തൃശൂർ: കലോത്സവത്തിന്റെ ശാസ്ത്രീയ സംഗീതവേദിക്ക് സമീപം ബിനു ചാക്കോ എന്ന സംഗീത അദ്ധ്യാപകൻ സജീവമാണ്. മകന്റെ മത്സരത്തിന് എത്തിയതാണ് മഞ്ജു വാര്യരുടെ ഈ പഴയ സംഗീത ഗുരു.

കണ്ണൂർ ചിന്മയ സ്‌കൂളിൽ സംഗീത അദ്ധ്യാപകനായിരിക്കെ സിനിമാതാരം മഞ്ജു വാര്യരെ സംഗീതം അഭ്യസിപ്പിച്ച അനുഭവം ഇപ്പോഴും മാഷ് അതേ ആവേശത്തോടെ ഓർത്തെടുക്കുന്നു. കാൽനൂറ്റാണ്ട് മുമ്പായിരുന്നു അത്. പിന്നെ മഞ്ജു പാടിയ പാട്ടുകൾ ഓർത്തെടുത്ത് പാടി, താളം പിടിച്ചു. ഇടയ്ക്ക് കണ്ണൂനീരും തുടച്ചു. 'നൃത്തം ചെയ്യുന്ന മഞ്ജുവിനെ നമ്മൾക്കറിയാം, എന്നാൽ അസ്സലായി പാടുന്ന, വീണ വായിക്കുന്ന മഞ്ജുവിനെ എത്ര പേർക്കറിയാം? അത് എനിക്കറിയാം. കാരണം പ്ലസ് ടു പഠനത്തിനിടെ മഞ്ജുവിനെ സംഗീതം അഭ്യസിപ്പിച്ചത് ഞാനാണ്. സംഗീതത്തിൽ മാത്രമല്ല, അസ്സലായി വീണ വായിക്കാനും മഞ്ജുവിനറിയാം, ആ കുട്ടിയുടെ എത്ര പാട്ടുകൾ ഞാൻ കേട്ടിരിക്കുന്നു, എത്ര മത്സരങ്ങൾക്ക് അയച്ചിരിക്കുന്നു'-മാഷ് പറയുന്നു.

മഞ്ജുവിനെ ഒന്ന് കാണണമെന്ന് ആഗ്രഹമുണ്ട്. നിരവധി തവണ കാണാനും ഫോണിലൂടെ ബന്ധപ്പെടാനും ശ്രമിച്ചിരുന്നു. എന്നാൽ അതൊന്നും നടന്നില്ല. 'മഞ്ജുവിന് എന്നെ ഓർമയുണ്ടോ എന്നു പോലും എനിക്കറിയില്ല. പ്ലസ് ടു പഠനം കഴിഞ്ഞപ്പോൾ തന്നെ സിനിമയിലൂടെ ആ കുട്ടിയുടെ ജീവിതരേഖ തന്നെ മാറിപ്പോയി. പിന്നെ പോയിക്കാണാനൊന്നും കഴിഞ്ഞില്ല. എന്നാൽ അതിയായ ആഗ്രഹമുണ്ട്. ആ കുട്ടിയെ ഒന്ന് കാണാൻ, സംസാരിക്കാൻ..'-ബിനു മാഷ് പറഞ്ഞു നിർത്തുന്നു.

സംഗീത അദ്ധ്യാപകനായ ബിനു ചാക്കോ ഗാനഭൂഷണത്തിനു ശേഷം ഇരുപത്തിയേഴാം വയസ്സിലാണ് കണ്ണൂർ ചിന്മയ സ്‌കൂളിൽ സംഗീത അദ്ധ്യാപകനായി ചേർന്നത്. രണ്ട് വർഷം മാത്രമാണ് ചിന്മയ സ്‌കൂളിൽ സംഗീത അദ്ധ്യാപകനായി ജോലി ചെയ്തത്. പിന്നെ ജീവിതം ഇടുക്കിയിലും പിന്നെ കോതമംഗലത്തുമായിരുന്നു. ഇപ്പോൾ കോതമംഗലം സെന്റ് ജോർജ് സ്‌കൂളില സംഗീത അദ്ധ്യാപകനാണ് ബിനു ചാക്കോ.