കൊച്ചി: നടിയെ ആക്രമിച്ച് അശ്‌ളീലദൃശ്യം പകർത്തിയ കേസിൽ ദിലീപിനെതിരെ അന്വേഷണ സംഘം സമർപ്പിച്ചത് പഴുതടച്ചുള്ള കുറ്റപത്രമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. മഞ്ജു വാര്യരുമായുള്ള ദാമ്പത്യബന്ധം തകർത്ത നടിയോടുള്ള ദിലീപിന്റെ പകയാണ് ആക്രമണത്തിന് കാരണമെന്ന വാദത്തെ പിന്തുണച്ച് മഞ്ജുവാര്യർ മുഖ്യസാക്ഷിയായി എത്തുമ്പോൾ ദിലീപിന്റെ നില കൂടുതൽ പരുങ്ങലിലാവുമെന്നാണ് വിലയിരുത്തൽ. വിചാരണക്കാലത് ചർച്ചയാവുക ദിലീപ്-മഞ്ജു ദാമ്പത്യം തന്നെയാകും. ഇതിനിടെ മഞ്ജുവുമായുള്ള വിവാഹ ബന്ധം തകരാൻ കാരണം കാവ്യയുമായുള്ള ബന്ധമല്ലെന്നാണ് ദിലീപിന്റെ പക്ഷം. ഈ വാദം തെളിയിക്കാൻ പ്രതിഭാഗം സാക്ഷിയായി ദിലീപ്-മഞ്ജു ദമ്പതികളുടെ മകളായ മീനാക്ഷിയും എത്തുമെന്നാണ് സൂചന.

കേസിലെ മുഖ്യപ്രതി പൾസർ സുനിയെ അറിയില്ലെന്ന നിലപാടാണ് ദിലീപ് അന്വേഷണത്തിന്റെ തുടക്കം മുതൽ സ്വീകരിച്ചിരുന്നത്. ദിലീപ് പല സ്ഥലങ്ങളിൽവച്ച് പൾസർ സുനിയെ കണ്ടകാര്യം കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുള്ളതിനാൽ വിചാരണവേളയിൽ ഓരോ തവണയും എന്തിനാണ് സുനിയെ കണ്ടതെന്ന ചോദ്യത്തിന് ദിലീപ് മറുപടി നൽകേണ്ടി വരും. പൾസർ സുനിയാണ് കൃത്യം ചെയ്തതെന്ന് വ്യക്തമാണെന്നിരിക്കെ ഇയാളും ദിലീപും തമ്മിലുള്ള ബന്ധം നിർണായകമാണ്. ഇയാളെ അറിയില്ലെന്ന ദിലീപിന്റെ വാദം പൊളിക്കാൻ കുറ്റപത്രത്തിൽ സാഹചര്യ തെളിവുകൾ ഏറെയുണ്ട്.

മഞ്ജു വാര്യരുമായുള്ള വിവാഹബന്ധം തകരാൻ കാരണക്കാരിയായ യുവ നടിയോടുള്ള ദിലീപിന്റെ പകയാണ് ആക്രമണത്തിന് കാരണമെന്ന് കുറ്റപത്രം പറയുന്നുണ്ട്. ആ നിലയ്ക്ക് മഞ്ജു വാര്യരുടെ സാക്ഷിമൊഴി കേസിലെ മോട്ടീവ് (ഉദ്ദേശ്യം) തെളിയിക്കാൻ പര്യാപ്തമാകും. ദിലീപും കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ച് എങ്ങനെയറിഞ്ഞുവെന്ന ചോദ്യം വിചാരണവേളയിൽ മഞ്ജുവാര്യർ നേരിടേണ്ടി വരും. ഇരയായ യുവനടി പറഞ്ഞാണെന്ന മൊഴി മഞ്ജു പറഞ്ഞാൽ ദിലീപിന് കുരുക്ക് മുറുകും. അത്തരത്തിലൊരു സംശയം ദിലീപിനുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയാലും കുരുക്കാകും. ഈ സാഹചര്യത്തിലാണ് ഇതായിരുന്നില്ല മഞ്ജുവുമായുള്ള കുടുംബ പ്രശ്‌നത്തിന് കാരണമെന്ന് വരുത്താനുള്ള ദിലീപിന്റെ നീക്കം. അമ്മയുടെ മൊഴി തകർക്കാൻ മകളെ കോടതിയിലെത്തിക്കാനാണ് നീക്കം. എന്നാൽ മകൾക്ക് ഇനിയും പ്രായപൂർത്തിയായിട്ടില്ല. പതിനെട്ടു വയസ്സാകാത്ത മീനാക്ഷിയെ പ്രതിഭാഗം സാക്ഷിയാക്കുന്നതിന്റെ നിയമ വശവും പരിശോധിക്കുന്നുണ്ട്.

