരത്തിൽ ഒരു ഫോൺ വിളി മഞ്ജുവിനെ തേടിയെത്തിയെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്.
കേസിൽ സാക്ഷി പറയാൻ കുഞ്ചാക്കോ ബോബൻ എത്താത്തും അന്ന് ചർച്ചയായിരുന്നു. മമ്മൂട്ടിയും മോഹൻലാലും ദിലീപും സിദ്ദിഖും എല്ലാം ചേർന്ന് ഒരു പാർട്ടി നടന്നിരുന്നു. ഈ പാർട്ടിയിൽ കുഞ്ചാക്കോയും പങ്കെടുത്തു. ദിലീപിന് അനുകൂലമായി സാക്ഷികളെ മാറ്റാനുള്ള ഗൂഢാലോചനയാണ് ഇതെന്ന വാദം ശക്തമായിരുന്നു. കുഞ്ചാക്കോ ബോബൻ മൊഴി കൊടുക്കാൻ എത്തിയതുമില്ല. ഇതോടെ സാക്ഷികളെ സ്വാധീനിക്കൽ നടന്നുവെന്ന ആക്ഷേപം ശക്തമായി. ഇതിനൊപ്പമാണ് മകളെ കൊണ്ട് വിളിപ്പിച്ചുവെന്ന് കോടതിയെ മഞ്ജു അറിയിച്ചതായുള്ള റിപ്പോർട്ടും മറുനാടൻ നൽകിയത്്. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വിരോധമുണ്ടെന്ന് മഞ്ജു കോടതിയിൽ മൊഴി നൽകി. പകയുടെ കാരണമായ കുടുംബ പ്രശ്നങ്ങളും എണ്ണി എണ്ണ പറഞ്ഞു. ദിലീപിന് നടിയോടുള്ള വൈരാഗ്യം തെളിയിക്കുന്നതിനുള്ള മൊഴിയായി ഇത് മാറുകയും ചെയ്യും.
എന്നാൽ പ്രതിഭാഗം വിസ്താരത്തിൽ അഡ്വക്കേറ്റ് രാമൻപിള്ള തന്ത്രപരമായാണ് കാര്യങ്ങൾ ചോദിച്ചത്. ഈ ക്വട്ടേഷൻ കൊടുത്തത് ദിലീപാണെന്ന് തനിക്ക് ഉറപ്പില്ലെന്ന് മഞ്ജുവിനെ കൊണ്ട് പറയിക്കുകയും ചെയ്തു രാമൻപിള്ള. നടിയെ ആക്രമിച്ചതിന് പിന്നിൽ ദിലീപാണെന്ന് ഉറപ്പില്ലെന്നും എന്നാൽ അവർക്കിടയിൽ പകയുണ്ടെന്നുമായിരുന്നു മഞ്ജു കോടതിയെ അറിയിച്ചത്. സാഹചര്യ തെളിവുള്ളതിനാൽ ഗുഡാലോചന തെളിയുമെന്നാണ് പ്രോസിക്യൂഷന്റെ പ്രതീക്ഷ. എന്നാൽ രാമൻപിള്ളയുടെ ബുദ്ധി സാമർത്ഥ്യത്തിൽ ക്വട്ടേഷനിൽ ഉറപ്പില്ലെന്ന മൊഴി കിട്ടുകയും ചെയ്തു. ഇതോടെ അതിന് ശേഷമുള്ള ഓരോ സാക്ഷി വിസ്താരവും നിർണ്ണായകമായി. ഇതും രാമൻപിള്ള പൊളിച്ചുവെന്നാണ് സൂചന. ഇതോടെയാണ് പ്രോസിക്യൂഷൻ ആരോപണവുമായി എഥ്തിയത്.
