കണ്ണൂർ: ഉഗ്രവിഷമുള്ള മൂർഖന്റെ കടിയേറ്റു മൂന്നു ദിവസം അബോധാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിഞ്ഞ ശേഷം ജീവിതത്തിലേക്ക് മടങ്ങിയെത്താനായതിന്റെ ആശ്വാസത്തിലാണ് കണ്ണൂർ ചക്കരക്കൽ സ്വദേശിനി മഞ്ജുള. വാവാ സുരേഷ് കോട്ടയം മെഡിക്കൽ കോളജിലെ പരിചരണത്തിൽ ജീവിതത്തിലേക്കു തിരികെക്കയറിയ ദിവസങ്ങളിലാണ് കണ്ണൂരിലെ ജില്ലാ ആശുപത്രി വെന്റിലേറ്ററിൽ മഞ്ജുളയും രണ്ടാം ജന്മത്തിലേക്കു കണ്ണു തുറന്നത്

'ഇതെന്റെ രണ്ടാം ജന്മമാണ്. ഇവർക്കെല്ലാം എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല.' ഓക്‌സിജൻ മാസ്‌കിന്റെ സുതാര്യമായ നേർത്ത പാളിക്കപ്പുറം മഞ്ജുള പറയുന്നതെല്ലാം കൃത്യമായി വേർതിരിച്ചെടുക്കാൻ പ്രയാസമാണെങ്കിലും ജീവൻ തിരിച്ചുകിട്ടിയതിലുള്ള ആശ്വാസമാണ് ആ മുഖത്ത് നിറയുന്നത്.

കണ്ണൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് 44 വയസ്സുള്ള പി.മഞ്ജുള. 3ന് രാവിലെ ചക്കരക്കല്ലിലെ വാടകവീട്ടിൽ നിന്നു റോഡിലേക്കു തിരക്കിട്ട് ഇറങ്ങുമ്പോഴായിരുന്നു കാലിൽ തീപ്പൊള്ളലേറ്റപോലൊരു വേദന. മൂർഖനാണ് കടിച്ചത്. മുൻപും രണ്ടു മൂന്നു തവണ ആ പരിസരത്ത് പാമ്പിനെ കണ്ടിരുന്നു. ചവിട്ടിപ്പോയപ്പോഴാണു കടിയേറ്റത്. പാമ്പ് അപ്പോൾത്തന്നെ ഇഴഞ്ഞു മറഞ്ഞു. കടിയേറ്റെന്നു മനസ്സിലായതോടെ വീട്ടിലേക്കു കയറി സുഹൃത്തിനെ ഫോണിൽ വിളിച്ചു. സുഹൃത്തിന്റെ ബൈക്കിൽ ചക്കരക്കല്ലിൽ എത്തി. അവിടെ നിന്ന് 108 ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്ക്.

അപ്പോഴേക്കും കൺമുന്നിലുള്ളതെല്ലാം രണ്ടായി കാണാൻ തുടങ്ങിയിരുന്നു. ആംബുലൻസിൽ കയറുമ്പോഴേക്കും ബോധം പോയി. പിന്നെ മൂന്നാം ദിവസമാണ് കണ്ണു തുറന്നത്. 30 വയൽ ആന്റിവെനം നൽകേണ്ടിവന്നുവെന്ന് ഡോക്ടർമാർ പറയുന്നു. ബുധനാഴ്ചയാണ് വെന്റിലേറ്ററിൽ നിന്ന് ഐസിയുവിലേക്ക് മാറ്റിയത്. ജില്ലാ ആശുപത്രിയിലെ ഡോ.നവനീത്, ഡോ.നുസ്‌റത്ത്, ഡോ.രാകേഷ്, ഡോ.അഭിലാഷ്, ഡോ.വൈശാഖ്, ഡോ.നിധിൻ, ഡോ.ലത,

ഡോ.രോഹിത് രാജ് തുടങ്ങിയവരടങ്ങുന്ന ഡോക്ടർമാരുടെ സംഘവും വെന്റിലേറ്ററിലും ഐസിയുവിലും കണ്ണിമചിമ്മാതെ പരിചരിച്ച നഴ്‌സിങ് ജീവനക്കാരുടെയും ആരോഗ്യപ്രവർത്തകരുടെയും കരുതലുമാണ് മഞ്ജുളയ്ക്കു രണ്ടാം ജന്മമേകിയത്. ജില്ലാ ആശുപത്രി സൂപ്രണ്ട് വി.കെ.രാജീവനും ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.വി.ലേഖയും ആർഎംഒ ഡോ.സി.വി.ടി.ഇസ്മയിലും അരികിലെത്തി വിവരങ്ങൾ തിരക്കുമ്പോൾ കൈകൾ കൂപ്പി, നിറഞ്ഞ പുഞ്ചിരിയോടെ മഞ്ജുള എല്ലാവർക്കും നന്ദി പറഞ്ഞു. ചെറിയ ശ്വാസതടസ്സമുള്ളതിനാൽ കുറച്ചു ദിവസം കൂടി ആശുപത്രിയിൽ തുടരേണ്ടിവരും.

കോട്ടയം കുറിച്ചിയിൽ വച്ച് മൂർഖൻ പാമ്പിനെ പിടിക്കുന്നതിനിടെയാണ് വാവ സുരേഷിന് കടിയേറ്റത്. പാമ്പിനെ പിടിച്ച് ചാക്കിലേക്ക് കയറ്റാനായി കുനിഞ്ഞപ്പോൾ നട്ടെല്ലിന്റെ ഭാഗത്ത് വേദന അനുഭവപ്പെട്ടു. അതിലേക്ക് ശ്രദ്ധ പോയപ്പോഴാണ് പാമ്പ് കടിച്ചത്.

ആശുപത്രിയിലേക്കുള്ള യാത്രാമധ്യെ ഹൃദയാഘാതവും തലയിലേക്കുള്ള രക്തപ്രവാഹം കുറഞ്ഞതും അപകടനിലയുണ്ടാക്കി. തൊട്ടടുത്ത ദിവസം പുലർച്ചെ സുരേഷ് സ്വയം ശ്വസിക്കാൻ തുടങ്ങി. ശബ്ദത്തോട് പ്രതികരിക്കുകയും ചെയ്തു. പിന്നീട് വീണ്ടും ആരോഗ്യസ്ഥിതി മോശമായെങ്കിലും ഉച്ചയോടെ മെച്ചപ്പെട്ടു. എട്ട് ദിവസത്തെ വിദഗ്ധ പരിചരണത്തിൽ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതോടെയാണ് വാവ സുരേഷ് വീട്ടിലേക്ക് മടങ്ങിയത്.

സുരേഷ് ജീവിതത്തിലേക്കു മടങ്ങിയതിന്റെ ആശ്വാസത്തിലാണ് കേരളമാകെയും പ്രത്യേകിച്ച് കുറിച്ചി നിവാസികളും. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഒരുപാട് പേരുടെ ദാനമാണ് ഇനിയുള്ള ജീവിതം. തനിക്ക് വേണ്ടി പ്രാർത്ഥിച്ചവർക്കെല്ലാം നന്ദി. ഇനി കുറച്ചുദിവസം വിശ്രമത്തിലാവുമെന്നും വാവ സുരേഷ് പറഞ്ഞിരുന്നു.