കോതമംഗലം: മാങ്കുളത്ത് ആൾക്കൂട്ട ആക്രമണത്തിന് ഇരയായ മക്കാർ നിയമ നടപടിക്ക് ഒരുങ്ങുന്നു. ഇതുവരെ സംഭവത്തെ കുറിച്ച് ഒരക്ഷരം പോലും മിണ്ടാതിരുന്ന മക്കാർ തന്നെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ വൈറലായതോടെയാണ് പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുന്നത്. മീൻ വാങ്ങിയതിന്റെ പൈസ തിരികെ ചോദിച്ചതിനാണ് താൻ ആക്രമണത്തിനിരയായതെന്നും ഇയാൾ പറയുന്നു. അവർ 28000 രൂപയിലേറെ നൽകാനുണ്ടായിരുന്നു. വീട്ടിലെത്തി ചോദിച്ചപ്പോൾ ഇക്ക കള്ളക്കണക്ക് പറയുകയാണെന്ന് വീട്ടമ്മ പറഞ്ഞു. പൈസക്ക് ബുദ്ധിമുട്ടാണെന്നും അപ്പനോട് പണം വാങ്ങി വയ്ക്കാനും പറഞ്ഞിട്ട് തിരിച്ച് പോന്നു. പിന്നാലെ മാങ്കുളത്ത് വച്ച് കുറച്ചു പേർ വണ്ടി തടഞ്ഞ് പണം വേണോടാ എന്ന് ചോദിച്ച് വണ്ടിയിൽ നിന്നും ചവിട്ടി വീഴ്തി മർദ്ദിക്കുക ആയിരുന്നു.എന്നാൽ പൊലീസിൽ പരാതിപ്പെടാതിരുന്നത് പീഡനക്കേസ്സിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണെന്നും മക്കാർ പറഞ്ഞു. ഇനിയെല്ലാം നിയമത്തിന്റെ വഴിക്ക്. കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച ആൾകൂട്ട ആക്രമണ സംഭവത്തിന്റെ വീഡിയോ ദൃശ്യത്തിലെ ഇരുപത്താം മൈൽ താണേലി വീട്ടിൽ മക്കാർ സംഭവത്തിന്റെ പിന്നാമ്പുറത്തെക്കുറിച്ച് വ്യക്തമാക്കിയത് ഇങ്ങിനെ.

അതിഭീകര മർദ്ദനമുറകളിലൂടെയാണ് അക്രമികൾ മക്കാറിനെ നേരിടുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. സാരമായി പരിക്കേറ്റ മക്കാർ മൂന്നു ദിവസത്തോളം മൂവാറ്റുപുഴ നിർമ്മല ആശുപത്രിയിൽ ചികത്സയിലായിരുന്നു. സാമ്പത്തിക ബുദ്ധിട്ട് നേരിട്ടതിനാൽ രണ്ട് ദിവസമായി ചികത്സ കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തെക്കുറിച്ച് മക്കാരിന്റെ വിവരണം ഇങ്ങിനെ. തല്ലിയ ജോർജ്ജിനേയും മകൻ അരുണിനെയും നാല്- അഞ്ച് വർഷമായി അറിയാം. റിസോർട്ടിന്റെയും മറ്റും പണി ഏറ്റെടുത്ത് നടത്തുന്നവരാണ് ഇവർ. പണിക്കാരുള്ളതിനാൽ മിക്ക ദിവസങ്ങളിലും മീൻ വാങ്ങാറുണ്ട്. അഞ്ചും ആറും മാസമൊക്കെ കൂടുമ്പോഴാണ് കണക്ക് തീർക്കുക. ഇതു വരെ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. പണം വേണോടാ എന്ന് ചോദിച്ചായിരുന്നു ഇവർ അടിക്കുകയും ഇടിക്കുകയും തൊഴിക്കുകയുമെല്ലാം ചെയ്തത്. തൊഴിച്ച് റോഡിലിട്ടപ്പോൾ തന്നെ അനങ്ങാൻ പറ്റാത്ത പരുവത്തിലായി. പിന്നീട് റോഡിലിട്ട് ചവിട്ടി കൂട്ടി. ആക്രമണത്തിന്റെ മുഴുവൻ ദൃശ്യങ്ങളും പുറത്തു വന്നിട്ടില്ല. ആക്രമണത്തിന്റെ ഭീകരത കണ്ട് ചിത്രീകരിച്ചിരുന്ന യുവാവ് ഭയന്ന് ഇത് നിർത്തി. പിന്നീട് നടന്നത് ദൃശ്യങ്ങളിൽ കാണുന്നതിനേക്കാൾ ക്രൂരമായിരുന്നു.

സംഭവം പൊലീസിൽ അറിയിച്ചാൽ പീഡനക്കേസ്സിൽ കുടുക്കുമെന്നും കൊല്ലും എന്നൊക്കെയായിരുന്നു അവരുടെ ഭീഷിണി. 40 വർഷത്തോളമായി മീൻ കച്ചവടമാണ് തൊഴിൽ. ഇതുവരെ ഒരു പൊലീസ് കേസിലും പെട്ടിട്ടില്ല. പുറത്തറിഞ്ഞാൽ നാണക്കേടാവുമെന്ന് തോന്നി. അതുകൊണ്ട് അന്ന് പൊലീസ് ചോദിച്ചപ്പോൾ കേസ് വേണ്ടെന്ന് പറഞ്ഞു. ആശുപത്രിയിൽ അഡ്‌മിറ്റായപ്പോൾ അടിച്ച് വീഴിച്ചതാണെന്നാണ് ഡോക്ടറോട് പറഞ്ഞത്. ഇക്കാര്യത്തിൽ ഇനി നിയമ നടപടികളുമായി മുന്നോട്ടു പോകും. മക്കാറിന്റെ മൊഴി പ്രകാരം മുന്നാർ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ മക്കാറിന്റെ വെളിപ്പെടുത്തൽ പ്രകാരം അഞ്ച് പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇവരിൽ 10-ാം മൈൽ സ്വദേശിയായ ജോർജ്ജ് എന്നയാളുടെ മകളുടെ ഭർത്താവ് അരുൺ, ബന്ധു എബിൻ എന്നിവരെ കസ്റ്റഡിയിൽ എടുത്തതായും മുന്നാർ സി ഐ സാം ജോസ് അറിയിച്ചു.

കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്നലെ നാട്ടുകാർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇന്ന് രാവിലെ 11 മുതൽ 12 വരെ ഈ സംഭവത്തിൽ പ്രതിഷേധിച്ച് വ്യാപാരികൾ ഹർത്താൽ ആചരിക്കുകയും ചെയ്തു.