പൊലീസിന് മഞ്ജു കൊടുത്ത മൊഴി നേരത്തെ പുറത്തു വന്നിരുന്നു. ദിലീപേട്ടനുമായുള്ള എന്റെ വിവാഹത്തിനുശേഷം ഞാൻ സിനിമാ മേഖലയിൽനിന്നു പൂർണമായി മാറിനിൽക്കുകയായിരുന്നുവെന്ന് ആ മൊഴിയിൽ പറഞ്ഞിരുന്നു. എനിക്ക് വീടിന് പുറത്തേക്ക് ഒരു ലോകം ഉണ്ടായിരുന്നില്ല. ഒരു ദിവസം ദീലീപേട്ടനും കാവ്യയുമായുള്ള മെസേജുകൾ ഞാൻ അദ്ദേഹത്തിന്റെ ഫോണിൽ നേരിട്ടുകണ്ടു. അക്കാര്യം എന്റെ സുഹൃത്തുക്കളും സിനിമാ നടിമാരുമായ സംയുക്താ വർമ, ഗീതു മോഹൻ ദാസ്, ആക്രമിക്കപ്പെട്ട നടി എന്നിവരുമായി സംസാരിക്കുകയും ചെയ്തു. അതിനെ തുടർന്ന് നടി അവൾക്കറിയാവുന്ന കാര്യങ്ങൾ എന്നോട് പറഞ്ഞുവെന്നും പൊലീസിനോട് മഞ്ജു വെളിപ്പെടുത്തിയിരുന്നു.
ഞാൻ കാവ്യയെക്കുറിച്ചും ദിലീപേട്ടനെക്കുറിച്ചും അറിഞ്ഞ കാര്യങ്ങൾക്ക് ശക്തികൂട്ടുന്ന കാര്യങ്ങളാണു നടി പറഞ്ഞത്. ദിലീപേട്ടനും കാവ്യാ മാധവനുമായി അവിഹിതബന്ധം ഉണ്ടായിരുന്നതായി എനിക്ക് മനസിലായി. ഞാൻ അറിഞ്ഞ കാര്യങ്ങൾ ദിലീപേട്ടനോട് ചോദിച്ചു. അതിനെത്തുടർന്നു വീട്ടിൽ വഴക്കുണ്ടായി. അതിന്റെ പേരിൽ ദിലീപേട്ടന് നടിയോട് ദേഷ്യമുണ്ടായി. ഞാനും സംയുക്തയും ഗീതു മോഹൻദാസും കൂടി നടിയുടെ വീട്ടിൽ പോയിരുന്നു. നടിയുടെ വീട്ടിൽവച്ച് അവളുടെ അച്ഛൻ അവളോട് ''നിനക്ക് എന്തെങ്കിലും അറിയാമെങ്കിൽ പറഞ്ഞു കൊടുക്കു'' എന്നും മറ്റും പറഞ്ഞ് വഴക്ക് പറഞ്ഞുവെന്നും വെളിപ്പെടുത്തിയിരുന്നു.
ദിലീപും കാവ്യയുമായുള്ള ബന്ധം ഗായിക റിമി ടോമിക്കും അറിയാമെന്നു നടി എന്നോട് പറഞ്ഞു. ഞാൻ റിമിയെ വിളിച്ചിരുന്നു. റിമിയും അതേക്കുറിച്ച് എന്നോട് പറഞ്ഞിരുന്നു. 2013 ഏപ്രിൽ 17 നാണ് ഞാൻ ദിലീപേട്ടന്റെ വീട്ടിൽനിന്ന് എന്റെ വീട്ടിലേക്ക് വന്നത്. കാവ്യയുമായുള്ള ബന്ധം ഞാൻ അറിഞ്ഞ് വീട്ടിൽ സംസാരം ഉണ്ടായതിനുശേഷം ഗീതു, സംയുക്ത എന്നിവരുമായുള്ള ബന്ധത്തെ ദിലീപേട്ടനും സഹോദരിയും എതിർത്തിരുന്നുവെന്നും പൊലീസിനോട് മഞ്ജു പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