തിരുവനന്തപുരം: കൊച്ചിയിൽ നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന ദിലീപ് അഭിനയിച്ച 'രാമലീല' പ്രദർശിപ്പിക്കുന്നതിനു പിന്തുണ പ്രഖ്യാപിച്ച് മഞ്ജു വാര്യരും. ഈ സിനിമ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവും തിയേറ്റർ കത്തിക്കണമെന്ന ആക്രോശങ്ങളുമൊക്ക നിർഭാഗ്യകരമാണെന്നാണ് മഞ്ജു വാര്യർ ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്.

വ്യക്തിപരമായ വിയോജിപ്പുകളും എതിർപ്പുകളും കാണിക്കേണ്ടത് സിനിമയോടല്ലെന്നും ഒരു സിനിമയും ഒരാളുടേത് മാത്രമല്ലെന്നുമാണ് ലേഡി സൂപ്പർ സ്റ്റാർ പറയുന്നത്. 'രാമലീല', ടോമിച്ചന്മുളകുപാടം എന്ന നിർമ്മാതാവിന്റെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ്. അതുപോലെ വർഷങ്ങളായി സിനിമയെ മാത്രം മനസ്സിലിട്ടുനടക്കുന്ന അരുൺഗോപി എന്ന നവാഗതസംവിധായകന്റേതുകൂടിയാണ്. സിനിമ തീയറ്ററിലെത്തിക്കാനും അത് പ്രേക്ഷകൻ കാണണമെന്ന് ആഗ്രഹിക്കാനും ഇവർക്കെല്ലാം അവകാശമുണ്ട്. അതിനെ നിഷേധിക്കാൻ നമുക്ക് അധികാരമില്ല. അങ്ങനെ ചെയ്താൽ അത് സിനിമയോട് ചെയ്യുന്ന അനീതിയാണ്. നാളെ,കാലം നമുക്ക് മാപ്പുതരില്ലെന്നും മഞ്ജു തന്റെ പോസ്റ്റിൽ പറയുന്നു. അതേസമയം ചിത്രത്തിലെ നായകനായ ദിലീപിന്റെ പേര് മഞ്ജു ഒരിടത്തും പരാമർശിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

ചലച്ചിത്ര അക്കാദമി അംഗവും സാംസ്‌കാരിക പ്രവർത്തകനുമായ ജിപി രാമചന്ദ്രൻ രാമലീലയുടെ റിലീസിനെതിരെ രംഗത്തെത്തുകയും ആ സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്റർ കത്തിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. രാമചന്ദ്രന്റെ ഈ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് സിനിമാലോകത്തുനിന്ന് ഉയർന്നു വന്നത്. അക്കാദമി ചെയർമാൻ കമൽ പോലും രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയതിനു പിന്നാലെ രാമചന്ദ്രൻ പോസ്റ്റ് പിൻവലിക്കുകയായിരുന്നു.

മഞ്ജുവാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇത് ഒരു ഉദാഹരണമാകരുത്

'ഉദാഹരണം സുജാത' ഈ മാസം 28ന് തീയറ്ററുകളിലെത്തുകയാണ്. ഏറെ ആസ്വദിച്ചു ചെയ്ത സിനിമയാണിത്. സുജാതയായിരുന്ന ഓരോ നിമിഷവും ഓരോ അനുഭവമായിരുന്നു. അവളെ നിങ്ങൾക്കും ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു. ചാർലിക്ക് ശേഷം മാർട്ടിൻ പ്രക്കാട്ടും ജോജുജോർജും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം ഫാന്റം പ്രവീണാണ്. ചിത്രീകരണത്തിൽ ഞങ്ങൾക്കൊപ്പം നിന്ന തിരുവനന്തപുരത്തിന് പ്രത്യേകിച്ച് ചെങ്കൽച്ചൂള നിവാസികൾക്ക് ഹൃദയംനിറഞ്ഞ നന്ദി.

സുജാതയ്ക്ക് തൊട്ടുകാണിക്കാൻ സ്നേഹത്തിന്റെ ഉദാഹരണങ്ങളൊരുപാട് തന്നു,നിങ്ങൾ. കോട്ടൺഹിൽസ്‌കൂളിലെയും അട്ടക്കുളങ്ങര സ്‌കൂളിലെയും അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹകരണവും എടുത്തുപറയേണ്ടതാണ്. എല്ലാവരെയും ഓർക്കുന്നു...സുജാത പ്രേക്ഷകരുടെയും പ്രിയപ്പെട്ടവളായി മാറുമെന്നാണ് പ്രതീക്ഷ.