ബി രാമൻപിള്ളയാണ് ദിലീപിന്റെ വക്കീൽ. വിചാരണ സമയത്ത് പ്രോസിക്യൂഷൻ വാദങ്ങളെ തകർത്തെറിയുന്ന അഭിഭാഷകൻ. മകളുടെ മൊഴിയുണ്ടെങ്കിൽ മഞ്ജു പറയുന്നത് കള്ളമാണെന്ന് കോടതിയെ ബോധ്യപ്പെടുത്താമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ആക്രമത്തിനിരയായ നടിയാണ് കുടുംബം തകർത്തതെന്ന നിലപാട് ദിലീപിനില്ലെന്ന് ബോധ്യപ്പെടുത്താനാണ് ശ്രമം. ഇതിനൊപ്പം തനിക്കെതിരെയുള്ള ഗൂഢാലോചന തെളിയിക്കാനും മകളുടെ നിലപാട് വിശദീകരണത്തിലൂടെ ദിലീപിന് കഴിയും. അങ്ങനെ നടിയെ ആക്രമിക്കേണ്ട വൈരാഗ്യം തനിക്കില്ലെന്ന് വരുത്താനാകും ശ്രമിക്കുക. സിനിമയിലെ ചില്ലറ പ്രശ്‌നങ്ങൾ മാത്രമാണ് തനിക്ക് നടിയുമായുള്ളതെന്ന് വരുത്തുകയാണ് ദിലീപിന്റെ ലക്ഷ്യം. അതുകൊണ്ട് തന്നെ മകൾ മൊഴി കൊടുക്കാനെത്തിയാൽ കേസിന്റെ ഗതിയാകെ മാറി പോകും. കാര്യകാരണങ്ങൾ സഹിതം തന്റെ ഭാഗം കോടതിയെ അവതരിപ്പിക്കാനാണ് ദിലീപ് ശ്രമിക്കുക.

നടി ആക്രമിക്കപ്പെട്ടപ്പോൾ തന്നെ തന്റെ പേര് പലരും വലിച്ചിഴച്ചു. ഇത് മനസ്സിലാക്കിയ പൾസർ സുനി തന്നെ കുടുക്കുകയായിരുന്നുവെന്നാണ് ദിലീപ് പറയുന്നത്. ഇതിന് പിന്നിൽ ചില സിനിമാക്കാരും കൂടി. അതാണ് കേസിന് കാരണമെന്നാണ് ദിലീപിന്റെ പക്ഷം. പൾസർ സുനിയുമായി തനിക്ക് മുഖ പരിചയം പോലുമില്ലെന്ന് പറയുന്ന ദിലീപ് ഇപ്പോൾ നടക്കുന്നതെല്ലാം കെട്ടി ചമച്ച കഥകളാണെന്നാണ് പറയുന്നത്. തനിക്കെതിരെ മലയാള സിനിമയിൽ നടന്ന വമ്പൻ ഗൂഢാലോചനയുടെ ഭാഗമാണ് അറസ്റ്റ് എന്നും ദിലീപ് ആരോപിക്കുന്നു. തനിക്കെതിരെ ഗൂഢാലോചന നടത്തിയത് മലയാളസിനിമയിലെ പ്രമുഖരാണെന്നും പറയുന്നു. നേരത്തെ ദിലീപിനെതിരെ വ്യക്തമായ തിരിക്കഥ രചിക്കപ്പെട്ടുവെന്നും ഇതിന് പിന്നിൽ തിരുവനന്തപുരം ലോബിയാണെന്ന ആരോപണവും സജീവമായിരുന്നു. ഹൈക്കോടതിയിൽ നേരത്തെ ജാമ്യ ഹർജി സമർപ്പിച്ചപ്പോൾ പൾസർ സുനി ജയിലിൽ നിന്ന് നടത്തിയ ഗൂഢാലോചനയിൽ പങ്കെടുത്തതായി ആരോപിക്കപ്പെടുന്ന സിനിമാ പ്രവർത്തകരെക്കുറിച്ച് അന്വേഷിക്കാത്തത് എന്തുകൊണ്ടാണെന്ന് ദിലീപിന്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ ചോദിച്ചിരുന്നു.

