കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യ പ്രതി പൾസർ സുനിയെ പൊലീസ് അറസ്റ്റ് ചെയ്തതിൽ നടി മഞ്ജു വാര്യർ സന്തോഷം അറിയിച്ചു. അതേസമയം, സംഭവത്തിന്റെ ഗൂഢാലോചനക്കാരെക്കൂടി പുറത്തുകൊണ്ടുവരേണ്ടിയിരിക്കുന്നുവെന്നും അവർ പറഞ്ഞു. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗൂഢാലോചന ഉണ്ടെന്നാണ് തുടക്കം തൊട്ട് മഞ്ജു വാര്യർ ആരോപിച്ചിട്ടുള്ളത്.

കേസിലെ മുഖ്യ പ്രതി പൾസർ സുനിയും കൂട്ടാളി വിജീഷും ഇന്നു കീഴടങ്ങാനെത്തവേ, പൊലീസ് കോടതിക്കകത്തുനിന്ന് വലിച്ചഴച്ച് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് മഞ്ജു വാര്യർ പ്രതികരിച്ചിരിക്കുന്നത്.

നടിക്കുനേരെയുണ്ടായ അതിക്രമം ആസൂത്രിതമെന്ന് മഞ്ജു വാര്യർ വീണ്ടും ആരോപിച്ചു. പ്രതികളെ പിടിച്ചതിൽ സന്തോഷമുണ്ട്. അന്വേഷണത്തിലൂടെ സത്യം പുറത്തുവരുമെന്നാണ് കരുതുന്നതെന്നും മഞ്ജു പ്രതികരിച്ചു.

നേരത്തെയും സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു ആരോപിച്ചിരുന്നു. നടിക്കെതിരായ അക്രമത്തിൽ പ്രതിഷേധം രേഖപ്പെടുത്താൻ താരസംഘടനയായ സംഘടിപ്പിച്ച യോഗത്തിലായിരുന്നു മഞ്ജുവിന്റെ പ്രതികരണം. 'സംഭവത്തിന് പിന്നിൽ വൻ ക്രിമിനൽ ഗൂഢാലോചയുണ്ട്. ഇവരെ ഉടൻ പുറത്തുകൊണ്ടുവരണം' ഇതായിരുന്നു അന്ന് മഞ്ജുവിന്റെ പ്രതികരണം.

ഉച്ചക്ക് ഒരു മണിയോടെ കൂട്ടുപ്രതി വിജേഷിനൊപ്പം കോടതിയിൽ എത്തിയ വേളയിലാണ് പൾസർ സുനിയെ പൊലീസ് പ്രതിയെ പിടികൂടിയത്. എറണാകുളം എസിജെഎം കോടതിയിലേക്ക് ഓടിക്കയറിയ പ്രതി കീഴടങ്ങാൻ ഒരുങ്ങവേ പൊലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. പൊലീസ് നാടെങ്ങും തിരയുമ്പോഴാണ് അവരുടെ കണ്ണുവെട്ടിച്ച് കോടതിയിൽ ഉച്ചയ്ക്ക് കീഴടങ്ങാനായി സുനി കോടതിയിലെത്തിയത്. ജഡ്ജിയുടെ ചേംബറിൽ വരെ പ്രതി എത്തിയിരുന്നു.

എന്നാൽ സുനിയെ തിരിച്ചറിഞ്ഞ പൊലീസ് സുനിയെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. കോടതി ഉച്ചഭക്ഷണത്തിന് പിരിഞ്ഞ സമയത്താണ് സുനിയും കൂട്ടാളിയും എത്തിയത്. പൊലീസ് ഇരച്ചെത്തുന്നത് കണ്ട് പൾസർ സുനിയും വിജേഷും കോടതിക്കകത്തെ പ്രതിക്കൂട്ടിലേക്ക് ഓടിക്കയറുകയറി. ഇതിനിടെയാണ് ഇവരെ വളഞ്ഞിട്ടു പിടികൂടിയത്.