'ഉദാഹരണം സുജാത'യ്ക്കൊപ്പം റിലീസ് ചെയ്യുന്ന മറ്റൊരു ചിത്രമാണ് 'രാമലീല'. ഈ സിനിമ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം പലയിടത്തുനിന്നും ഉയരുന്നുണ്ട്. തീയറ്റർ കത്തിക്കണമെന്ന ആക്രോശത്തിൽവരെയെത്തി അത്. പക്ഷേ ആ നിലപാട് ദൗർഭാഗ്യകരമാണെന്ന് പറയട്ടെ. വ്യക്തിപരമായ വിയോജിപ്പുകളും എതിർപ്പുകളും കാണിക്കേണ്ടത് സിനിമയോടല്ല. ഒരു സിനിമയും ഒരാളുടേത് മാത്രമല്ല. സിനിമ ഒരാളല്ല,ഒരുപാടുപേരാണ്. അവർ അതിൽ നിക്ഷേപിക്കുന്നത് പണമോ അധ്വാനമോ സർഗ്ഗവൈഭവമോ മാത്രമല്ല. പ്രതിഫലം വാങ്ങി പിരിയുന്നതോടെ തീരുന്നതല്ല ആ ബന്ധം.

സിനിമ നന്നായി വിജയിക്കുമ്പോഴും അത് പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടു എന്നറിയുമ്പോഴുമാണ് അതിന്റെ പിന്നിൽ പ്രവർത്തിച്ചവർ യഥാർഥത്തിൽ ആനന്ദിക്കുന്നത്. അത് പണത്തേക്കാൾ വലുതാണ് താനും. അതിനു വേണ്ടിയാണ് അവർ രാപകലില്ലാതെ പ്രയത്നിക്കുന്നതും. സിനിമയെന്നത് അനേകം കുടുംബങ്ങളുടെ ആശ്രയമായ വ്യവസായമാണ്. ഒരുപാടുപേരുടെ അന്നവും മരുന്നും പാഠപുസ്തകവുമെല്ലാമാണ്. സിനിമയെ തീയറ്ററുകളിൽനിന്ന് അകറ്റിയാൽ ഈ വ്യവസായത്തിൽ നിക്ഷേപിക്കാൻ നിർമ്മാതാക്കളുണ്ടാകില്ല. അതോടെ തകരുന്നത് ഒട്ടേറെ കുടുംബങ്ങളും സ്വപ്നങ്ങളുമാണ്. അത് സംഭവിച്ചുകൂടാ.

'രാമലീല', ടോമിച്ചന്മുളകുപാടം എന്ന നിർമ്മാതാവിന്റെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ്. അതുപോലെ വർഷങ്ങളായി സിനിമയെ മാത്രം മനസ്സിലിട്ടുനടക്കുന്ന അരുൺഗോപി എന്ന നവാഗതസംവിധായകന്റേതുകൂടിയാണ്.

അതിലെ അഭിനേതാക്കളുടെ മുഖങ്ങൾക്ക് നേരെ പ്രകാശം പ്രതിഫലിപ്പിച്ച, അവർക്കായി വച്ചുവിളമ്പിയ ക്രഡിറ്റ് കാർഡിൽപോലും പേരുവരാത്തവരുടേയുമാണ്. സിനിമ തീയറ്ററിലെത്തിക്കാനും അത് പ്രേക്ഷകൻ കാണണമെന്ന് ആഗ്രഹിക്കാനും ഇവർക്കെല്ലാം അവകാശമുണ്ട്. അതിനെ നിഷേധിക്കാൻ നമുക്ക് അധികാരമില്ല. അങ്ങനെ ചെയ്താൽ അത് സിനിമയോട് ചെയ്യുന്ന അനീതിയാണ്. നാളെ,കാലം നമുക്ക് മാപ്പുതരില്ല. 'രാമലീല' പ്രേക്ഷകർ കാണട്ടെ...കാഴ്ചയുടെ നീതി പുലരട്ടെ...