തിരുവനന്തപുരം:  സിനിമാ ചിത്രീകരണത്തിനിടെ തന്നെ കാണാൻ വന്ന 'ആരാധിക' ചോദിച്ച ചോദ്യം മഞ്ജു വാര്യരെ ഏറെ ചിന്തിപ്പിക്കുകയാണ്. 'പ്യേരെന്തരീ...???' എന്ന വയോധികയുടെ ചോദ്യം സിനിമാ താരങ്ങളെ എല്ലാവരും അറിയുമെന്ന തന്റെ ധാരണ തെറ്റിച്ചു കളഞ്ഞെന്നാണു മഞ്ജു പറഞ്ഞത്.

ഫേസ്‌ബുക്കിലാണ് ഇക്കാര്യം മഞ്ജു വെളിപ്പെടുത്തുന്നത്. ഷൂട്ടിങ് കാണാനെത്തി അതിനുശേഷം ഒപ്പം നിന്നു ഫോട്ടോയും എടുത്തുകഴിഞ്ഞാണ് പാറുവമ്മ ആ ഒരൊറ്റ ചോദ്യം ചോദിച്ചത്.

കരിങ്കുന്നം സിക്‌സസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെത്തിയപ്പോഴാണ് വയോധികയായ ആരാധിക മഞ്ജുവിനെയും ഒപ്പമുള്ളവരെയും ഞെട്ടിച്ചത്. അതെക്കുറിച്ചു മഞ്ജുവിന്റെ വാക്കുകളിൽ:

''ഇപ്പോൾ അഭിനയിക്കുന്നത് കരിങ്കുന്നം സിക്‌സസ് എന്ന ചിത്രത്തിലാണ്. തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിലായിരുന്നു കഴിഞ്ഞ ദിവസം ഷൂട്ടിങ്. ചുറ്റും കാഴ്ചക്കാരുടെ തിരക്കുണ്ട്. അതിനിടയിലാണ് തനി നാട്ടിൻപുറത്തുകാരിയായ ഒരമ്മൂമ്മ കാണാൻ വന്നത്. നല്ലപ്രായമുണ്ട്. ലുങ്കിയും ബ്ലൗസും തോർത്തുമാണ് വേഷം. ഞാൻ വന്നിട്ടുണ്ടെന്നറിഞ്ഞ് കുറേ കഷ്ടപ്പെട്ടെത്തിയതാണെന്ന് ആരോ പറഞ്ഞു. അതോടെ അമ്മൂമ്മയോടുള്ള ഇഷ്ടം കൂടി. ചേർത്തുനിർത്തി ഫോട്ടോയെടുത്തു. ഞാൻ വിശേഷമൊക്കെ ചോദിച്ചു. പാറുവെന്നാണ് പേര്. അമ്മൂമ്മയ്ക്ക് നല്ലപോലെ യോജിക്കുന്ന പേര്. പോകാൻ നേരം പാറു അമ്മൂമ്മ എന്നോട് ചോദിച്ചു..
പ്യേരെന്തെരീീീീ....!!!!
പകച്ചുപോകുകയല്ല,പകരം ചിരിച്ചുപോകുകയായിരുന്നു ഞാൻ...
സിനിമാതാരങ്ങളെ എല്ലാവരും അറിയുമെന്ന ധാരണയെ ഒറ്റച്ചോദ്യത്തിലൂടെ തിരുത്തിക്കളഞ്ഞ പാറു അമ്മൂമ്മയ്ക്ക് സലാം...''