സിനിമയിൽ തിളങ്ങിനിന്നിരുന്ന സമയത്ത് വിവാഹം കഴിച്ച് കുടുംബിനിയാകുക. 14 വർഷങ്ങൾക്കിപ്പുറം ദാമ്പത്യ ബന്ധത്തിൽ ഉലച്ചിൽ തട്ടിയതിനെടുർന്ന് വിവാഹമോചനം നേടുക. പിന്നെ വീണ്ടും സിനിമയിൽ മടങ്ങിയെത്തിയ മലയാളിപ്രേക്ഷരുടെ മനം കവർന്ന അനുഗൃഹീത അഭിനേത്രി മഞ്ജു വാര്യർ മനോരമ ന്യൂസ് മേക്കർ 2014ലെ വാർത്താതാരമായി. പ്രമുഖരെ പിന്തള്ളിയാണ് മഞ്ജു വോട്ടെടുപ്പിൽ വിജയിച്ചത്. ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ രാധാകൃഷ്ണൻ, നടനും എംപിയുമായ ഇന്നസെന്റ്, ഹോക്കിതാരം പി ആർ ശ്രീജേഷ് എന്നിവർ മഞ്ജു വാര്യർക്കൊപ്പം ഫൈനൽ റൗണ്ടിലെത്തിയിരുന്നു.

ഒരു മാസത്തിലേറെ നീണ്ട വോട്ടെടുപ്പിന്റെ ഫലം ഇന്നലെ നടൻ നെടുമുടി വേണുവാണ് പ്രഖ്യാപിച്ചത്. നടി മാത്രമായല്ല, ഒരു സമ്പൂർണ കലാകാരിയായാണു ജനം മഞ്ജുവിനെ കാണുന്നതെന്നും പൊതുവേദികളിലെ വാക്കുകൾ, പെരുമാറ്റം, വിനയം എന്നിങ്ങനെ വിവിധ ഘടകങ്ങൾ മഞ്ജുവിനെ ജനപ്രിയയാക്കിയെന്നും നെടുമുടി അഭിപ്രായപ്പെട്ടു. പതിനാലുവർഷം പ്രവർത്തന മേഖലയിൽനിന്നു വിട്ടുനിന്നിട്ടും തിരിച്ചുവരവിൽ മഞ്ജു പ്രകടിപ്പിച്ച മികവാണ് അംഗീകരിക്കപ്പെട്ടതെന്നു ന്യൂസ്‌മേക്കർ പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്ത എൻ.കെ. പ്രേമചന്ദ്രൻ എംപി വിലയിരുത്തി.

ആത്മവിശ്വാസം പകരുന്ന വ്യക്തിയെന്ന നിലയിൽ സ്ത്രീകളെ മഞ്ജു സ്വാധീനിച്ചതായി എഴുത്തുകാരി എം.ആർ. ജയഗീതയും അഭിപ്രായപ്പെട്ടു. അതേസമയം ജനം നൽകിയ അംഗീകാരത്തിനു നന്ദി പറയുന്നതായി മഞ്ജു വാരിയർ പ്രതികരിച്ചു. ആകുന്ന രീതിയിൽ സമൂഹത്തിനു നന്മ ചെയ്യാൻ ശ്രമിക്കുമെന്നും സാമൂഹിക പ്രതിബദ്ധതയുള്ള കാര്യങ്ങൾക്കു നൂറു ശതമാനം സ്വയം സമർപ്പിക്കുമെന്നും മഞ്ജു കൂട്ടിച്ചേർത്തു.

2014ൽ വാർത്തകളിൽ നിറഞ്ഞുനിന്ന 10 പേരെയാണു ന്യൂസ്‌മേക്കർ തിരഞ്ഞെടുപ്പിന്റെ പ്രാഥമിക ഘട്ടത്തിൽ പരിഗണിച്ചത്. എസ്എംഎസ്, ഓൺലൈൻ, ജിപിആർഎസ് വോട്ടെടുപ്പിലൂടെയാണു മഞ്ജു ഒന്നാമതെത്തിയത്. അഞ്ചുലക്ഷത്തിലേറെ പ്രേക്ഷകർ വോട്ടെടുപ്പിൽ പങ്കെടുത്തു. ന്യൂസ്‌മേക്കർ പ്രഖ്യാപനത്തിന്റെ പുനഃസംപ്രേഷണം ഇന്നു രാവിലെ പത്തിനും വൈകിട്ടു മൂന്നിനും മനോരമ ന്യൂസിൽ കാണാം.

കേരളം ഏറ്റവുമധികം ചർച്ച ചെയത് മദ്യനിരോധന ചർച്ചയ്ക്ക് തുടക്കമിട്ട കെപിസിസി പ്രസിഡന്റ് വി എം സുധീരൻ, ഭാരതതത്തിന്റെ യശസ്സ് ചൊവ്വയിലെത്തിച്ച ഐഎസ്ആർഒ ചെയർമാൻ കെ രാധാകൃഷ്ണൻ, സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ, സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി, തിരുവനന്തപുരം എംപി ശശി തരൂർ, പാർലമെന്റ് അംഗമായ നടൻ ഇന്നസെന്റ്, നടി മഞ്ജു വാരിയർ, സംവിധായിക അഞ്ജലി മേനോൻ, ഹോക്കി താരം പി.ആർ. ശ്രീജേഷ്, ചുംബന സമര നേതാവ് രാഹുൽ പശുപാലൻ എന്നിവരുൾപ്പെട്ട പട്ടിയകയാണ് മനോരമ വാർത്ത താരത്തെ തെരെഞ്ഞെടുക്കാനായി പുറത്തിറക്കിയത്.

മുൻ ട്രാൻസ്‌പോർട്ട് കമ്മിഷണർ ഋഷിരാജ് സിങ്ങിനെയാണ് കഴിഞ്ഞ വർഷം പ്രേക്ഷകർ ന്യൂസ്‌മേക്കറായി തിരഞ്ഞെടുത്തത്. കൊച്ചി മെട്രോ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, പ്രീജ ശ്രീധരൻ, റസൂൽ പൂക്കുട്ടി, ജി. മാധവൻ നായർ, പിണറായി വിജയൻ, വി എസ്. അച്യുതാനന്ദൻ എന്നിവർ മുൻവർഷങ്ങളിൽ വാർത്താതാരങ്ങളായി.