കോഴിക്കോട്: കൊച്ചിയിൽ യുവനടിയെ അക്രമിച്ച കേസിൽ മുൻ നിലപാടുകളിൽനിന്ന് മലക്കംമറിഞ്ഞ് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ രംഗത്തു വന്നത് സിനിമാ ലോകത്തെ മുഴുവൻ ഞെട്ടിച്ചു. ദിലീപിന് പരസ്യ പിന്തുണയുമായെത്തിയ ആദ്യ സിനിമാക്കാരനായിരുന്നു കമൽ. അതിന് ശേഷമാണ് താരസംഘടനയായ അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും രംഗത്ത് വന്നത്. എന്നാൽ അപ്രതീക്ഷിതമായി കമൽ നിലപാട് മാറ്റി. നടിക്കെതിരായ അക്രമത്തിൽ ഗുഢാലോചന നടന്നിട്ടുണ്ടെന്ന് സംശയമുണ്ടെന്നും അക്കാര്യം അന്വേഷിക്കണമെന്നും ഇന്നലെ 'മീഡിയാ വൺ' ചാനലിന് നൽകിയ അഭിമുഖത്തിൽ കമൽ വ്യക്തമാക്കി. ഇതിന് പിന്നിൽ ആമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഉണ്ടെന്നാണ് സൂചന.

നടി ആക്രമിക്കപ്പെട്ടതിൽ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞത് മഞ്ജുവാര്യരായിരുന്നു. അതായത് ആമിയിൽ നായികയായി കമൽ കാണുന്ന നടി. വിദ്യാബാലന്റെ പിന്മാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ആമിയിൽ കരിനിഴൽ വീഴ്‌ത്തിയിരുന്നു. എന്നാൽ ആമിയിൽ മഞ്ജുവാര്യർ അഭിനയിക്കുമെന്ന സൂചന പുറത്തുവന്നതോടെ വിവാദങ്ങളും തുടങ്ങി. എന്നാൽ അതിശക്തമായി തന്നെ കഥാപാത്രത്തെ അങ്ങനെ കാണണമെന്ന ഫെയ്‌സ് ബുക്ക് പോസ്റ്റുമായി മഞ്ജു കമലിന് പിന്തുണയുമായി എത്തി. ഇതിനിടെ മഞ്ജുവിനെ സിനിമയിൽ അഭിനയിപ്പിക്കരുതെന്ന് ദിപീല് കമലിനോട് ആവശ്യപ്പെട്ടതായും വിവാദമെത്തി. എന്നാൽ കമൽ ഇത് നിഷേധിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് തിയേറ്റർ ഉടമകളുടെ സംഘടനാ നേതാവായ ദിലീപിനെ നടി ആക്രമിക്കപ്പെട്ട വിവാദത്തിൽ ന്യായീകരിച്ച് കമലെത്തിയത്. ഇതോടെ കമൽ ഗൂഡോലാചന വാദം തള്ളിക്കളയുകയാണെന്നും നിരീക്ഷണങ്ങളെത്തി.

പ്രത്യക്ഷത്തിൽ മഞ്ജു വാര്യർ എടുത്ത നിലപാടിന് വിരുദ്ധമായിരുന്നു ഇത്. ഇതോടെ കമലിന്റെ ആമിയിൽ അഭിനയിച്ച് പുലിവാല് പിടിക്കണമോ എന്ന ചോദ്യം പലരും മഞ്ജുവിനോട് ഉയർത്തി. നടി ആക്രമിക്കപ്പെട്ട കേസിൽ മഞ്ജു ഉയർത്തിയ ഗൂഢാലോചനാ വാദത്തെ പോലും അംഗീകരിക്കാൻ കമൽ തയ്യാറാകുന്നില്ലെന്നും അതുകൊണ്ട് മാധവിക്കുട്ടിയെന്ന എഴുത്തുകാരിയുടെ കമലാസുരയ്യയിലേക്കുള്ള മാറ്റം വെള്ളിത്തിരയിൽ അഭിനയിക്കേണ്ടതുണ്ടോ എന്ന ചോദ്യമാണ് മഞ്ജുവിന് മുമ്പിലെത്തിയത്. ആമിയുടെ സിനിമയിൽ ഔദ്യോഗിക കരാറിൽ ഒപ്പിടാത്തതു കൊണ്ട് തന്നെ തീരുമാനം എടുക്കാൻ മഞ്ജുവിന് കഴിയും. അതുകൊണ്ട് തന്നെ ആമിയാകുന്നതിൽ നിന്ന് മഞ്ജു പിന്മാറുമെന്ന സൂചനയും എത്തി. ഇത് പ്രതിസന്ധിയിലാക്കിയത് കമലിന്റെ ആമിയെന്ന സിനിമയെ കുറിച്ചുള്ള മോഹമാണ്.

