കൊച്ചി: മഞ്ജു വാര്യർ ചിത്രം മോഹൻലാലിന് തൃശൂർ ജില്ലാ കോടതി ഏർപ്പെടുത്തിയ സ്റ്റേ നീങ്ങി. കലവൂർ രവികുമാറുമായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നടത്തിയ ഒത്തു തീർപ്പിലാണ് ചിത്രത്തിന്റെ സ്റ്റേ നീക്കിയത്. ഇതുപ്രകാരം രവികുമാറിന് അഞ്ച് ലക്ഷം രൂപ നൽകാനും തീരുമാനമായി. ഇതോടെ മഞ്ജു വാരിയർ നായികയായ ചിത്രം 'മോഹൻലാൽ' വിഷു റിലീസ് ആയി തിയറ്ററുകളിലെത്തും.

'മോഹൻലാലിനെ എനിക്ക് ഇപ്പോൾ ഭയങ്കര പേടിയാണ്' എന്ന തന്റെ കഥയെ അടിസ്ഥാനമാക്കിയാണു ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണു കലവൂർ രവികുമാർ പറയുന്നത്. ഇതേ തുടർന്ന് രക്കഥാകൃത്ത് കലവൂർ രവികുമാർ നൽകിയ ഹർജിയിൽ സിനിമയുടെ റിലീസ് കോടതി സ്റ്റേ ചെയ്തിരുന്നു.

കഥയുടെ അവകാശം നൽകാമെന്ന ഉറപ്പ് അണിയറപ്രവർത്തകർ ലംഘിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സിനിമയിൽ പകർപ്പവകാശലംഘനം നടന്നിട്ടില്ലെന്ന് സംവിധായകനായ സാജിദ് യഹിയ വ്യക്തമാക്കി. സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സുനീഷ് വാരനാട് ആണ് തിരക്കഥ എഴുതിയിരിക്കുന്നത്.