തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലെത്തിയ നടി മഞ്ജു വാര്യർ വ്യത്യസ്തമാർന്ന വേഷങ്ങളിലൂടെ തന്റെ പ്രതിഭയ്ക്ക് മാറ്റുകുറഞ്ഞിട്ടില്ലെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഉദാഹരണം സുജാത അടക്കം നായികാകേന്ദ്രിതമായ വേഷങ്ങളിലൂടെ തിരിച്ചുവരവ് ഗംഭീരമാക്കുകയും ചെയ്തു.ഈ തിരക്കുകൾക്കിടെ, ടെലിവിഷനിലും ഒരു കൈനോക്കുകയാണ് മഞ്ജു.

മാജിക് ഫ്രെയിംസിന്റെ ബാനറിൽ സൂര്യ ടിവിയിൽ അവതരിപ്പിക്കുന്ന ത്രില്ലർ ഷോ ആയ അവരിൽ ഒരാൾ എന്ന പരമ്പരയിലാണ് മഞ്ജു വാര്യർ വേഷമിടുന്നത്. ജയരാജ് വിജയ് സംവിധാനം ചെയ്യുന്ന സിനിമ പോലൊരു പരമ്പര ഈ മാസം പതിനെട്ട് മുതലാണ് സംപ്രേഷണം ചെയ്ത് തുടങ്ങുന്നത്. തിങ്കൾ മുതൽ ശനി വരെ രാത്രി 8 മണിക്കാണ് പരിപാടി.

തിരക്കഥാകൃത്തുക്കളായ ബോബിയുംസഞ്ജയും ചേർന്നാണ് പരിപാടിക്ക് കഥയൊരുക്കുന്നത്. അവരിൽ ഒരാൾ ഒരു ഫീച്ചർ സിനിമ പോലെയാണ് ചിത്രീകരിച്ചിരിക്കുന്നത്. നന്ദിത, സുഭദ്രാമ്മ, മോഹൻ എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളാണ് ഷോയിലുള്ളത്.

നാളെ മുതൽ തങ്ങളുടെ പ്രിയപ്പെട്ട നടിയെ ടെലിവിഷനിലൂടെ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.മുത്തശിയും, വ്യവസായിയുമായ സുഭദ്രാമ്മയെ കേന്ദ്രീകരിച്ചാണ് പരമ്പര.തന്റെ ഉറ്റസുഹൃത്തായ ഇഷിതയ്‌ക്കൊപ്പം ബെംഗളൂരുവിൽ കഴിയുന്ന നന്ദിത മുത്തശിയുടെ വ്യവസായം തകർച്ചയിലാണെന്ന് അറിഞ്ഞ് നാട്ടിലെത്തി കാര്യങ്ങളിൽ ഇടപെടുന്നതാണ് ഇതിവൃത്തം.