വിദ്യാ ബാലന് പിന്നാലെ മഞ്ജു വാര്യരും പിന്മാറിയാൽ അത് കമലിന് തിരിച്ചടിയാകും. ഈ സാഹചര്യത്തിൽ മഞ്ജുവിന്റെ മനസ്സ് പൂർണ്ണമായും അനുകൂലമാക്കാനാണ് പുതിയ പ്രസ്താവനയുമായി കമൽ എത്തിയതെന്നാണ് സിനിമാ ലോകത്തെ സംസാരം. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപുമായി ബന്ധപ്പെട്ട് സംശയമുണ്ടെങ്കിൽ അതും അന്വേഷിക്കണം. ചില മാദ്ധ്യമങ്ങൾ ടാർജറ്റ് ചെയ്തെന്ന് തോന്നിയപ്പോഴാണ് താൻ നേരത്തെ ദിലീപിനെ പിന്തുണച്ചതെന്നും കമൽ ചൂണ്ടിക്കാട്ടി. നടിക്കെതിരായ അക്രമകേസുമായി ബന്ധപ്പെട്ട പ്രതികരണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജനവികാരം മാനിക്കേണ്ടിയിരുന്നു. നടിക്ക് നീതിയുറപ്പാക്കാനുള്ള പ്രതിഷേധ കൂട്ടായ്മകളെ പിന്തുണക്കും. സംഭവശേഷം നടി കാണിച്ച ധൈര്യം എല്ലാവർക്കും മാതൃകയാണ്'- കമൽ ചൂണ്ടിക്കാട്ടി.

അതായത് തിയേറ്റർ ഉടമാ സംഘടനയുടെ തലവനെ മാത്രമല്ല മുഖ്യമന്ത്രിയെ പോലും തള്ളിപ്പറയുന്ന നിലപാടിലേക്ക് കമലെത്തി. ഇത് ആദ്യമായാണ് സിനിമാ ലോകത്തെ പ്രമുഖൻ ഈ വിഷയത്തിൽ പിണറായിയെ കുറ്റപ്പെടുത്തുന്നത്. നടിയെ ആക്രമിക്കപ്പെട്ട കേസിൽ പൊലീസ് ഗൂഢാലോചനാ വാദം തള്ളുന്നതിന് കാരണം മുഖ്യമന്ത്രിയുടെ നിലപാട് കാരണമെന്ന ആക്ഷേപം ശക്തമാണ്. ഈ സാഹചര്യത്തിലാണ് ഗൂഢാലോചനാ വാദത്തിൽ ദിലീപിനെ തള്ളിപ്പറഞ്ഞും മുഖ്യമന്ത്രിയെ എതിർത്തുമുള്ള കമലിന്റെ പ്രസ്താവന സിനിമാ ലോകത്ത് ചർച്ചയാകുന്നത്. ആമിയിൽ മഞ്ജു എത്തുമെന്ന് ഉറപ്പിക്കാനാണ് കമലിന്റെ ശ്രമമെന്നും ഇവർ പറയുന്നു. കേസ് അന്വേഷണം ഒരു തരത്തിലും ദിലീപിന് എതിരേയാകില്ലെന്ന് ഉറപ്പാണ്. കേസ് പൾസർ സുനിയിൽ തന്നെ ഒതുങ്ങും. ഇതു കൂടി മനസ്സിലാക്കിയാണ് കമൽ കളം മാറുന്നതെന്നും സൂചനകൾ എത്തുന്നു.

ആർക്കെതിരെയും ഏത് തരത്തിലുള്ള ആരോപണങ്ങൾ ഉണ്ടെങ്കിലും അന്വേഷിക്കണം. സിനിമയിൽ ക്രിമിനലുകൾ കടന്നുകയറിയിട്ടുണ്ടെന്ന് താനാണ് ആദ്യം പറഞ്ഞത്. അപ്പോൾ ആ രീതിയിൽ ഒരു ഗൂഢാലോചന നടിക്കെതിരായ അക്രമത്തിൽ ഉണ്ടെന്നാണ് താൻ വിശ്വസിക്കുന്നതെന്നും കമൽ ഇപ്പോൾ പറയുന്നു. നടിമാർ ഒറ്റയ്ക്ക് യാത്ര ചെയ്യുതെന്ന സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ നിലപാടിനെതിരെയും കമൽ രംഗത്തത്തെി. അമ്മയുടെ നിലപാട് ജനാധിപത്യവിരുദ്ധവും സ്ത്രീവിരുദ്ധവുമാണ്. ഒരു സംഘടനയും പറയാൻ പാടില്ലാത്തതായിരുന്നു അമ്മയുടെ പ്രതികരണമെന്നും കമൽ തുറന്നടിച്ചു. അങ്ങനെ മുമ്പ് പറഞ്ഞതെല്ലാം എല്ലാ അർത്ഥത്തിലും വിഴുങ്ങുകയാണ് കമൽ. നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന അന്വേഷിക്കാത്തതിൽ സിനിമാ ലോകത്തെ ഒരു വിഭാഗം കടുത്ത നിരാശയിലാണ്. ഇതാണ് കമൽ പങ്കുവച്ചതെന്നാണ് മറ്റൊരു യാഥാർത്ഥ്യം. നടിക്ക് നീതി ലഭിക്കില്ലെന്ന പൊതു വികാരമാണ് സിനിമാ ലോകത്തുള്ളത്.