പൾസർ സുനി സഹതടവുകാരൻ വിഷ്ണുവിന്റെ പേരിൽ നാദിർഷയേയും ദിലീപിന്റെ മാനേജർ അപ്പുണ്ണിയേയും വിളിച്ച ഫോൺ കോളിലാണ് ചില പ്രമുഖ സിനിമാ പ്രവർത്തകരുടെ പേര് പരാമർശിക്കുന്നത്. ഒന്നര കോടി രൂപ നൽകിയില്ലെങ്കിൽ ദിലീപിന്റെ പേര് പറയാൻ രണ്ടര കോടി രൂപ നൽകാൻ സിനിമാ രംഗത്ത് ആളുണ്ടെന്നായിരുന്നു ഭീഷണി. ജാമ്യാപേക്ഷയുമായി രണ്ടാം വട്ടവും കോടതിയിൽ എത്തിയപ്പോഴും ഗൂഡാനോചന നടന്നു എന്ന വാദത്തിൽ ദിലീപ് ഉറച്ച് നിൽക്കുകയാണ്. നടൻ പൃഥ്വിരാജ്, നടി പൂർണ്ണിമ ഇന്ദ്രജിത്ത്, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ എന്നിവരുടെ പേരുകളാണ് പൾസർ സുനിയുടെ കോളിൽ പരാമർശിച്ചിരുന്നതെന്നും ദിലീപ് പറയുന്നു. ഈ ഫോൺ കോളിന്റെ റെക്കോർഡിങ് സഹിതമാണ് ദിലീപ് ഡിജിപിക്ക് പരാതി നൽകിയിരുന്നത്. കോളിൽ പരാമർശിക്കുന്ന ഇവരുടെ മൊഴിയെടുക്കാൻ പോലും പൊലീസ് തയ്യാറായിട്ടില്ലല്ലെന്നും ദിലീപ് ആരോപിച്ചിരുന്നു. ഇതെല്ലാം വിചാരണ സമയത്ത് വീണ്ടും ചർച്ചയാക്കും.

തന്നെ അറസ്റ്റ് ചെയ്തത് ആസൂത്രിത നീക്കത്തിന്റെ ഫലമെന്ന് ദിലീപ് ആരോപിക്കുന്നു. നടി മഞ്ജുവാര്യർ, പരസ്യ സംവിധായകൻ ശ്രീകുമാർ മേനോൻ, എ.ഡി.ജി.പി. ബി. സന്ധ്യ, ലിബർട്ടി ബഷീർ എന്നിവരും സിപിഎമ്മിന്റെ ചില ഉന്നത നേതാക്കളെയും ഗൂഢാലോചനക്കാരായി ദിലീപ് ജാമ്യഹർജിയിലും മറ്റും എടുത്തു കാട്ടിയിരുന്നു. എഡിജിപി സന്ധ്യയും മഞ്ജുവും അടുത്ത ബന്ധമുണ്ട്. അതുകൊണ്ടാണ് കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ഗൂഢാലോചന എന്ന ആരോപണം മഞ്ജു ഉന്നയിച്ചതെന്ന് ദിലീപ് പറഞ്ഞിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥനായ ഐജി ദിനേന്ദ്ര കശ്യപിനെ അറിയിക്കാതെയാണ് എഡിജിപി ബി.സന്ധ്യ ചോദ്യം ചെയതതെന്നും മഞ്ജുവാര്യരും സംവിധായകൻ ശ്രീകുമാർ മേനോനും തമ്മിലുള്ള ബന്ധത്തെ പറ്റി താൻ ചോദ്യം ചെയ്യലിനിടെ പറഞ്ഞപ്പോൾ ചോദ്യം ചെയ്യൽ പകർത്തിയിരുന്ന കാമറ എഡിജിപി ഓഫ് ചെയതെന്നും ദിലീപ് ആരോപിച്ചിരുന്നു. ഇതെല്ലാം ചർച്ചയാക്കാനാണ് നീക്കം. ജയിലിൽനിന്ന് പൾസർ സുനി, നാദിർഷയെ വിളിച്ച വിവരം അന്നുതന്നെ ഡിജിപി ലോക്‌നാഥ് ബെഹ്റയെ അറിയിച്ചിരുന്നുവെന്നും ദിലീപ് പറയുന്നു. ഏപ്രിൽ 10 നാണ് ബെഹ്റയെ വിളിച്ചത്. ഫോൺ സംഭാഷണം അടക്കം ബെഹ്റയുടെ പേഴ്സണൽ വാട്സ്ആപ് നമ്പരിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ അന്വേഷണം നടന്നില്ല. പകരം തന്നെ കുറ്റവാളിയാക്കാനായിരുന്നു പൊലീസ് ശ്രമിച്ചത്.

