കൊച്ചി: മുമ്പൊക്കെ തെരഞ്ഞെടുപ്പുകളിൽ സിനിമാ താരങ്ങൾ വെറും കാഴ്‌ച്ചക്കാരായി മാത്രം എത്തുന്ന അവസ്ഥയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയാൽ എത്തി. അത്രയേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, ഇത്തവണ കാര്യങ്ങൾ തീർത്തും വ്യത്യസ്തമാണ്. മത്സര രംഗത്ത് നിരവധി സിനിമാ താരങ്ങളാണ് ഉള്ളത്. അതു കൂടാതെയാണ് ചില സിനിമാ താരങ്ങളെ മുൻനിർത്തി വോട്ടുപിട്ിക്കാനുള്ള ശ്രമങ്ങളും നടക്കുന്നത്. ഇത്തരം ശ്രമങ്ങൾ സോഷ്യൽ മീഡിയയിലാണ് ശക്തമായിരിക്കുന്നത്. ബിജെപിക്ക് അനുകൂലമായി വോട്ടുതേടി താരങ്ങൾ എന്ന വിധത്തിലായിരുന്നു പ്രചരണങ്ങൾ. എന്തായാലും ഈ പ്രചരണങ്ങൾക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്ന് താരങ്ങൾ പ്രതികരിച്ചു. ഇപ്പോഴിതാ, മഞ്ജു വാര്യരും തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്തെത്തി.

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയാകുമെന്ന പ്രചരണങ്ങളെ തള്ളിയാണ് മഞ്ജു വാര്യർ രംഗത്തെത്തിയത്. താനുമായി ചർച്ചകൾ നടത്തിയെന്നുമുള്ള വാർത്തകൾെ തെറ്റാണെന്ന് അവർ പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി അങ്ങനെയൊരു ഓഫർ വന്നിട്ടില്ലെന്നും, താൻ അറിയാത്ത കാര്യങ്ങളാണ് പറഞ്ഞു നടക്കുന്നതെന്നും മഞ്ജു വാര്യർ വ്യക്തമാക്കി.

നേരത്തെ തിരുവനന്തപുരത്ത് മഞ്ജു വാര്യർ ബിജെപി സ്ഥാനാർത്ഥിയാകുമെന്നും, മഞ്ജു വാര്യരുമായി ബിജെപി ചർച്ചകൾ നടത്തിയെന്നുമുള്ള വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഫേസ്‌ബുക്കിലും, വാട്‌സാപ്പിലും ഇത്തരത്തിൽ പോസ്റ്ററുകളും പ്രചരിച്ചിരുന്നു. തുടർന്നാണ് ഇന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് മഞ്ജു വാര്യർ തനിക്ക് യാതൊരു വിധ ഓഫറുകളും വന്നിട്ടില്ലെന്ന് പറഞ്ഞത്.

സിനിമാക്കാർ രാഷ്ട്രീയത്തിൽ വരുന്നത് നല്ലതാണോ, ചീത്തതാണോ എന്നൊന്നും തനിക്കറിയില്ലെന്നും, നാളെ രാഷ്ട്രീയത്തിൽ ഇറങ്ങുമോ എന്നു ചോദിച്ചാൽ അതറിയില്ലെന്നും, ഇപ്പോൾ പറയാനാകില്ലെന്നും അവർ പറഞ്ഞു. താരങ്ങളുടെ പ്രചാരണത്തിനിറങ്ങുമോ എന്നുള്ള ചോദ്യത്തിന് അവരെയൊക്കെ വിളിക്കാറുണ്ടെന്നും, സംസാരിക്കാറുണ്ടെന്നും അത്തരത്തിൽ പ്രചാരണവുമായി ബന്ധപ്പെട്ടുള്ള സംസാരങ്ങൾ ആർക്കുമിടയിൽ ഉണ്ടായിട്ടില്ലെന്നും മഞ്ജു വാര്യർ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്മാരായ പൃഥ്വിരാജ്, നീരജ് മാധവ്, ബാലചന്ദ്രമേനോൻ എന്നിവർ തങ്ങളുടെ ചിത്രം ബിജെപിയുടെ സോഷ്യൽ മീഡിയ ക്യാംപെയ്‌നുകളിൽ ഉപയോഗിക്കുന്നതിനെതിരെ രംഗത്ത് വന്നിരുന്നു.