കൊച്ചി: അതിക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങിയശേഷവും സധൈര്യം ജീവിതത്തിലേക്കും തന്റെ ജോലിയിലേക്കും വളരെ പെട്ടന്നു തിരിച്ചുവന്ന പ്രിയ കൂട്ടുകാരിക്ക് അഭിനന്ദനവുമായി നടി മഞ്ജു വാര്യർ. നീ ജീവിതത്തെ ജയിച്ച നായികയാണെന്നും നിന്റെ ചിരി സ്‌ക്രീനിൽ തെളിയുന്ന നിമിഷത്തിനായി എല്ലാ മലയാളികളെയും പോലെ താനും കാത്തിരിക്കുന്നുവെന്ന് മഞ്ജു ഫേസ് ബുക്കിൽ കുറിച്ചു.

ആക്രമിക്കപ്പെട്ട നടിയുടെ തിരിച്ചുവരവ് സിനിമാ ലോകം അഭിമാനത്തോടെയാണ് കാണുന്നത്. പൃഥ്വിരാജ്, റിമ കല്ലിങ്കൽ തുടങ്ങിയ നിരവധിപ്പേരാണ് നടിക്ക് അഭിവാദ്യമർപ്പിച്ചിരിക്കുന്നത്. ഇതിനു പിന്നാലെയാണ് സംഭവദിവസം മുതൽ നടിക്ക് ശക്തമായ പിന്തുണ നല്കുന്ന മഞ്ജു വാര്യരും അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഒരാഴ്ച മുമ്പ് കൊച്ചിയിൽ തട്ടിക്കൊണ്ടുപോയി ആക്രമിക്കപ്പെട്ട നടി ഇന്ന് രാവിലെ ഷൂട്ടിങ്ങിനായി എത്തുകയായിരുന്നു. പൃഥ്വിരാജ് നായകനാകുന്ന ആദം എന്ന സിനിമയുടെ ഫോർട്ട്‌കൊച്ചിയിലെ ലൊക്കേഷനിലാണ് നടി ഇന്ന് എത്തിയത്. തുടർന്ന് വൈകിട്ട് ആലുവ ജയിലിലെത്തിയ നടി പ്രതികളുടെ തിരിച്ചറിയിൽ പരേഡും നടത്തി. തന്നെ ആക്രമിച്ച പ്രതികളെ നടി തിരിച്ചറിഞ്ഞിട്ടുണ്ട്.

മഞ്ജുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

അഭിമാനത്തോടെ ജോലിയിലേക്ക് തിരിച്ചു വന്ന പ്രിയ കൂട്ടുകാരിക്ക് അഭിവാദ്യം. മുറിവേൽപ്പിക്കപ്പെട്ട ഒരാൾക്ക് സമൂഹത്തിന് നൽകാനാകുന്ന ഏറ്റവും ശക്തമായ സന്ദേശമാണിത്. ആത്മാഭിമാനത്തിന്റെ ആ സ്വയം പ്രഖ്യാപനത്തെ നമുക്ക് ആദരവോടെ സ്വീകരിക്കാം. പ്രിയപ്പെട്ടവളെ, നീ ജീവിതത്തെ ജയിച്ച നായികയാണ്. ആദ്യ ദിവസം മുതൽ അവൾക്കൊപ്പം നിൽക്കുകയും വീണ്ടും അഭിനയത്തിലേക്ക് കൈപിടിക്കുകയും ചെയ്ത പൃഥ്വിരാജിനും അഭിനന്ദനം. രാജുവിന്റെയും കൂട്ടുകാരുടെയും സ്‌നേഹ സംരക്ഷണത്തിൽ അവൾ സുരക്ഷിതയും ആഹ്ലാദവതിയുമായിരിക്കുമെന്ന് ഉറപ്പുണ്ട്. അവളുടെ ചിരി കൂടുതൽ ഭംഗിയോടെ സ്‌ക്രീനിൽ തെളിയുന്ന ആ ദിവസത്തിനു വേണ്ടി എല്ലാ മലയാളികളെയും പോലെ ഞാനും കാത്തിരിക്കുന്നു..