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് നിരവധി മലക്കം മറിച്ചിലുകൾ മലയാള സിനിമയിൽ ഉണ്ടായി. ഇതിൽ മഞ്ജു മാത്രമാണ് ഉറച്ച നിലപാട് എടുത്തത്. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ചു. മഞ്ജുവിന്റെ ആരോപണങ്ങൾ ലക്ഷ്യമിടുന്നത് ദിലീപിനെയാണെന്ന വാദം സജീവമായി. ഇത് സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഇതോടെ ദിലീപിന് എല്ലാ പിന്തുണയുമായി ആദ്യം എത്തിയത് കമൽ ആയിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപ് മാദ്ധ്യമ വിചാരണ നേരിടുന്നുവെന്ന് കമൽ പറഞ്ഞിരുന്നു. കേസ് വഴി തിരിച്ച് വിടാനാണ് ശ്രമമെന്നും മാദ്ധ്യമങ്ങൾ സൂപ്പർ പൊലീസാകേണ്ടെന്നും കമൽ പറഞ്ഞു. പൾസർ സുനിയെ മാദ്ധ്യമങ്ങൾ വീരപുരുഷനായി ചിത്രീകരിക്കുകയാണെന്നും കമൽ കുറ്റപ്പെടുത്തി . കൊച്ചിയിൽ സ്ത്രീ സുരക്ഷയ്ക്കായി ഡിവൈഎഫ്ഐ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു കമൽ ഈ നിലപാട് എടുത്തത്.

ഇതോടെ സിനിമാ മേഖലയിലെ സമാവാക്യങ്ങൾ മാറി മറിഞ്ഞു. അതിനിടെ മഞ്ജു കമലിന്റെ ആമിയിൽ നിന്ന് പിന്മാറിയെന്ന സൂചനയുമായി മംഗളം സിനിമയും രംഗത്തുവന്നു. ആമി എന്ന സിനിമ എടുക്കുന്നത് ചിലരെ രക്ഷപ്പെടുത്താനാണ്. കമലാ സുരയ്യയെ ആരും ചതിച്ചിട്ടില്ലെന്ന് സ്ഥാപിക്കാനാണെന്നും മംഗളം സിനിമ കുറിച്ചു. ആദ്യം നായികയായി നിശ്ചയിച്ചിരുന്ന വിദ്യാ ബാലൻ ഷൂട്ടിങ് തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് ചിത്രത്തിൽ നിന്ന് പിന്മാറിയത്. വിദ്യയുടെ പിന്മാറ്റത്തിന് പിന്നിൽ കാരണമെന്തെന്ന് അറിയില്ലെന്ന് കമൽ വ്യക്തമാക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള കമലിന്റെ പ്രസംഗമാണ് ചിത്രത്തിൽ നിന്നുള്ള വിദ്യയുടെ പിന്മാറ്റത്തിന് കാരണമെന്നാണ് അഭ്യൂഹം. കേന്ദ്ര സർക്കാരിന്റെ ശൗചാലയ ബോധവത്കരണ പരിപാടിയുമായി ബന്ധപ്പെട്ട പരസ്യങ്ങളിലെ സ്ഥിരസാന്നിധ്യമാണ് വിദ്യ. ഇതിനൊപ്പം ആമിയിൽ ഇസ്ലാം മത താൽപ്പര്യമാണ് കമൽ സംരക്ഷിക്കുന്നതെന്ന വാദവും സജീവമായിരുന്നു.

ഈ സാഹചര്യത്തിൽ മഞ്ജു കൂടി പിന്മാറിയാൽ ആമിയുടെ ഭാവി തന്നെ പ്രതിസന്ധിയിലാകുമായിരുന്നു. ഇത് മനസ്സിലാക്കിയാണ് കമൽ നടിയെ ആക്രമിക്കപ്പെട്ടതിൽ ഗൂഢാലോചനാ വാദം അംഗീകരിച്ച് ഇപ്പോൾ രംഗത്ത് വന്നതെന്നാണ് സൂചന.