പരസ്യ സംവിധായകൻ ശ്രീകുമാർ മേനോനും തനിക്കെതിരേയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ദിലീപ് ആരോപിക്കുന്നത്. ഒരു പരസ്യത്തിന്റെ കരാർ ശ്രീകുമാർ മേനോന് നഷ്ടപ്പെട്ടത് താൻ കാരണമാണെന്ന് തെറ്റിദ്ധാരണയുടെ പുറത്താണ് ശ്രീകുമാർ മേനോന് തന്നോട് വിരോധം തോന്നാൻ കാരണമെന്നും ദിലീപ് പറയുന്നു. ശ്രീകുമാർ മേനോനെതിരെ മുമ്പും ദിലീപ് ആരോപണം ഉന്നയിച്ചിരുന്നു. സ്ഥിരം കുറ്റവാളിയായ പൾസർ സുനിയുടെ മൊഴികൾ മാത്രം വിശ്വസിച്ചാണ് പൊലീസ് തന്നെ കേസിൽപ്പെടുത്തിയതെന്നും കേസുമായി ബന്ധമില്ലാത്തവരുടെയൊക്കെ മൊഴിയെടുക്കുകയും ഇവരൊക്കെ തനിക്ക് എതിരായ മൊഴികളാണ് നൽകുന്നതെന്നും ദിലീപ് ആരോപിക്കുന്നു. പരസ്യചിത്ര സംവിധായകനായ ശ്രീകുമാർ മേനോനും ദിലീപിനെതിരായ ഗൂഢാലോചനയിൽ പങ്കുണ്ടാകാൻ സാധ്യതയുണ്ട്. മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിൽ ഇയാൾക്കു പങ്കുണ്ടെന്നു ദിലീപ് വ്യക്തമാക്കിയ ശേഷം ശ്രീകുമാർ മേനോന് അദ്ദേഹത്തോടു ശത്രുതയുണ്ട്.

ദിലീപിന്റെ കുടുംബ പ്രശ്നങ്ങൾ തന്നെയാണ്രേത ശ്രീകുമാർ മേനോനും ദിലീപും തമ്മിലെ കാരണം. എല്ലാം ദിലീപ് മുൻകൂട്ടി മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് മാത്രമാണ് മകളും അച്ഛനൊപ്പമുള്ളത്. ഇതിനിടെയിലാണ് സംവിധായകന്റെ അമ്മയുടെ മരണമെത്തുന്നത്. ഇത് ദിലീപിനേയും ഇയാൾ വിളിച്ചു പറഞ്ഞു. എന്നാൽ കുടുംബ പ്രശന്ങ്ങൾ കാരണം മറ്റൊരു മാനസിക അവസ്ഥയിലായിരുന്നു ദിലീപ്. മരണ വാർത്തയോട് പൊട്ടിത്തെറിക്കുന്ന ഭാഷയിലായിരുന്നു ദിലീപിന്റെ പ്രതികരണം. സാഹചര്യങ്ങളുടെ സമ്മർദ്ദമായിരുന്നു ഇതിന് കാരണം. തെറി പോലും പറഞ്ഞുവത്രേ. അന്ന് തന്നെ ദിലീപിനെ സാമ്പത്തികമായും മാനസികമായും തകർക്കുമെന്ന് ഈ സംവിധായകൻ ശപഥം ചെയ്തു.

ദിലീപിനോടും ഇത് പറഞ്ഞിരുന്നു. അടുത്ത ദിവസം മുതൽ ദിലീപ് പ്രശ്നങ്ങളിലേക്ക് നീങ്ങി. ഇതിന്റെ തുടർച്ചയാണ് അഴിക്കുള്ളിലാകലെന്നാണ് മറുനാടനോട് ഫോണിൽ സിനിമാ ലോകത്തെ പ്രമുഖൻ പറഞ്ഞിരുന്നത്. ഇതെല്ലാം നടിയെ ആക്രമിച്ച കേസിൽ വിചാരണ സമയത്ത് വീണ്ടും ചർച്ചയാകും.